തട്ടത്തുമല നാട്ടുവർത്തമാനം

Saturday, March 6, 2010

ഇയാൻഡാ പി.എസ്.സി കോച്ചിംഗ് സെന്റർ

വനിതകൾക്കു മാത്രം
ഇയാൻഡാ
പി.എസ്.സി കോച്ചിംഗ് സെന്റർ
തട്ടത്തുമല പി.ഒ, തിരുവനന്തപുരം-695614

ബഹുമാന്യരെ,

വനിതകൾക്ക് മാത്രമായി തട്ടത്തുമലയിൽ പി.എസ്.സി കോച്ചിംഗ് സെറ്റർ ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഇതോടൊപ്പം അടിസ്ഥാന ഇംഗ്ലീഷ് ഗ്രാമർ, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയ്ക്കും ക്ലാസ്സുകൾ നൽകുന്നു.

വിവാഹം കഴിഞ്ഞ് ഹൌസ് വൈഫ് മാരായി കഴിയുന്നവർ, ഏതെങ്കിലും തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർ, ഏതെങ്കിലും കോഴ്സുകൾക്ക് പഠിക്കുന്നവർ തുടങ്ങി സമയപരിമിതികൾ ഉള്ളവരടക്കം എല്ലാ വനിതകൾക്കും ഈ സൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

വെള്ളി, ശനി, ഞായർ എന്നീ മൂന്നുദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5 മണി വരെയാണ് ക്ലാസ് സമയം ക്രമീകരിച്ചിരിക്കുന്നത്. തീർച്ചയായും ഇത് മേല്പറഞ്ഞ എല്ലാവർക്കും സൌകര്യപ്രദമായ സമയമാണെന്ന് കരുതുന്നു.

മറ്റൊരു സ്ഥലം ക്രമീകരിക്കുന്നതുവരെ തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ വച്ചായിരിക്കും പി.എസ്.സി കോച്ചിംഗ് ക്ലാസ്സുകൾ നടത്തുന്നത്.

ഫീസ് ഒരു വർഷത്തേയ്ക്ക് 3600 രൂപ

2010 മാർച്ച് 19-ന് ക്ലാസ്സുകൾ ആരംഭിക്കും. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ 2010 മാർച്ച് പത്താം തീയതിക്ക് മുമ്പ് 100 രൂപ പ്രവേശന ഫീസ് അടച്ച് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

e-mail: newstarthattathumala@gmail.com
websites: http://thattathumala.blogspot.com, www.newstarcollege.blogspot.കോം

ഡയറക്ടർ


Thursday, March 4, 2010

യു. കലാനാഥൻ മാസ്റ്ററെ സി.പി. ഐ (എം)-ൽ തിരിച്ചെടുക്കണം

യു. കലാനാഥൻ മാസ്റ്ററെ സി.പി. ഐ (എം)-ൽ തിരിച്ചെടുക്കണം

സജി കറ്റുവട്ടിപ്പണ

2010 ഫെബ്രുവരി 28 തീയതിവച്ച് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കേരള യുക്തിവാദിസംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററുമായുള്ള അഭിമുഖത്തിന്റെ വെളിച്ചത്തിൽ എഴുതുന്നതാണ് ഈ കുറിപ്പ്.

വർഷങ്ങൾക്കു മുമ്പ് മതങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തെ ചൊല്ലി സി.പി.എമ്മിൽ നിന്നും പുറത്താക്കിയ കേരള യുക്തിവാദി സംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററെ പാർട്ടിയിൽ തിരിച്ചെടുക്കണം. ഇതിന് സ. പിണറായി വിജയൻ മുൻ കൈ എടുക്കണം. തീർച്ചയായും സഖാവ് പിണറായിക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള വിവേകം ഉണ്ടെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നു. വി.എസിനും ഇക്കാര്യത്തിൽ കടമയുണ്ട്. മത വിശ്വാസികൾക്ക്പോലും പാർട്ടിയിൽ അംഗമാകാമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിക്ക് മതമില്ലാത്തവർക്ക് പാർട്ടി അംഗത്വം നിഷേധിക്കുന്നത് ശരിയല്ല.

തന്റെമേൽ പാർട്ടി നടപടിയെടുത്തിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സി.പി.എമ്മി നോടുള്ള അചഞ്ചലമായ കൂറ് നിലനിർത്തി പോരുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന കലാനാഥനെ പാർട്ടി അംഗത്വത്തിനു പുറത്തുനിർത്തുന്നത് അദ്ദേഹത്തോട് കാട്ടുന്ന അനാദരവാണെന്ന് നാളെ ചരിത്രം വിലയിരുത്തും. കലാനാഥൻ പാർട്ടിയിൽ നിന്നും പുറത്തു പോകാനുണ്ടായ സാഹചര്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് ഇന്നത്തെ സാഹചര്യം. കലാ‍നാഥനെ പോലെ ഒരാളെ തിരിച്ചെടുക്കുന്നതിൽ പാർട്ടി ആരെയും ഭയക്കേണ്ടതില്ല. അല്ലെങ്കിൽ തന്നെ പാർട്ടി, ആരെ എന്തിനെ ഭയക്കണം?

പാർട്ടി വിശ്വസിച്ച് കൊണ്ടുവന്ന പലരും അധികാരം നഷ്ടപ്പെടുമ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞ് എതിർപക്ഷങ്ങളിലേക്ക് കൂറു മാറുമ്പോഴും ഒന്നും നേടാൻ വേണ്ടി എങ്ങോട്ടും ചാഞ്ചാടാതെ നിന്ന കലാനാഥൻ മാസ്റ്ററെ യുക്തിവാദി ആയി പോയതിന്റെ പേരിൽ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിച്ചു നിർത്തുന്നത് തീരെ ശരിയല്ല. അല്ലെങ്കിൽതന്നെ പാർട്ടിക്കുള്ളിൽ നിൽക്കുന്ന നല്ലൊരു പങ്ക് നേതാക്കളും പ്രവർത്തകരും യുക്തിവാദിസംഘം പ്രവർത്തകർ അല്ലെങ്കിലും സത്യത്തിൽ തികഞ്ഞ യുക്തിവാദികൾ തന്നെയാണ് എന്നതല്ലേ സത്യം?

കൂടാതെ പാർട്ടിയിൽ അംഗത്വവും ചുമതലകളും ഉള്ള എത്രയോ പേർ യുക്തിവാദി സംഘത്തിലും പ്രവർത്തിക്കുന്നു. പിന്നെ അതിന്റെ സംസ്ഥാന പ്രെസിഡന്റിനെ എന്തിനു പാർട്ടിയിൽ നിന്നും പുറത്ത് നിർത്തുന്നു? യുക്തിവാദി സംഘം മതങ്ങളെയും മത സംഘടനകളെയും കാൾ നീചമാണോ?

പാർട്ടിക്ക് നേരിട്ട് നടത്താൻ കഴിയാത്ത പല കാമ്പെയിനുകളും ഏറ്റെടുത്ത് നടത്താൻ കഴിയുന്ന ഒരു പ്രസ്ഥാനമല്ലേ യുക്തിവാദി സംഘം? അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? ഭൂരിപക്ഷം മതവിശ്വാസികൾ ജീവിക്കുന്ന സമൂഹത്തിൽ പാർട്ടിക്കുള്ള പരിമിതികൾ കുറച്ചെങ്കിലും പരിഹരിക്കാൻ സഹായിക്കുന്ന ഒരു സാംസ്കാരിക പ്രസ്ഥാനത്തെ ദോഷൈകദൃഷ്ടിയോടെ നോക്കി കാണുന്നത് ശരിയാണോ?

നോക്കൂ, ബംഗാളിൽ ജ്യോതി ബാസു അടക്കമുള്ള നേതാക്കൾ അവരുടെ കണ്ണുകൾ ദാനം ചെയ്യുകയും മൃതുദേഹങ്ങൾ മെഡിക്കൽ പഠനത്തിനു വിട്ടു കൊടുക്കുകയും ചെയ്തു. യുക്തിവാദികളും ഇതൊക്കെ തന്നെയല്ലേ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അല്പം ആദർശപരമാ‍യ ദുശാഠ്യങ്ങൾ ചില യുക്തിവാദികളിൽ ഉണ്ടായിരിക്കാം. പക്ഷെ ആ ദുശാഠ്യത്തിനുപിന്നിൽ ഉള്ളത് ആശയപരമായ ഒരു ആത്മാർത്ഥതയാണെന്ന സത്യം നമുക്ക് അംഗീകരിച്ചുകൂടെ?

ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവർ മാത്രമല്ല പല കൊടിയ അന്ധവിശ്വാസങ്ങൾ പോലും വച്ചു പുലർത്തുന്ന എത്രയെങ്കിലും ആളുകൾ സി.പി.എം അംഗങ്ങളും നേതാക്കളും പ്രവർത്തകരും ആയിരിക്കുമ്പോഴാണ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്ന അതിന്റെ പേരിൽ കൊടിയ മർദ്ദനങ്ങൾ പോലും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള കലാനാഥൻ മാഷിനെ പോലുൽളളവർ പാർട്ടിയിൽ അംഗത്വമില്ലാത്തതിൽ മനം നൊന്തു കഴിയുന്നത്.

നേരിയ ചില അഭിപ്രായ വ്യത്യാസങ്ങളുടെയും അന്നത്തെ ചില രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെയും സമ്മർദ്ദം കൊണ്ടായിരിക്കണം പതിറ്റാണ്ടുകൾക്ക് മുമ്പ് കലാനാഥനു മേൽ പാർട്ടി നടപടി സ്വീകരിച്ചിട്ടുള്ളത്. അത് തിരുത്താൻ പാർട്ടിക്കും പാർട്ടിയോട് പൊരുത്തപ്പെടാൻ കലാനാഥനും സമയം അതിക്രമിച്ചിരിക്കുന്നു. കലാനാഥൻ അന്ന് പാർട്ടിയിൽ നിന്ന് പുറത്തു പോയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഡൽഹിയിലോ തിരുവനന്തപുരത്തോ എ.കെ. ജി സെന്ററുകളിലോ അതുമല്ലെങ്കിൽ പാർട്ടിയുടേ ഏതെങ്കിലും പ്രസിദ്ധീകരണത്തിലോ പ്രധാനപ്പെട്ട ചുമതലയിൽ ഇരുന്നു കൊണ്ട് വിലപ്പെട്ട സേവനങ്ങൾ പാർട്ടിക്ക് നൽകുമായിരുന്നു.

യുക്തിവാദി സംഘത്തിനുള്ളിൽ പവനനും കലാനാഥനും ചിലപ്പോഴൊക്കെ ചർച്ചകളിലും ഡിബേറ്റുകളിലും മറ്റും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ കോഴിക്കോട്ട് യുക്തിവാദി സംഘം സമ്മേളനം നടക്കുമ്പോൾ പ്രതിനിധികളുടെ ചർച്ചയിൽ ചില പ്രതിനിധികൾ അതിരുവിട്ട് സംഘം ഭാരവാഹിയായ കലനാഥൻ മാസ്റ്ററെ വിമർശിച്ചപ്പോൾ പവനൻ സാർ രോഷത്തോടെ ചാടിയെഴുന്നേറ്റ് ആ പ്രതിനിധികളെ ശാസിച്ചത് ഈയുള്ളവൻ ഓർക്കുന്നു.

അന്ന് പവനൻ പറഞ്ഞത് യുക്തിവാദി സംഘം ഉപേക്ഷിച്ച് പാർട്ടിയിൽ നിന്നിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ഉന്നതമായ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് ഈ ദുർബലമായ പ്രസ്ഥാനം കൊണ്ടു നടക്കുന്ന കലാനാഥനെക്കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നാണ്. പവനൻ അത് അല്പം കടുപ്പിച്ച് തന്നെ പറയുകയുണ്ടായി. യുക്തിവാദി സംഘത്തിന് കലാനാഥനോടുള്ള കടപ്പാട് പവനന്റെ ആ വാക്കുകളിൽ ഉണ്ടായിരുന്നു. പവനസാർ അന്നു പറഞ്ഞതുപോലെ നിശ്ചയമായും പാർട്ടിനേതൃത്വത്തിൽ തിരക്കുള്ളൊരു ചുമതല കലാനാഥൻ മാഷിനു ലഭിക്കുമായിരുന്നു.

എന്തൊക്കെ താൽക്കാലികമായ തിരിച്ചടികൾ ഉണ്ടായാലും തീർച്ചയായും സി.പി.എമ്മിലും അതു നേതൃത്വം കൊടുക്കുന്ന ഇടതുപഷത്തിലും മാത്രമാണ് മാനവികതയിൽ വിശ്വസിക്കുന്ന ആർക്കും പ്രതീക്ഷകൾ ഉള്ളത്. അതുകൊണ്ട് സി.പി.എം കുറച്ചുകൂടി അവസരത്തിനൊത്ത് ഉയരാനും നിലപാടുകളിൽ കുറച്ചുകൂടി ചങ്കൂറ്റം കാണിക്കാനും തയ്യാറാകണം. മതങ്ങളെ ഭയന്ന് പുരോഗമനാശയങ്ങൾ വച്ചു പുലർത്തുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ശത്രുപക്ഷത്തു നിർത്തുന്ന സമീപനം പാർട്ടിക്ക് സ്വീകരിച്ചു കൂട. ഇതൊരു അപേക്ഷയാണ്.

സ.കലാനാഥൻ മാസ്റ്റർ ഇന്നും വിശ്വസിക്കുന്ന സി.പി.ഐ (എം) -ൽ അദ്ദേഹത്തിന് അംഗത്വം നൽകണം. അത് പാർട്ടിയുടെ കടമയാണ്. ഒരു പാർട്ടി അംഗമെന്ന നിലയിൽതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഈ സായന്തനങ്ങൾ പ്രയോജനപ്പെടുത്താൻ അവസരം നൽകണം. പ്രത്യേകിച്ചും സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ബുദ്ധിപരമായ സേവനങ്ങൾ പാർട്ടിക്ക് ഇനിയും ഒരു മുതൽക്കൂട്ടായിരിക്കും.

മാത്രവുമല്ല മാർക്സിസം അരച്ചു കലക്കി കുടിച്ച ഒരു അടിയുറച്ച മാർക്സിസ്റ്റുകാരനാണ് അദ്ദേഹം. മാനവികതയുടെ മൂർത്തരൂപമെന്നു വിശേഷിപ്പിക്കാവുന്ന ഈ നല്ല മനുഷ്യനെ പാർട്ടി അവഗണിച്ച് സ്വയം തെറ്റു തുടരുന്നതെന്തിന്? അതുകൊണ്ട് മാഷിനോട് പാർട്ടി ഉടൻ നീറ്റി ചെയ്യുക. തീർച്ചയായും അതിനുള്ള ആർജ്ജവം സി.പി.ഐ (എം)-നുണ്ട്; ഉണ്ടാകണം!

2010 മാര്‍ച്ച്‌ വാര്‍ത്തകള്‍

വനിതകൾക്കു മാത്രം
ഇയാൻഡാ
പി.എസ്.സി കോച്ചിംഗ് സെന്റർ
തട്ടത്തുമല പി.ഒ, തിരുവനന്തപുരം-695614

വനിതകൾക്ക് മാത്രമായി തട്ടത്തുമലയിൽ പി.എസ്.സി കോച്ചിംഗ് സെറ്റർ ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഇതോടൊപ്പം അടിസ്ഥാന ഇംഗ്ലീഷ് ഗ്രാമർ, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയ്ക്കും ക്ലാസ്സുകൾ നൽകുന്നു.

വിവാഹം കഴിഞ്ഞ് ഹൌസ് വൈഫ് മാരായി കഴിയുന്നവർ, ഏതെങ്കിലും തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർ, ഏതെങ്കിലും കോഴ്സുകൾക്ക് പഠിക്കുന്നവർ തുടങ്ങി സമയപരിമിതികൾ ഉള്ളവരടക്കം എല്ലാ വനിതകൾക്കും ഈ സൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

വെള്ളി, ശനി, ഞായർ എന്നീ മൂന്നുദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5 മണി വരെയാണ് ക്ലാസ് സമയം ക്രമീകരിച്ചിരിക്കുന്നത്. തീർച്ചയായും ഇത് മേല്പറഞ്ഞ എല്ലാവർക്കും സൌകര്യപ്രദമായ സമയമാണെന്ന് കരുതുന്നു.

മറ്റൊരു സ്ഥലം ക്രമീകരിക്കുന്നതുവരെ തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ വച്ചായിരിക്കും പി.എസ്.സി കോച്ചിംഗ് ക്ലാസ്സുകൾ നടത്തുന്നത്.

ഫീസ് ഒരു വർഷത്തേയ്ക്ക് 3600 രൂപ

2010 മാർച്ച് 19-ന് ക്ലാസ്സുകൾ ആരംഭിക്കും. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ 2010 മാർച്ച് പത്താം തീയതിക്ക് മുമ്പ് 100 രൂപ പ്രവേശന ഫീസ് അടച്ച് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

e-mail: newstarthattathumala@gmail.com
websites: http://thattathumala.blogspot.com, www.newstarcollege.blogspot.കോം


കല്ല്യാണം


തട്ടത്തുമല മാർച്ച് 21: പരേതനായ മറവക്കുഴി ബദർ സാറിന്റെ മകളുടെ വിവാഹം നിലമേൽ ഷാലിമാർ ആഡിറ്റോറിയത്തിൽ ഇന്ന് നടന്നു.

മരണം


തട്ടത്തുമല, മാർച്ച് 3: മണലേത്തുപച്ച സുധീറിന്റെ അച്ഛൻ (കൊച്ചുവിള സോമന്റെ ജ്യേഷ്ഠൻ) മരണപ്പെട്ടു.

സി.പി.എം മറവക്കുഴി ബ്രാഞ്ച് സെക്രട്ടറി

തട്ടത്തുമല, മാർച്ച് 3: സി.പി.ഐ.(എം) തട്ടത്തുമല മറവക്കുഴി ബ്രാഞ്ച് കമ്മിറ്റി ഇന്ന് ചേർന്ന് ആക്ടിംഗ് സെക്രട്ടറിയായി എസ്. സലീമിനെ ഐകകണ്ഠേന തെരഞ്ഞെടുത്തു. നിലവിലെ ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറി ജയകുമാറിന് ഏതാനും നാളത്തേയ്ക്ക് സമയ പരിമിതികൾ ഉണ്ടെന്ന് അറിയിച്ചതിനാലാണ് സലിമിന് ചുമതല നൽകിയത്.

മരണം

തട്ടത്തുമല, മാർച്ച് 4: മറവക്കുഴിയിൽ ശ്രീ. ദാമോദരപിള്ള അവർകളുടെ മകൾ ഗിരിജയുടെ ഭർത്താവ് മരണപ്പെട്ടു. വീട്ടിനു സമീപം തൂങ്ങി മരിച്ച് നിൽക്കുന്നതായാണ് കാണപ്പെട്ടത്.

കല്ല്യാണം

തട്ടത്തുമല, മാർച്ച് 4: തട്ടത്തുമല വട്ടപ്പാറ ചേക്കോട്ടുവിള വീട്ടിൽ പരേതനായ വാളക്കാടൻ മാമയുടെ മകൻ സുലൈമാൻ തൊളിക്കുഴിയിൽ വച്ച് വിവാഹിതനായി.

Wednesday, February 17, 2010

ഗണപതിപ്പാറ ഗജമേള


ഗണപതിപ്പാറ ഗജമേള

തട്ടത്തുമല, 2010 ഫെബ്രുവരി 17: തട്ടത്തുമല കൈലാസം ഗണപതിപ്പാറ ശക്തിഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉതൃട്ടാതി മഹോത്സവത്തോടനുബന്ധിച്ച് മുപ്പത്തിയാറ് ആനകൾ പങ്കെടുത്ത വർണ്ണാഭമായ ഗജമേള ഇന്ന് നടന്നു. മണലേത്തുപച്ച ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഗജ ഘോഷ യാത്ര തട്ടത്തുമല ജംഗ്ഷനിൽ എത്തി നാടൻ കലാമേളകളുടെ അകമ്പടിയോടു കൂടി ക്ഷേത്രാങ്കണത്തിലേയ്ക്ക് പോയി. ഇന്നലെ (ഫെബ്രുവരി 16) -ന് ആരംഭിച്ച ഉതൃട്ടാതി മഹോത്സവം ഇന്ന് (ഫെബ്രുവരി 17 ) ന് സമാപിക്കും.















Tuesday, February 9, 2010

തിലകവിവാദം എങ്ങോട്ട് ?


തിലകന് ഊരുവിലക്ക് !


ഒരാൾ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിൽ അംഗമാണെന്നിരിയ്ക്കട്ടെ. ആ പാർട്ടിയുടെ നയപരിപാടികൾക്കും അച്ചടക്കത്തിനും വിരുദ്ധമായി പ്രവർത്തിച്ചാൽ ആ രാഷ്ട്രീയ പാർട്ടിയ്ക്ക് ആ അംഗത്തിന്റെ പേരിൽ ശിക്ഷാനടപടികൾ സ്വീകരിക്കാം.തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ പുറത്തും ആക്കാം. എന്നാൽ ആ വ്യക്തിയെ രാഷ്ട്രീയത്തിൽനിന്നുതന്നെ പുറത്താക്കാൻ ആ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് അവകാശമുണ്ടോ? ആ വ്യക്തിയെ പിന്നീട് ഒരു രാഷ്ട്രീയപാർട്ടിയിലും ചേർക്കരുതെന്ന് പറയാൻ പുറത്താക്കിയ ആ പാർട്ടിയ്ക്ക് കഴിയുമോ?


അഥവാ പറഞ്ഞാൽ തന്നെ മറ്റു പാർട്ടികൾ അത് അംഗീകരിക്കുമോ? അങ്ങനെ അംഗീകരിയ്ക്കാൻ മറ്റു പാർട്ടികൾ ബാദ്ധ്യസ്ഥമാണോ? ഇല്ല എന്നതാണ് ഇതിന്റെ ലളിതമായ ഉത്തരം. ഒരു പാർട്ടിയിൽ നിന്ന്‌ പുറത്താക്കപ്പെട്ട അംഗത്തിന് മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കുകയോ അതുമല്ലെങ്കിൽ സ്വതന്ത്രമായി നിന്നുകൊണ്ടു തന്നെയോ വിവിധ തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനം തുടരാവുന്നതാണ്. അത് ഒരു വ്യക്തിയുടെ ജനാധിപത്യപരമായ അവകാശമാണ്. അതിനു തടയിടാൻ ആ‍ർക്കും അവകാശമില്ല.


അതുപോലെ ഏതെങ്കിലും ഒരു തൊഴിൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളെ ആ തൊഴിലുമായോ തൊഴിൽ സ്ഥാപനവുമായോ ബന്ധപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ആ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ കഴിയും. എന്നാൽ ആ നടപടിയ്ക്ക് വിധേയനായ തൊഴിലാളിയ്ക്ക് ആ കമ്പനിയിൽ ചെയ്തിരുന്ന തൊഴിൽ മറ്റൊരിടത്തും നൽകാൻ പാടില്ലെന്ന് പറയാൻ പിരിച്ചു വിട്ട കമ്പനിയ്ക്ക് കഴിയുമോ? അങ്ങനെ പറഞ്ഞാൽത്തന്നെ അതാരെങ്കിലും അനുസരിക്കുമോ? അഥവാ അനുസരിക്കാൻ ബാധ്യതയുണ്ടോ? ഇല്ല എന്നതു തന്നെ ഇതിന്റെയും ലളിതമായ ഉത്തരം.


ഏതാണ്ട് ഇതുപോലെ ചില ചോദ്യങ്ങൾ ഉയർത്താവുന്ന ഒരു വിഷയമാണ് മലയാളത്തിലെ മഹാനടനായ തിലകനു സിനിമാരംഗത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ഊരുവിലക്ക് “സംരംഭവും”! മതങ്ങൾ പോലും ഇപ്പോൾ എത്ര ഗുരുതരമായ വിശ്വാസലംഘനം നടത്തിയാലും ഊരു വിലക്കാൻ ധൈര്യപ്പെടില്ല. അഥവാ അങ്ങനെ ആരെയെങ്കിലും വിലക്കിയാലും ആരും അത് കാര്യമാക്കാനും പോകുന്നില്ല. കാലമൊക്കെ മാറി. പക്ഷെ നമ്മുടെ മലയാള സിനിമാലോകം ഇപ്പോഴും ഊരുവിലക്കിന്റെ യുഗത്തിലാണ് ജീവിക്കുന്നതെന്നു തോന്നുന്നു.


ഏതോ ഒരു വിലക്കപ്പെട്ട സംവിധയകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ തിലകനെ ഒരു സിനിമയിലും ഇനി അഭിനയിപ്പിക്കാൻ പാടില്ലത്രേ! അങ്ങനെ ഊരുവിലക്കാൻ മാത്രം ധൈര്യമുള്ള സംഘടനകൾ മലയാള സിനിമാരംഗത്ത് ഉണ്ടായിരിക്കുന്നു എന്നു പറയുമ്പോൾ, സംഘടനകൾ വളരുന്നത് നല്ലതുതന്നെ; പക്ഷെ അത് ആരുടെയെങ്കിലും സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടിയാണെന്നു വന്നാൽ അത് പ്രോത്സാഹന ജനകമല്ല. മതാധിപത്യം പോലെ ഏതെങ്കിലും തരത്തിലുള്ള ആധിപത്യങ്ങൾ സ്ഥാപിക്കുവാനാകരുത് ജനാധിപത്യസംഘടനകൾ ഒന്നും.


ഇവിടെ അതുല്യനായ മഹാനടൻ തിലകൻ അദ്ദേഹത്തിന് സിനിമാലോകത്തുനിന്ന് ഉണ്ടായ ഒരു തിക്താനുഭവത്തിനെതിരെ അതിശക്തമായി പ്രതികരിക്കുകയാണ്. ഒപ്പം വളരെ ഗുരുതരമായ ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുന്നു. ചിലതൊക്കെ അതീവ ഗൌരവമുള്ളതുകൊണ്ടാകാം മറച്ചു വയ്ക്കുവാനും അദ്ദേഹം ശ്രമിക്കുന്നു. പേരു പറയാതെ ചില സൂപ്പർസ്റ്റാറുകളിലേയ്ക്കും അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ മുൾമുന നീണ്ടു പോകുന്നു. എന്നാൽ ഇതുവരെ ഈയുള്ളവന്റെ അറിവിൽ തിലകൻ ഉന്നയിച്ച പ്രശ്നത്തോട് ബന്ധപ്പെട്ട ആരും കാര്യമായി പ്രതികരിച്ചിട്ടില്ല. അഥവാ കുറ്റകരമായ അവഗണന പുലർത്തുന്നു എന്നു വേണം കരുതാൻ.


ഈ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള മദ്ധ്യസ്ഥതയ്ക്കോ മറ്റോ ആരെങ്കിലും ശ്രമിക്കുന്നതായും അറിയാൻ കഴിഞ്ഞില്ല. ആരൊക്കെയോ ആരെയൊക്കെയോ ഭയപ്പെടുന്നതായി തോന്നുന്നു. തിലകനു പിന്തുണയുമായി മലയാള സിനിമാരംഗത്തുനിന്ന് അധികമാരും മുന്നോട്ടു വരുന്നതായി കാണുന്നില്ല. അതുകൊണ്ടു തന്നെ എല്ലവരും ആരെയൊക്കെയോ, എന്തിനെയൊക്കെയോ ഭയക്കുന്നതായിത്തന്നെ കരുതണം. മറ്റൊന്ന്, തിലകൻ അദ്ദേഹത്തെ വിഷമിപ്പിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണെന്നറിയാമെങ്കിൽ എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താതെ അതു തുറന്നു പറയാൻ തയ്യാറാകണം.


സിനിമാരംഗത്തെ ഉള്ളുകള്ളികളെക്കുറിച്ച് പുറത്തു നിൽക്കുന്നവർക്ക് അധികം അറിയില്ല. തിലകൻ എന്തെങ്കിലും തെറ്റു ചെയ്തോ ഇല്ലയോ എന്നതും പുറത്തുള്ള കലാസ്നേഹികൾക്ക് ഒരു പ്രശ്നമല്ല. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുവാൻ വേറെ പല മാന്യമായ മാർഗ്ഗങ്ങളും ഉണ്ട്. ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന, ഇനിയും ഏറെ പ്രതീക്ഷിക്കുന്ന ഒരു മഹാനടനെ വേദനിപ്പിക്കുക എന്നു പറഞ്ഞാൽ ആ നടനെ ഇഷ്ടപ്പെടുന്ന എല്ലാവരെയും വേദനിപ്പിക്കുന്നതിനു തുല്യമാണ്. അതും ഏറെ പ്രായവും, അതിനൊത്ത സമ്പത്തുള്ള ഒരു മനുഷ്യൻ.


ഇനി ഒരാളെ നന്നാക്കാനാണ് ഏതെങ്കിലും തരത്തിലുള്ള നടപടിയെങ്കിൽതന്നെ ജീവിതത്തിന്റെ സായന്തനത്തിൽ എത്തി നിൽക്കുന്ന ഒരു മനുഷ്യനോട് ഇത്രയധികം ക്രൂരത ചെയ്യണോ? ഇനിയും നല്ല ആരോഗ്യത്തോടെ ശേഷിക്കുന്ന കാലത്തോളം ഈ അഭിനയപ്രതിഭയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയല്ലേ വേണ്ടത്? തിലകനെ പോലെ ഗുരുതുല്യനായ ഒരു നടനോട് ഇപ്പോൾ ഇവർ ഈ കാണിക്കുന്നത് ഒരു ഗുരുനിന്ദയല്ലേ? അത്രയും വേണോ എന്ന് മലയാള സിനിമാരംഗത്തുള്ളവർ- അവർ എത്ര ഉഗ്രപ്രതാപികൾ ആണെങ്കിലും- ഒന്നു പുനർവിചിന്തനം നടത്തുന്നതു കൊണ്ട് ആരും ചെറുതായി പോകില്ല. തിലകൻ ചേട്ടന്റെ പ്രശ്നം ആരാലെങ്കിലും ഉടൻ പരിഹരിക്കപ്പെടട്ടെയെന്ന് ആശംസിക്കുന്നു.

Sunday, February 7, 2010

2010 ഫെബ്രുവരി വാർത്തകൾ

2010 ഫെബ്രുവരി വാർത്തകൾ

വിവാഹം

തട്ടത്തുമല, ഫെബ്രുവരി 21: പെരുംകുന്നം എസ്.എസ് മൻസിലിൽ ബദറുദീന്റെയും, സൌദാബീവിയുടെയും മകൻ സുധീറും, തലവിള കുടവൂർ എസ്.എൻ മൻസിലിൽ ഷറഫുദീന്റെയും, ആരിഫാ ബീവിയുടെയും മകൾ നുസ്റത്തും തമ്മിലുള്ള വിവാഹം ഫെബ്രുവരി 21-ന് കാട്ടുചന്ത വി.കെ.ആർ ആഡിറ്റോറിയത്തിൽ.

ഉത്സവം

തട്ടത്തുമല, 2010 ഫെബ്രുവരി 18: നെടുമ്പാറ ആയിരവില്ലി ക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി 18, 19.

മരണം

കിളിമാനൂർ, ഫെബ്രുവരി 18: ഫ്രാക്ക് ( ഫെഡറേഷൻ ഓഫ് ദ റെസിഡന്റ്സ് അസോസിയേഷൻ കിളീമാനൂർ) ജനറൽ സെക്രട്ടറി ബേബിഹരീന്ദ്രദാസിന്റെ അമ്മ മരണപ്പെട്ടു.

മരണം

ആലംകോട്‌, ഫെബ്രുവരി 18 : തട്ടത്തുമല മറവക്കുഴി സുൽഫിക്കറിന്റെ (ആലുമ്മൂട്) ഭാര്യാ സഹോദരൻ അപകടത്തിൽ മരിച്ചു(ആലംകോട്).

ഉത്സവം

തട്ടത്തുമല, 2010 ഫെബ്രുവരി 17: തട്ടത്തുമല കൈലാസം ഗണപതിപ്പാറ ശക്തിഗണപതി ക്ഷേത്രത്തിലെ വർഷത്തെ ഉതൃട്ടാതി മഹോത്സവത്തോടനുബന്ധിച്ച് മുപ്പത്തിയാറ് ആനകൾ പങ്കെടുത്ത വർണ്ണാഭമായ ഗജമേള ഇന്ന് നടന്നു. മണലേത്തുപച്ച ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഗജ ഘോഷ യാത്ര തട്ടത്തുമല ജംഗ്ഷനിൽ എത്തി നാടൻ കലാമേളകളുടെ അകമ്പടിയോടു കൂടി ക്ഷേത്രാങ്കണത്തിലേയ്ക്ക് പോയി. ഇന്നലെ (ഫെബ്രുവരി 16) -ന് ആരംഭിച്ച ഉതൃട്ടാതി മഹോത്സവം ഇന്ന് (ഫെബ്രുവരി 17 ) ന് സമാപിക്കും.


വിവാഹം

ജാസ്നയും ഫിറോസ്ഖാനും

തട്ടത്തുമല: തട്ടത്തുമല ജാസ്മിൻ മൻസിലിൽ അബ്ദുൽജബ്ബാറിന്റെയും ആരിഫാജബ്ബാറിന്റെയും മകൾ ജാസ്നയും കഴക്കൂട്ടം ഫിറോസ് മൻസിലിൽ റഫീക്കിന്റെയും സുഹ്‌റാ റഫീക്കിന്റെയും മകൻ ഫിറോസ്ഖാനും തമ്മിലുള്ള വിവാഹം 2010 ഫെബ്രുവരി 14 ഞായറാഴ്ച കിളിമാനൂർ ടൌൺ ഹാളിൽ. (“കാട്ടുചന്തമാമ“ യുടെ ചെറുമകളാണ് ജാസ്ന.)


മരണം

ശ്രീ. ഭുവനചന്ദ്രൻ മരണപ്പെട്ടു.

തട്ടത്തുമല, ഫെബ്രുവരി 6: തട്ടത്തുമല പെരുംകുന്നം കുന്നിൽ വാസുദേവൻ അവർകളുടെ മരുമകൻ ( മകളുടെ ഭർത്താവ്) തട്ടത്തുമല മണലേത്തു പച്ച ജംഗ്ഷനിൽ താമസിക്കുന്ന ഭുവനചന്ദ്രൻ നായർ ഹൃദയാഘാദം മൂലം മരണപ്പെട്ടു.

മതപ്രഭാഷണം

തട്ടത്തുമല, ഫെബ്രുവരി 5: തട്ടത്തുമല മുസ്ലിം ജമാ-അത്ത് പള്ളിയില്‍ ഇന്ന് മുതല്‍ ഏതാനും ദിവസത്തേയ്ക്ക് മതപ്രഭാഷണ പരമ്പര ആരംഭിച്ചു.

മരണപ്പെട്ടു

തട്ടത്തുമല, ഫെബ്രുവരി 4: തട്ടത്തുമല ശാസ്താം പൊയ്ക എസ്.എൻ എന്നറിയപ്പെടുന്ന സാജുദീന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് നിലമേലുള്ള സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ഇന്നലെയാണ് ബോഡി ആളുകൾ കണ്ടത്. മരണം നടന്ന ദിവസം കൃത്യമായി അറിയില്ല. കടയ്ക്കൽ ഗവർണ്മെന്റ് ആശുപത്രിയിൽ പോസ്റ്റു മാർട്ടത്തിനു ശേഷം ചടയമംഗലം മുസ്ലിം ജമാ-അത്ത് പള്ളി ഖബർ സ്ഥാനിൽ ഇന്ന് ഉച്ച കഴിഞ്ഞ് ഖബറടക്കം നടന്നു.


വിവാഹങ്ങള്‍

റാസിയും സജ്മിയും

വട്ടപ്പാറ: തട്ടത്തുമല വട്ടപ്പാറ റാസി മൻസിലിൽ ഷാഹുൽ ഹമീദിന്റെയും ഖദീജയുടെയും മകൻ റാസിയും പോങ്ങനാട് ആരൂർ മുളയ്ക്കലത്തുകാവ് പള്ളിക്കുന്നിൽ വീട്ടിൽ മുഹമ്മദ് റഷീദിന്റെയും ബീമയുടെയും മകൾ സജ്മിയും തമ്മിലുള്ള വിവാഹം 2010 ഫെബ്രുവരി 1 തിങ്കളാഴ്ച കിളിമാനൂർ ശ്രീലക്ഷ്മി ആഡിറ്റോറിയത്തിൽ (മുൻ എസ്.എൻ.വി തിയേറ്റർ). എസ്.എൻ.വി തിയേറ്റർ ഹാളാക്കിയ ശേഷം രണ്ടാമത്തെ കല്യാണമാണിത്. കെ.എസ്.എഫ്.ഇ കിളിമാനൂർ ശാഖയിലെ കളക്ഷൻ ഏജന്റാണ് റാസി.

Tuesday, February 2, 2010

കൊച്ചിൻ ഹനീഫയ്ക്ക് ആദരാഞ്ജലികൾ!

അന്തരിച്ച
പ്രശസ്ത ചലച്ചിത്ര നടൻ
കൊച്ചിൻ ഹനീഫയ്ക്ക്
ആദരാഞ്ജലികൾ!