തട്ടത്തുമല നാട്ടുവർത്തമാനം

Monday, February 20, 2012

സി.എൻ.ദേവദാസ് അന്തരിച്ചു


സി.എൻ.ദേവദാസ് അന്തരിച്ചു


കിളിമാനൂർ, 2012 ഫെബ്രുവരി 19: കെ. എസ്. ടി. എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായിരുന്ന സി.എൻ.ദേവദാസ് (ദേവന്‍ സാര്‍) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഒരുപാട് വർഷങ്ങൾക്കു മുമ്പ് തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ യു.പി സ്കൂൾ അദ്ധ്യാപകനായിരുന്നു. പിന്നീട് സ്ഥലം മാറി പോയ അദ്ദേഹം വിവിധ സ്കൂളുകളിൽ സേവനം നടത്തി. തിരുവനന്തപുരം നഗരത്തിലെ വലിയതുറയിലുള്ള ഒരു കടൽത്തീര സർക്കാർസ്കൂളിൽനിന്നാണ് അദ്ദേഹം പെൻഷനായത്. സാറിന്റെ അദ്ധ്യാപകജീവിതം മാതൃകാപരവും സംഭവഹഹുലയമായിരുന്നു.

അദ്ധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ സ്ഥാനം വഹിച്ചിട്ടുള്ള ആളാണ് സി.എൻ.ദേവദാസ്. മികച്ച സംഘാടകനും വാഗ്‌മിയും കലാകാരനും ആയിരുന്ന സി.എൻ.ദേവദാസ് അദ്ധ്യാപകപ്രസ്ഥാനത്തിന്റെ രൂപീകരണകാലം മുതൽ അതിൽ സജീവമായിരുന്നു. വർഷങ്ങൾക്കു മുമ്പ് അന്യായമായി ഒരു സ്കൂൾ അദ്ധ്യാപകനെ പിരിച്ചു വിട്ടതിനെതിരെ അദ്ദേഹം ആറ്റിങ്ങൽ ഡി.ഇ.ഓ ഓഫീസിൽ നടത്തിയ നിരാഹാരസമരവും തുടർന്നുണ്ടായ സമരസംഭവവികാസങ്ങളും ഐതിഹാസികമായിരുന്നു. തിരുവനന്തപുരത്ത് നടുറോഡിൽ വച്ച് അദ്ധ്യാപകർ വനിതാ ഡി.ഇ.ഓയെ തടഞ്ഞുവച്ച് സ്ഥലം മാറ്റ ഉത്തരവ് ക്യാൻസൽ ചെയ്യിക്കുന്നതുവരെയെത്തിയിട്ടാണ് സി.എൻ. നിരാഹാരസമരം അവസാനിപ്പിച്ചത്. സി.എൻ. ദേവദാസിന്റെ ആ നിച്ഛയ ദാർഢ്യം ഇന്നും ജനിപ്പിക്കുന്നതാണ്. അദ്ധ്യാപകർ മാത്രമല്ല, കുട്ടികളും രക്ഷകർത്താക്കളും ആ സമരത്തിന് അന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറ്റിങ്ങലിൽ എത്തിയിരുന്നു. സി.എൻ. തട്ടത്തുമല സ്കൂളിൽ അദ്ധ്യാപകനായിരിക്കേയാണ് ഐതിഹാസികമായ ആ സമരം നടന്നത്.

കെ.ജി.ടി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് കെ.ജി.ടി.എയും എയിഡഡ് സ്കൂൾ അദ്ധ്യാപക സംഘടനയായ കെ.പി.റ്റി.യുവും ഒന്നുചേർന്ന് കെ.എസ്.ടി.എ രൂപീകരിച്ചത്. തുടർന്ന് അദ്ദേഹം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റാവുകയും തത്സ്ഥാനത്തിരികവേ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു. ഇരു സംഘടനകളുടെയും ലയനം നടന്നിരുന്നില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം കെ.എസ്.ടി.എയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയോ സംസ്ഥാന പ്രസിഡന്റോ ആകുമായിരുന്നു.ചെറുപ്പകാലത്ത് നാടകനടനും സാംസ്കാരിക പ്രവർത്തകനും ആയിരുന്നു. സർവീസിൽ നിന്നും വിരമിച്ചശേഷവും അദ്ദേഹം പൊതുരംഗത്ത് സജീവമായി. സർവീസ് ജീവിതം അവസാനിച്ചതോടെ തിരുവനന്തപുരത്തുന്ന് വീണ്ടും ജന്മനാടായ കിളിമാനൂരിലേയ്ക്ക് താമസം മാറി.

തുടർന്ന് കേരളത്തിൽ ജനകീയാസൂത്രണത്തിനു തുടക്കം കുറിക്കുമ്പോൾ അദ്ദേഹം കിളിമാനൂർ ബ്ലോക്കിന്റെ ചുമതലയുള്ള സംസ്ഥാന റിസോഴ്സ് പേഴ്സൺ ( കെ.ആർ.പി) ആയി സേവനമനുഷ്ടിച്ചു. അപ്പോൾ ഈ ലേഖകൻ അദ്ദേഹത്തിന്റെ വീടുൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ ചുമതലയുള്ള ജില്ലാ റിസോഴ്സ് പേഴ്സൺ (ഡി.ആർ.പി) ആയിരുന്നു. അതിനാൽ അദ്ദേഹവുമായി കൂടുതൽ അടുത്ത് ഇടപഴകാൻ കഴിഞ്ഞു. സർവ്വീസിൽ നിന്നും വിരമിച്ചശേഷം അദ്ദേഹം സി.പി.ഐ.എം കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റിയിയിലായി. അസുഖബാധിതനായ ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരിക്കാൻ അദ്ദേഹത്തിനു കഴിയാതായി. എങ്കിലും കഴിഞ്ഞ ടേം വരെയും അദ്ദേഹം പാർട്ടിയുടെ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

സ്കൂള്‍ അദ്ധ്യാപികയായിരുന്ന ഭാര്യ രാധയും രണ്ട് ആൺ‌മക്കളും അടങ്ങുന്നതാണ് കുടുംബം.കേരളഭൂഷണം പത്രത്തിൽ ജോലിനോക്കുന്ന മൂത്തമകൻ ശരത്ത് നിയമ ബിരുദധാരിയും, ലണ്ടനിലുള്ള ഇളയമകൻ സരിത്ത് എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ്. പിറ്റേന്ന് (ഫെബ്രുവരി 20) വിദേശത്തുള്ള (ലണ്ടൻ) രണ്ടാമത്തെ മകൻ നാട്ടിലെത്തിയശേഷം തിരുവനന്തപുരം തൈയ്ക്കാട് വൈദ്യുതി ശ്മശാനത്തിലാണ് മൃതുദേഹം സംസ്കരിക്കുന്നത്. ആചാരങ്ങളൊന്നും പാടില്ലെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. റീത്തുപോലും സമർപ്പിക്കേണ്ടതില്ലെന്നും കാലേക്കൂട്ടി അദ്ദേഹം പറഞ്ഞുവച്ചിരുന്നു. ഇക്കാര്യങ്ങൾ ബന്ധുക്കളും പാർട്ടി പ്രവർത്തകരും പാലിച്ചു. ഇതറിയാതെ കൊണ്ടുവന്ന റീത്തുകൾ വീട്ടുവളപ്പിൽ ഒരറ്റത്ത് നിരത്തി വച്ചു. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകം‌പള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ കിളിമാനൂരിലിള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

No comments: