തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, February 7, 2012

സി.പി.ഐ.എം പതാകജാഥയ്ക്ക് തട്ടത്തുമലയിൽ വമ്പിച്ച സ്വീകരണം

സി.പി.ഐ.എം പതാകജാഥയ്ക്ക് തട്ടത്തുമലയിൽ വമ്പിച്ച സ്വീകരണം

തട്ടത്തുമല, 2012 ഫെബ്രുവരി 6 : 2012 ഫെബ്രുവരി 7 മുതൽ പത്ത് വരെ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ നേതൃത്വത്തിലുള്ള പതാക ജാഥയ്ക്ക് തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ ഗംഭീര വരവേല്പ് നൽകി. കടകം‌പള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, ആനാവൂർ നാഗപ്പൻ, വി.കെ.മധു, കോലിയക്കോട് കൃഷ്ണൻ നായർ, എ. സമ്പത്ത് എം.പി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആവേശത്തിമിർപ്പിലായിരുന്ന വൻജനാവലിയെ സാക്ഷിനിർത്തി ജാഥയെ തിരുവനന്തപുരം ജില്ലയിലേയ്ക്ക് ആനയിക്കുകയായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ വച്ച് കഥകളിയാചാര്യൻ മടവൂർ വാസുദേവൻ ജാഥാക്യാപ്റ്റൻ ഇ.പി.ജയരാജന് സ്വീകരണം നൽകി.

ആറാം തീയതി രാവിലെ എട്ട് മണിയോടെതന്നെ നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളും തട്ടത്തുമല ജംഗ്ഷനിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. പത്ത് മണിയായപ്പോഴേയ്ക്കും വൻജനാവലിയായി. വർദ്ധിച്ച ജനപങ്കാളിത്തം കൊണ്ട് സ്വീകരണ പരിപാടി ശ്രദ്ധേയമായി. റെഡ് വാളണ്ടിയർ മാർച്ച്, കായിക വേഷം ധരിച്ച് അത്‌ലറ്റുകളുടെ കൂട്ട ഓട്ടം, ബാൻഡ് മേളം, ചെണ്ടമേളം, കഥകളിവേഷങ്ങൾ, മറ്റ് നാടൻ കലാരൂപങ്ങൾ മുതലായവ പരിപാടിക്ക് ഉത്സവച്ഛായ പകർന്നു. കൊല്ലം ജില്ലയിലെ നിലമേൽ നിന്ന് ബൈക്ക് റാലിയോടെയും മറ്റ് നിരവധി വാഹങ്ങളുടെ അകമ്പടിയോടെയുമാണ് പതാക ജാഥയെ തിരുവനന്തപുരം ജില്ലയിലേയ്ക്ക് ആനയിച്ചു കൊണ്ടുവന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലം, കടയ്ക്കൽ ഏരിയകളിലെ പ്രവർത്തകരും നേതാക്കളും തട്ടത്തുമലവരെ ജാഥയെ അനുഗമിക്കുകയായിരുന്നു. ഇതോടെ അതിർത്തിഗ്രാമമായ തട്ടത്തുമല ജംഗ്ഷൻ അസാമാന്യമായ തിക്കിലും തിരക്കിലും ആവേശത്തിമിർപ്പിലുമായി.കൊല്ലം ജില്ലാ സെക്രട്ടറി രാജഗോപാലും മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

എം.സി റോഡിൽ ഇരുവശത്തുനിന്നുമായി തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഭാഗത്തുനിന്നും കൊല്ലം ജില്ലയിലെ നിലമേൽ ഭാഗത്തുനിന്നും വിവിധ വാഹനങ്ങളിൽ പ്രവർത്തകർ വന്നുനിറയുകയായിരുന്നു. അഭൂതപൂർവ്വമായ ഈ തിക്കിനും തിരക്കിനുമിടയിൽ പാർട്ടി പ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചതിനാൽ റോഡ് ഗതാഗതത്തിനു കാര്യമായ തടസ്സങ്ങൾ ഒന്നും ഉണ്ടായില്ല എന്നത് എടുത്തു പറയേണ്ടതാണ്. ജാഥ തട്ടത്തുമലയിൽ എത്തുമ്പോൾ ജനം ആർത്തിരമ്പുകയായിരുന്നു.

സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് നേരത്തെ അലങ്കരിച്ച് സ്വീകരണ വേദിയാക്കി നിർത്തിയിരുന്ന വാഹനത്തിനു മുകളിൽ കയറി നിന്ന് ജാഥാക്യാപ്റ്റൻ ഇ.പി.ജയരാജൻ നടത്തിയ ആവേശകരമായ പ്രസംഗം കരഘോഷങ്ങളുയർത്തിണ് ജനം സശ്രദ്ധം കേട്ടുനിന്നത്. നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പതാക ജാഥ തട്ടത്തുമലയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പ്രയാണം തുടരുമ്പോൾ തട്ടത്തുമല ജംഗ്ഷനിൽ ഒരു വന്മഴ പെയ്തു തോർന്ന പ്രതീതി അനുഭവപ്പെട്ടു.

പതാകജാഥയ്ക്ക് ഗംഭീര വരവേല്പു നൽകുവാൻ ഏതാനും ദിവസങ്ങളായി തട്ടത്തുമല ജംഗ്ഷനിഉൽ കിളിമാനൂർ ഏരിയയിലെയും പഴയകുന്നുമ്മേൽ, അടയമൺ ലോക്കൽ കമ്മിറ്റികളിലെയും നേതാക്കളും പ്രവർത്തകരും ഊണുമുറക്കവുമൊഴിഞ്ഞ് പ്രവർത്തിക്കുകയായിരുന്നു. തട്ടത്തുമല- മറവക്കുഴി ബ്രാഞ്ച് കമ്മിറ്റികളുടെ കീഴിൽ വരുന്ന തട്ടത്തുമലജംഗ്ഷനിൽ ഈ ബ്രാഞ്ചുകൾക്കു പുറമേ അലങ്കാരപ്പണികൾക്കും മറ്റുമായി സമീപ ബ്രാഞ്ചുകളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തിരുന്നു.അഞ്ചാം തീയതി രാത്രി പുലർച്ചയോടെ തട്ടത്തുമല ജംഗ്ഷൻ അക്ഷരാർത്ഥത്തിൽ ചുവപ്പണിഞ്ഞു “ചുവന്നമല”യായി മാറി. മുൻ കാലങ്ങളിലും ഇത്തരം പരിപാടികൾക്ക് തട്ടത്തുമലയിൽ ആവേശകരമായ പ്രവർത്തനങ്ങളും ജന പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്. ഈ പരിപാടിയിലും അതിന് ഒട്ടുംതന്നെ കുറവുവന്നില്ല.

സി.പി.ഐ എം സംസ്ഥനസമ്മേളനത്തോടനുബന്ധിച്ചുള്ള പതാകജാഥ തട്ടത്തുമലയിൽ എത്തിയപ്പോൾ






No comments: