(തട്ടത്തുമലയിലെ പ്രമുഖ വ്യക്തികളെ കുറിച്ചുള്ള ചെറു കുറിപ്പുകൾ മാത്രമാണ് ഇവിടെ കൊടുക്കുന്നത്. വിശദമായി പിന്നീട് എപ്പോഴെങ്കിലും എഴുതാമെന്നു വിചാരിയ്ക്കുന്നുണ്ട്.)
എ.ഇബ്രാഹിം കുഞ്ഞ് സാർ

തട്ടത്തുമല പ്രദേശത്തെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തകൻ.പൊതു സമ്മതനായ ഒരു സമൂഹ്യ സേവകൻ. നാടിനും നാട്ടുകാർക്കും വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം. വിശിഷ്യാ ഗ്രന്ഥശാലാ പ്രവർത്തകൻ. തട്ടത്തുമല കെ.എം ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെ മുഖ്യസ്ഥാപകൻ. ജീവിതത്തിന്റെ നല്ലൊരു പങ്കും ഈ വായന ശാലയ്ക്കു വേണ്ടി സമർപ്പിച്ചു എന്നു പറയുന്നത് അതിശയോക്തിയല്ല.വയോജന വിദ്യാഭ്യാസ രംഗത്തു് ഈ ലൈബ്രറി കേന്ദ്രീകരിച്ചു നടത്തിയ സേവനവും അവിസ്മരണീയമാണ്.
ഈ പ്രദേശത്ത് കമ്മ്യൂണിസ്റ്റു പാർടി കെട്ടിപ്പടുക്കുന്നതിലും നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. തട്ടത്തുമല ഗവർണ്മെന്റു സ്കൂൾ സ്ഥാപിയ്ക്കുന്നതിന്റെയും മുൻ നിര പ്രവർത്തകനായിരുന്നു. ഈ പ്രൈമറി സ്കൂൾ യു. പി ആയും, എച്ച് എസ്സ് ആയും ഉയർത്തുന്നതിനും വേണ്ട പരിശ്രമങ്ങൾക്ക് നേത്ര്ത്വം നൽകിയിട്ടുണ്ട്. ഇതേ സ്കൂളിൽതന്നെയാണ് ദീർഘകാലം എൽ.പി.സ്കൂൾ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചതും. അദ്ധ്യാപകനായി ജോലി ലഭിച്ച ആദ്യത്തെ കുറച്ചു നാളുകളും പ്രഥമ അദ്ധ്യാപകനായി പ്രമോഷൻ ലഭിച്ചശേഷമുള്ള കുറച്ചു നാളുകളും ഒഴികെ സുദീർഘമായ കാലത്തോളവും തട്ടത്തുമല ഗവ.സ്കൂളിൽ തന്നെയാണു സേവനം അനുഷ്ഠിച്ചത്.

സജീവ സി.പി.എം പ്രവർത്തകനാണ്. കർഷകത്തൊഴിലാളി യൂണിയൻ കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം ആണ്. വിശ്വാസത്തിൽ അടിയുറച്ച കമ്മ്യൂണിസ്റ്റും പ്രവർത്തികൊണ്ട് തികഞ്ഞ ഗാന്ധിയനും ആണ്. തികച്ചും സമാധാനപ്രിയൻ. കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകൾക്ക് അതീതമായി സർവരാലും ആദരിയ്ക്കപ്പെടുന്ന ഒരു സവിശേഷ വ്യക്തിത്വം. രാഷ്ട്രീയം ജന സേവനത്തിനുള്ള മാർഗ്ഗമായിത്തന്നെ സാറു കാണുന്നു. ജനങ്ങളെ സേവിയ്ക്കുന്നതിലും, സഹായിക്കുന്നതിലും സാറിനു രാഷ്ട്രീയമോ ജാതിമത പരിഗണനകളോ ഇല്ല. എല്ലാ ജനങ്ങളും ഒരുപോലെ .
നാടക പ്രവർത്തകനും ആയിരുന്നു. സ്റ്റാർ തിയേറ്റേഴ്സിന്റെ മിക്ക നാടകങ്ങളുടേയും സംവിധായകനായിരുന്നു. പ്രദേശത്തെ ഏതു നല്ല കാര്യങ്ങൾക്കും മുൻ നിന്നുള്ള പ്രവർത്തന മാത്ര്ക. ദളിതരുടെ ഉറ്റ തോഴൻ. അതിനാൽ ദളിതരുടെ പ്രത്യേക സ്നേഹാദരങ്ങൾ ലഭിച്ചുപോരുന്നു.നാനാജാതി മതസ്ഥർക്കും സ്വീകാര്യമായ വ്യക്തി വൈശിഷ്ട്യം. കെ.എം ലൈബ്രറിയുടെ എന്നത്തെയും രക്ഷാധികാരി. യാതൊരുവിധ സ്ഥാനമാനങ്ങളുടേയും പുറകേ പോകാൻ ഒരിയ്ക്കലും ശ്രമിച്ചിട്ടില്ല.വേറെയും ധാരാളം നല്ല അദ്ധ്യാപകർ ഈ പ്രദേശത്ത് ഉണ്ടെങ്കിലും ‘സാർ’ എന്ന് മാത്രം പറഞ്ഞാൽ തട്ടത്തുമലക്കാർക്ക് അർഥം ഇബ്രാഹിം കുഞ്ഞു സാർ എന്ന ഈ മാത്ര്കാ അദ്ധ്യാപകനാണ്.
അവസാനം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച പാപ്പാല എൽ.പി സ്കൂളിൽനിന്നും വിരമിയ്ക്കുമ്പോൾ ആ സ്കൂളിലെ അദ്ധ്യാപകരും രക്ഷക്ര്ത്താക്കളും നാട്ടുകാരും ചേർന്ന് നല്ലൊരു പാരിതോഷികവും നൽകിയിരുന്നു. അതേ സമയം സമൂഹ്യ സേവനത്തിനു മുഴുവൻ സമയവും വീണ്ടു കിട്ടുന്നതിൽ സന്തോഷിച്ച് തട്ടത്തുമല ഗ്രന്ഥശാലാ പ്രവർത്തകർ ഗംഭീര സ്വീകരണം ഒരുക്കി വരവേല്പും നൽകി.
കിളിമാനൂർ പാപ്പാല നിന്നും വർഷങ്ങൾക്കുമുമ്പേ മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള തട്ടത്തുമലയിലേയ്ക്കു കുടിയേറിയ ദരിദ്ര കർഷക കുടുംബമായ പുളിമൂട് കുടുംബത്തിലെ അംഗമാണ്. അമ്മാവൻ ഇസ്മയില്പിള്ള വൈദ്യർ പേരെടുത്ത അയ്യൂർവേദ വൈദ്യനും അതുവഴി നാട്ടിലെ സമ്പന്നനുമായിരുന്നു. സ്വാതന്ത്ര്യ സമര പ്രവർത്തകനുമായിരുന്നു അമ്മാവൻ. അമ്മാവന്റെ വിശ്വസ്തനായിരുന്നു ഈ അനന്തിരവൻ. അമ്മാവന്റെ നിലം പുരയിട്ങ്ങളിൽ ഉഴുതും കാളകളെ പൂട്ടിയും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണു വിദ്യാഭ്യാസം ചെയ്തിരുന്നത്. മണ്ണെണ്ണ തീരുമെന്നു പറഞ്ഞു വീട്ടിൽ ചിമ്മിനി വിളക്ക് നൽകാത്തതിനാൽ വീട്ടിന്റെ മുറ്റത്ത് ചൂട്ടു കത്തിച്ചിട്ടു് അതിന്റെ വെളിച്ചത്തിൽ പഠിച്ചിട്ടുണ്ട്.
ഭാര്യ ആരിഫാബീവി. രണ്ടു മക്കൾ.ഒരാണും ഒരു പെണ്ണും. മകൻ പാരലൽ കോളേജ് നടത്തുന്നു.മകൾ കുടുംബിനി.
തട്ടത്തുമലയിലും അതിനടുത്തുള്ള വട്ടപ്പാറയിലും(ഭാര്യാഗ്ര്‌ഹം) മാറി മാറി താമസിച്ചിരുന്നു. ഇപ്പോൾ തട്ടത്തുമലയിൽ. ഭാര്യയുടെ കുടുംബം വർഷങ്ങൾക്കു മുൻപേ കിളിമാനൂർ കിഴക്കടത്തുനിന്നും തട്ടത്തുമല നിന്നും മൂന്നു കിലോമീറ്റർ ദൂരമുള്ള വട്ടപ്പാറയിൽ കുടിയേറിയതാണ്. ഇബ്രാഹിംകുഞ്ഞു സാറിന്റെ പിതാവ് പരേതനായ അബ്ദുൽ ഖാദർ ചടയമംഗലം പോരേടം വലിയവീട്ടിൽ കുടുംബാംഗം ആയിരുന്നു. മാതാവു പരേതയായ പാപ്പാല പുളിമൂടു വീട്ടിൽ ബീവിക്കുഞ്ഞ്.
നാട്ടിലെ ഏതൊരു പൊതു പരിപാടിയിലും മുഖ്യ ക്ഷണിതാവാണ് സാറ്. ഏതു തർക്ക വിഷയങ്ങളിലും പ്രശ്നങ്ങളിലും സാറിന്റെ അഭിപ്രായങ്ങൾ വിലമതിപ്പുള്ളതാണ്. കുടുംബ പ്രശ്നങ്ങൾ എത്രയെങ്കിലും സാറിന്റെ സമാധാന കോടതിയിൽ തീർപ്പാക്കപ്പെടുന്നു. കുട്ടികളെ എഴുത്തിനിരുത്താനും, ചോറൂട്ടിനും വരെ സാറുതന്നെ വേണം പലർക്കും. അളവറ്റ മനുഷ്യ സ്നേഹത്തിന്റെ നിറകുട മാണ് സാറ്. പൊതുപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഉദാത്ത മാത്ര്ക. സ്നേഹത്തിനു കക്ഷി രാഷ്ട്രീയത്തിന്റെയോ ജാതി മതങ്ങളുടെയോ അതിർത്തിരേഖകൾ ഇല്ലെന്നു തന്റെ കർമ്മപഥങ്ങളിലൂടെ സാറു തെളിയിച്ചു.
പാപ്പാലനിന്നും തട്ടത്തുമലയിലേയ്ക്കു കുടിയേറിയ ചെറുപ്പകാലം മുതൽ തട്ടത്തുമലയ്ക്കും ഇവിടുത്തെ ജനങ്ങൾക്കു വേണ്ടിയും നിസ്തുലമായ സേവനങ്ങൾ അനുഷ്ഠിച്ച സാറിനെ തട്ടത്തുമലയുടെ ശില്പി എന്നു പലരും വിശേഷിപ്പിയ്ക്കാറുണ്ട്.
മസൂദ് സാർ

തട്ടത്തുമല ഗവ.സ്കൂളിൽ ദീർഘകാലം യു.പി. അദ്ധ്യാപകൻ ആയിരുന്നു. ആകാശവാണി ഫെയിം ആണ്. റേഡിയോ നാടകങ്ങളിലൂടെ പ്രസസ്തനാണ്.തട്ടത്തുമലയിൽ യംഗ്‌മെൻസ് തിയേറ്റേഴ്സ്(വൈ.എം.റ്റി) എന്നൊരു കലാസമിതി ഇദ്ദേഹത്തിന്റെ നേത്ര്ത്വത്തിൽ ഉണ്ടായിരുന്നു.ഒരു കാലത്ത് തട്ടത്തുമല കെ.എം ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സും വൈ.എം.റ്റിയും തമ്മിൽ കലാസാംസ്കാരിക രംഗത്ത് ആരോഗ്യപരമായ ഒരു മത്സരം തന്നെ നില നിന്നിരുന്നു.
പാരമ്പര്യ കലാരൂപമായ വില്പാട്ടിന്റെയും പ്രചാരകരായിരുന്നു മസൂദ് സാറും വൈ.എം.റ്റിയും.എന്നാൽ ഇപ്പോൾ ഈ കലാസമിതി പ്രവർത്തിയ്ക്കുന്നില്ല. നല്ല ഒരു നടനും ഗായകനും പ്രാസംഗികനും ആണ് മസൂദ് സാർ.കണക്കും മലയാളവും നന്നായി പഠിപ്പിച്ചിരുന്നു.സാഹിത്യത്തിൽ നല്ല അറിവു പുലർത്തിയിരുന്നു. അദ്ദേഹത്തിനു ഭാര്യയും രണ്ടു മക്കളും.ഒരാണും ഒരു പെണ്ണും.മകൻ ഷാനവാസ്. മകൾ സോഫിയ
അംബുജാക്ഷൻ സാർ
തട്ടത്തുമല ഗവ. സ്കൂളിൽ ദീർഘകാലം എൽ.പി.അദ്ധ്യാപകനായിരുന്നു. ഈ പ്രദേശത്തെ സാമൂഹ്യ -സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. തട്ടത്തുമല കെ.എം.ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സിന്റെ ആദ്യകാല പ്രവർത്തകൻ ആയിരുന്നു. തട്ടത്തുമല സ്കൂൾ സ്ഥാപിയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പ്രദേശത്തു കമ്മ്യൂണിസ്റ്റു പാർടി രൂപീകരിയ്ക്കുന്നതിലും നിർണായകമായ പങ്കു വഹിച്ചിട്ടൂണ്ണ്ട്.നാട്ടിൽ എല്ലാ നല്ല കാര്യങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്ന സർവാദരണീയനായ അംബുജാക്ഷൻ സാർ അദ്ധ്യാപന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. തട്ടത്തുമല എൽ.പി. സ്കൂൾ സെക്ഷനിൽ നിസ്തുലമായ സംഭാവനകളാണു സാറു നടത്തിയിട്ടുള്ളത്. ഈ ഭയഭക്തി ബഹുമാനം എന്നൊക്കെ പറയുന്ന വികാരം അംബുജാക്ഷൻ സാറിനെയൊക്കെ കാണുമ്പോൾ ഉണ്ടാകുന്നതാണെന്നു പലരും പരയാറുണ്ട്.സാറിനു ഭാര്യയും മൂന്നു മക്കളും. മക്കൾ ഷോഫി, ഷെർളി, ഷീബ.
ഇബ്രാഹിം കുഞ്ഞ് സാർ, മസൂദ്സാർ, ബാഹുലേയൻ സാർ, അംബുജാക്ഷൻ സാർ,എന്നീ നാലു സ്കൂൾ മാസ്റ്റർമാരെ ഒഴിവാക്കിക്കൊണ്ട് തട്ടത്തുമലയുടെ ഒരു വികസന ചരിത്രം എഴുതാൻ കഴിയില്ല.
ബാഹുലേയൻ സാർ
ബാഹുലേയൻ സാർ താട്ടത്തുല സ്ക്കൂളിലെ അദ്ധ്യാപകൻ ആയിരുന്നില്ല. ഒരു പ്രൈവറ്റു സ്കൂളിലെ ഹിന്ദി അദ്ധ്യാപനായിരുന്നു. എന്നാൽ തട്ടത്തുമല സ്കൂൾ സ്ഥാപനത്തിൽ മുന്നിരയിൽ നിന്നു പ്രവർത്തിച്ച സാറ് തട്ടത്തുമലയിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു. കെ.എം.ലൈബ്രറി, തട്ടത്തുമല പാൽ സൊസൈറ്റി എന്നിവയുടെ സ്ഥാപനത്തിലും മുൻ ഇരയിൽ ഉണ്ടായിരുന്നു. പാൽ സൊസൈറ്റിയുടെ ആദ്യകാല പ്രസിഡന്റായിരുന്നു.പ്രദേശത്ത് കമ്മ്യൂണിസ്റ്റു പാർടി വളർത്തുന്നതിലും ശ്രദ്ധേയമായ സംഭാവനകൾ ഉണ്ട്`. അവസാന നാളുകളിൽ എസ്.എൻ.ഡി.പി ശാഖയുടെ മുഖ്യ പ്രവർത്തകനായിരുന്നു. നല്ലൊരു വാഗ്മിയുമായിരുന്നു. തട്ടത്തുമല പ്രദേശത്തു നടക്കുന്ന ഏതു പൊതു പരിപാടിയിലും ബാഹുലേയൻ മാസ്റ്ററുടേയും സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ബാഹുലേയൻ സാറു മരണപ്പെട്ടുപോയി.
ഗണേശൻ സാർ
തിരുവനന്തപുരം സ്വദേശിയായ ഗണേശൻ സാർ വിവാഹ ബന്ധത്തിലൂടെ തട്ടത്തുമലയിൽ സ്ഥിരതാമസം ആക്കിയ വ്യക്തിയാണ്. എൻ.ജി. ഓ ആയിരുന്നെങ്കിലും ബഹുമാന പുരസരം സാർ എന്നു തന്നെ അദ്ദേഹവും അറിയപ്പെടുന്നു. എൻ.ജി. ഓ യ്യൂണിയനും, പ്രദേശത്തെ സി.പി.എമ്മും ശക്തിപ്പെടുത്തുവാൻ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. ദീർഘ കാലം തട്ടത്തുമല ഗവ.ഹൈസ്കൂളിലെ പി.റ്റി.എ പ്രെസിഡെന്റായിരുന്നു.സർവീസിൽനിന്നു വിരമിച്ച ശേഷവും സജീവ പൊതു പ്രവർത്തനം.സർവീസിൽ ഇരിയ്ക്കുമ്പോൾതന്നെ ജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സർവീസിനകത്തും പുറത്തും. യൂണിയനിലുള്ളിൽ നിസ്തുമായ സംഭവനകൾ അദ്ദേഹം നൽകി.സാജീവ സി.പി.എം പ്രവർത്തകൻ. കർഷക തൊഴിലാളി യൂണിയൻ കിളിമാനൂർ ഏരിയാ പ്രസിഡെന്റാണ്. മികച്ച വാഗ്മിയാണ്. സാംസ്കാരിക വേദികളിലും സജീവ സാന്നിദ്ധ്യം.സാറിനു ഭാര്യയും മൂന്നു മക്കളും. മക്കൾ കെ.ജി.ബിജു, കെ.ജി.ബിനോദ്, കെ.ജി. ദിവ്യ.
വാസുദേവൻ പിള്ള സാർ
തട്ടത്തുമലയിലെ അറിയപ്പെടുന്ന മറ്റൊരു പൊതു പ്രവർത്തകനാണ് ആർ.വാസുദേവൻ പിള്ള സാർ.ദീർഘകാലം തട്ടത്തുമല ഗവ.ഹൈസ്കൂലിലെ ഡ്രോയിംഗ് അദ്ധ്യാപകൻ ആയിരുന്നു. സ്കൂൾ, കെ.എം. ലൈബ്രറി&സ്റ്റാർ തിയ്യെറ്റേഴ്സ് എന്നിവയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി.സ്ഥലത്തെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യം ആണ്. സി.പി. ഐ കിളിമാനൂർ മണ്ഡലം കമ്മിറ്റി അംഗം ആണ്. സാറിനു ഭാര്യയും രണ്ടു മക്കളും. ഭാര്യ വിജയലക്ഷ്മി അമ്മ മരിച്ചു പൊയി. അവർ പഴകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തു മെംബറായിരുന്നിട്ടുണ്ട്. മക്കൾ ഗിരീഷും, സന്ധ്യയും.
(ഇനിയും പലരെ കുറിച്ചും എഴുതാനുണ്ട്. അതെല്ലാം പിന്നീട് എഴുതാമെന്നു വിചാരിയ്ക്കുന്നുണ്ട്.)
No comments:
Post a Comment