തട്ടത്തുമല നാട്ടുവർത്തമാനം

Monday, February 21, 2011

2011 ഫെബ്രുവരി വാർത്തകൾ


ബൈക്കപകടത്തിൽ പരിക്കേറ്റ ഷിഹാസ് മരണപ്പെട്ടു

തട്ടത്തുമല, 2011 ഫെബ്രുവരി 24: രണ്ട് ദിവസം മുമ്പ് നിലമേൽ ജംഗ്ഷനിൽ വച്ച് ബൈക്ക് അപകടത്തിൽപെട്ട് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന വാഴോട് പറയങ്കോണത്ത് ഷിഹാബുദീന്റെ മകൻ ഷിഹാസ് (20) ഇന്ന് മരണപ്പെട്ടു. ഷിഹാസ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം വീട്ടിൽ എത്തിച്ച മൃതുദേഹം സന്ധ്യയ്ക്ക് നിലമേൽ കണ്ണങ്കോട് മുസ്ലിം ജമാ അത്ത് പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്തു. വിദ്യാർത്ഥിയായിരുന്ന ഷിഹാസ് പഠനത്തോടൊപ്പം കാറ്ററിംഗ് സർവീസിംഗും നടത്തിയിരുന്നു. വാഴോട് ആയിരുന്നു ഇവരുടെ കാറ്ററിംഗ് സർവീസിന്റെ കേന്ദ്രം. കാറ്ററിംഗ് സർവീസിലെ കൂട്ടുകാരനായിരുന്ന തട്ടത്തുമല സ്വദേശി അംബുവിന്റെ ബൈക്കുമായി നിലമേൽ ജംഗ്ഷനിൽ പോയ ഷിഹാസ് നിലമേൽ സ്വദേശികളും പരിചയക്കാരുമായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. ഷിഹാസിന്റെ പുറകിലിരുന്ന കൂട്ടുകാരനും, കൂട്ടിയിടിച്ച മറ്റേ ബൈക്കിലെ രണ്ട് പേരും സാരമായി പരിക്കേറ്റ് ആശുപത്രികളിൽ ആണ്.


ബി
.ജെ.പി പദയാത്രയ്ക്ക് തട്ടത്തുമലയിൽ ഗംഭീര വരവേല്പ്

തട്ടത്തുമല, ഫെബ്രുവരി 24: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ നയിക്കുന്ന കേരളരക്ഷാപദയാത്ര തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു. എം.സി റോഡിൽ ജില്ലാ അതിർത്തിയായ തട്ടത്തുമല ജംഗ്ഷനിൽ വച്ച് ജാഥയ്ക്ക് വമ്പിച്ച വരവേല്പ് നൽകി. തിരുവനന്തപുരം ജില്ലയിലെ വനിതകളടക്കമുള്ള ബി.ജെ.പി നേതാക്കളും പ്രവർത്തകരും രാവിലെതന്നെ തട്ടത്തുമല ജംഗ്ഷനിൽ ജാഥയെ കാത്തുനിന്നിരുന്നു.

ഉച്ചയ്ക്ക് ഒന്നര മണിയോടെ പദയാത്ര തട്ടത്തുമലയിൽ എത്തി ചേർന്നപ്പോൾ ആവേശകരമായ സ്വീകരണമാണ് ജില്ലയിലെ നേതാക്കളും പ്രവർത്തകരും നൽകിയത്.പദയാത്രയുടെ വരവറിയിച്ച് തട്ടത്തുമല ജംഗ്ഷനിൽ പടക്കം പൊട്ടിച്ചു.



നേതാക്കൾക്ക് പുറമെ ആയിരത്തി അഞ്ഞൂറില്പരം പദയാത്രികർ താമരാങ്കിതമായ കാവിപതാകകളുമേന്തി അണിനിരന്ന വർണ്ണാഭമായ ജാഥ സംഘാടന മികവ് വിളിച്ചറിയിക്കുന്നതായിരുന്നു. തെരുവു നാടകം ശിങ്കാരി മേളം, ചെണ്ടമേളം, നിരവധി അലംകൃത വാഹനങ്ങൾ മുതലായവ പദയാത്രയ്ക്ക് കൊഴുപ്പു കൂട്ടി.ജാഥാംഗങ്ങളിൽ നല്ലൊരു പങ്ക് ജാഥാ ക്യാപ്റ്റന്റെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചിരുന്നു. മൊത്തത്തിൽ ആകർഷകമായിരുന്നു പദയാത്ര.

രണ്ടര മണിയോടെ കിളിമാനൂരിൽ എത്തിയ ജാഥയ്ക്ക് കിളിമാനൂർ ജംഗ്ഷനിൽ വമ്പിച്ച സ്വീകരണം നൽകി. ഇന്ന് രാവിലെ ചടയമംഗലത്ത്നിന്ന് ആരംഭിച്ച കേരളരക്ഷായാത്ര ഇന്ന് വാമനപുരത്ത് സമാപിക്കും. കാസർകോട് മുതൽ തിരുവനന്തപുരംവരെയുള്ളതാണ് ബി.ജെ.പിയുടെ കേരള രക്ഷാ പദയാത്ര.


എൽ.ഡി.എഫിന്റെയും, യു.ഡി.എഫിന്റെയും ഇത്തവണത്തെ ജാഥകൾ തട്ടത്തുമലയിൽ സ്പർശിച്ചു പോയിരുന്നില്ല. അതുകൊണ്ടുതന്നെ തട്ടത്തുമലയിൽ നല്ല കാഴ്ചക്കാർ ഉണ്ടായിരുന്നു. നട്ടുച്ചയ്ക്ക് ജംഗ്ഷൻ അക്ഷരാർത്ഥത്തിൽ കാവിമയമായി.






തട്ടത്തുമല തയ്ക്കാവ് ഉദ്ഘാടനം ചെയ്തു


2011 ഫെബ്രുവരി 23: തട്ടത്തുമല ജംഗ്ഷന് സമീപം പുനർനിർമ്മിച്ച ഇരുനിലയുള്ള മുസ്ലിം നിസ്കാരപ്പുരയുടെ ഉദ്ഘാടനം ഫെബ്രുവരി 23- ന് വൈകുന്നേരം നടന്നു. വൈകുന്നേരം നടന്ന ഉദ്ഘാടന- സാംസ്കാരിക സമ്മേളനം കായംകുളം മുഹമ്മദ് ഷാഫി മൌലവി എം. ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ- സാംസ്കാരിക- മത നേതാക്കൾ പങ്കെടുത്തു. സമ്മേളനാനന്തരം കായംകുളം മുഹമ്മദ് ഷാഫി മൌലവിയുടെ മതപ്രഭാഷണം നടന്നു. ഫെബ്രുവരി 24 മുതൽ 27 വരെ രാത്രി 7-15 മുതൽ ഹാജി ചിറയിൻകീഴ് .എം.നൌഷാദ് ബാഖവിയുടെ മത പ്രഭാഷണം ഉണ്ട്.


കിളിമാനൂർ സ്വകാര്യവണ്ടിത്താവളം ഉദ്ഘാടനവും സിവിൽഷൻ ശിലാസ്ഥാപനവും നടന്നു

2011 ഫെബ്രുവരി 21: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് വക കിളിമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ നിർവ്വഹിച്ചു. മിനി സിവിൽ സ്റ്റേഷന്റെ തറക്കലിടലും ഇതോടൊപ്പം നടന്നു. സ്ഥലത്ത് എത്താൻ കഴിയാതെ പോയ മുഖ്യമന്ത്രി തിരുവനന്തപുരത്തെ തന്റെ ഓഫീസിൽ ഇരുന്നാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പി.ആർ.ഡി ചിത്രീകരിച്ച പ്രസ്തുത ഉദ്ഘാടന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം ഉദ്ഘാടന സമ്മേളനം നടന്ന കിളിമാനൂർ പുതിയ പ്രൈവറ്റ് ബസ്റ്റാൻഡ് മൈതാനത്ത് പ്രദർശിപ്പിച്ചു. റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രൻ, എൻ.രാജൻ എം.എൽ., ജില്ലാ പഞ്ചാ‍യത്ത് അംഗം രമണിപ്രസാദ് തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും മറ്റും സംസാരിച്ചു.

മുഖ്യമന്ത്രി എത്തുമെന്ന് കരുതി വൻ ജനക്കൂട്ടം ഉദ്ഘാടന സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാലും ദേഹാസ്വാസ്ഥ്യത്താലും മുഖ്യമന്ത്രിയുടെ കിളീമാനൂർ യാത്ര ഒഴിവാക്കുകയായിരുന്നു. പകരം തന്റെ ഓഫീസിൽ ഇരുന്ന് ഉദ്ഘാടനപ്രസംഗം നിർവ്വഹിക്കുകയും അത് പബ്ലിക്ക് റിലേഷൻ വകുപ്പ് ചിത്രീകരിച്ച് ഉദ്ഘാടന സ്ഥലത്ത് എത്തിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. മന്ത്രി എം.വിജയകുമാറും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.


കിളിമാനൂർ നിവസികളുടെ ദീർഘനാളത്തെ അഭിലഷമായിരുന്നു കിളിമാനൂർ സ്വകാര്യ വണ്ടി മൈതാനം. വർഷങ്ങളോളം നിയമക്കുരുക്കിലും, യഥാസമയം വേണ്ടത്ര ഫണ്ടുകളുടെ ലഭ്യത ഇല്ലാതെയും ഇഴഞ്ഞു നീങ്ങിയ വണ്ടിത്തറ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. ഇതിനോട് ചേർന്നുള്ള സ്ഥലത്ത് ഒരു മിനി സ്റ്റേഡിയവും നിർമ്മിക്കുന്നുണ്ട്. മിനി സിവിൽ സ്റ്റേഷനും കിളിമാനൂരിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. പ്രൈവറ്റ് വണ്ടിത്താവളം വന്നത് കിളിമാനൂരിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായ്ത്ത് ഓൺ ഫണ്ടിനു പുറമേ എം.പി, എം.എൽ., ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച തുകകളും ഉപയോഗിച്ചാണ് ബസ് സ്റ്റാൻഡിന്റെ നിർമ്മാണപ്രവർത്തനം പൂർത്തിയാക്കിയത്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് കിളിമാനൂർ ഗ്രാമപട്ടണം.



കിളിമാനൂർ - ജംഗ്ഷനിൽ ആറ്റിങ്ങൽ റോഡിന്റെ അരികിലാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ഇതിൽ ചേർന്ന് ഇനി മിനി സ്റ്റേഡിയവും വരും. സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത് എം.സി റോഡരികിൽ കിളിമാനൂർ പോലീസ് സ്റ്റേഷനു സമീപമാണ്.

^<ഉദ്ഘാടന സ്ഥലത്ത് സ്ഥാപിച്ചിരുന്ന വി.എസിന്റെ ഫ്ലക്സ്!



നെടുമ്പാറ ഉത്സവം

2011 ഫെബ്രുവരി 21: നെടുമ്പാറ ആയിരവല്ലി ക്ഷേത്രത്തിലെ വർഷത്തെ ഉത്സവം ഫെബ്രുവരി 20, 21 തീയതികളിൽ.

No comments: