തട്ടത്തുമല നാട്ടുവർത്തമാനം

Wednesday, August 31, 2011

പാപ്പാല നകുലൻ മരണപ്പെട്ടു



നാട്ടുകാർക്ക് പ്രിയങ്കരനായ പാപ്പാല നകുലൻ അകാലത്തിൽ യാത്രയായി

തികച്ചും അപ്രതീക്ഷിതമായി ബന്ധുക്കളെയും നാട്ടുകാരെയും അതീവ ദു:ഖത്തിലാഴ്ത്തി പാപ്പാല നകുലൻ യത്രയായി; ഒരു ലുങ്കിയും തോളത്ത് വിയർപ്പു തുടയ്ക്കാനൊരു തോർത്തും ധരിച്ച് കഠിനാദ്ധ്വാനംകൊണ്ട് ഉറച്ച അരോഗദൃഢഗാത്രമായ തന്റെ ശരീരം പ്രദർശിപ്പിച്ച് സ്വന്തം സൈക്കിളിൾ ജീവിതഭാരവും കയറ്റി പോകുന്ന നകുലൻ ഇനി പാപ്പാലക്കാർക്ക് ഒരു ഓർമ്മമാത്രം. വർഷങ്ങളായി കിളിമാനൂരിനു സമീപം പാപ്പാലയിൽ ചുമടെടുത്ത് ജീവിക്കുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട നകുലൻ കഴിഞ്ഞരാത്രി പുലർച്ചേ മരണപ്പെട്ടു.

സാധാരണ ചുമട്ടുതൊഴിലാളികളിൽ നിന്നും വേറിട്ട ജീവിതമായിരുന്നു നകുലന്റേത്. നാ‍ട്ടുകാർക്ക് വിശ്വസ്തനായ ഒരു സഹായിയും, ബന്ധുക്കൾക്കും പാപ്പാല കടമ്പ്രവാരം കോളനിനിവാസികൾക്കും ഇവിടുത്തെ ക്രീസ്ത്യൻ പള്ളിയ്ക്കും പക്വതയും കാര്യശേഷിയും കൈമുതലായുള്ള ഒരു കാരണവരെയുമാണ് നകുലന്റെ വേർപാടിലൂടെ നഷ്ടപ്പെട്ടത്. ഐ.എൻ.റ്റി.യുസിയുടെ പാപ്പാല യൂണിറ്റ് കൺവീനറുമായിരുന്നു. സർവ്വസമ്മതനായിരുന്ന നകുലന്റെ അകാല വേർപാട് നാട്ടുകാരെ അക്ഷരാർത്ഥത്തിൽ തീരാദു:ഖത്തിലാഴ്ത്തി. നിറകണ്ണുകളുമായി നിന്ന പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും, നാനാ ജാതി മതസ്ഥരായ വൻ ജനാവലിയെയും സാക്ഷിനിർത്തി പാപ്പാല ക്രിസ്ത്യൻ പള്ളി വികാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടുവളപ്പിൽ ശവസംസ്കാരകർമ്മം നടന്നു.

ഏതാണ്ട് രണ്ട് മാസം മുമ്പ് നകുലന്റെ കാലിൽ ചെറിയ കമ്പിത്തുരുമ്പോ മറ്റോ കൊണ്ടതു വകവയ്ക്കാതെ കൊണ്ട് നടന്ന് ടെട്ട്നസ് ബാധിച്ച് ഒടുവിൽ കിളിമാനൂർ കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും അവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നതാണ്. രണ്ട് മാസത്തെ ചികിത്സയും ശസ്ത്രക്രിയകളുമൊക്കെയായി മുറിവ് ഒരുവിധം ഭേദമായി ഡിസ്ചാർജ് ചെയ്ത് ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെ വീട്ടിലെത്തിയതായിരുന്നു. എന്നാൽ അർദ്ധരാത്രിയൊടെ കാലിലെ മുറിവിൽനിന്നും രക്തസ്രാവമുണ്ടായി ആശുപത്രിയിൽ എത്തിക്കാൻ കഴിയും മുമ്പ് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയായിരുന്നു ( 2011 ആഗസ്റ്റ് 31 രാത്രി 1 മണിയ്ക്കു ശേഷം). അൻപത്തിയഞ്ച് വയസ് പ്രായം വരും. ഭാര്യ സരസ്വതി. ഒരേയൊരു മകൻ അജിമോൻ.

പാപ്പാലയിൽ ഐ.എൻ.റ്റി.യു സി യൂണിറ്റിന്റെ പ്രസിഡന്റായിരുന്ന നകുലൻ സംഘടിത കയറ്റിറക്ക് തൊഴിലുകൾക്ക് പുറമേ സ്വന്തം നിലയിൽ വീടുകളിൽ ചരക്കുഭാരങ്ങളെത്തിക്കുന്നതിലൂടെ പകൽ മുഴുവൻ കഠിനാദ്ധ്വാനത്തിൽ ആത്മ സായൂജ്യം കണ്ടെത്തിയ തൊഴിലാളിയായിരുന്നു. ഭാരമേറിയ അരിച്ചാക്ക്, പിണ്ണാക്ക് ചാക്ക്, വളച്ചാക്ക് മുതലായവ കിളിമാനൂർ ടൌണിലെയും പാപ്പാലയിലെയും കടകളിൽ നിന്ന് തലച്ചുമടായും സൈക്കിളിൽ വച്ചും വാഹങ്ങൾ എത്താത്തതടക്കമുള്ള വീടുകളിലേയ്ക്ക് എത്തിച്ച് ഉപജീവനം നടത്തിവന്നിരുന്ന നകുലൻ നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു.

തന്റെ സ്വന്തം തൊഴിലിൽ അഭിമാനിച്ചും തൊഴിലിനോട് നീതി പുലർത്തിയും തല ഉയർത്തിപ്പിടിച്ച് നടന്നിരുന്ന ഈ തൊഴിലാളി സൌമ്യമായ പെരുമാറ്റം കൊണ്ടും ദു:ശീലങ്ങളില്ലാത്ത ചിട്ടയായ ജീവിതം കൊണ്ടും മറ്റു തൊഴിലാളികൾക്ക് അനുകരണീയ മാതൃകയായി. മാതൃകാപരമായ തൊഴിൽ ജീവിതവും കുടുംബജീവിതവും സാമുഹ്യജിവിതവും നയിക്കുക വഴി എല്ലാവർക്കും പ്രിയങ്കരനായി മാറി. ദളിത് കുടുംബാംഗമായിരുന്ന നകുലനാണ് വീടിനോട് ചേർന്നുള്ള ക്രിസ്ത്യൻ പള്ളിയുടെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നതും. അച്ചനും അരമനയധികൃധർക്കും ഏറെ വിശ്വസ്തനും പ്രിയങ്കരനുമായിരുന്നു അദ്ദേഹം. പള്ളിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ പാട്ടുപാടുന്ന നകുലൻ നല്ലൊരു ഗായകനും കൂടിയാണെന്ന് തെളിയിച്ചിരുന്നു.

പാപ്പാല ക്രിസ്ത്യൻ പള്ളിയുടെ മേൽനോട്ടക്കാരനും തങ്ങളുടെ സഹായിയുമായിരുന്ന നകുലന്റെ അകാല ദേഹവിയോഗത്തിന്റെ ദു:ഖം കടിച്ചമർത്തി പള്ളിയിലെയച്ചൻ; സത്യസന്ധനും ശാന്തശീലനും വിശ്വസ്തനുമായ ഒരു അനുയായിയെ എന്നതിലുപരി തന്റെ അടുത്ത സുഹൃത്തിനെ അകലാലത്തിൽ നഷ്ടപ്പെട്ടതിൽ ഐ.എ.യി.യുസി ജില്ലാ വൈസ് പ്രസിഡന്റ് തട്ടത്തുമല ബഷീർ തീവ്രമായ ദു:ഖം വിതുമ്പലോടെ പ്രകടമാക്കി. മുസ്ലിം പള്ളിയിൽ അത്യാവശ്യം കയറ്റിറക്ക് ജോലികൾ സ്ഥിരമായി ചെയ്തിരുന്ന തികഞ്ഞ ദൈവഭക്തനായ നകുലൻ അവിടെനിന്ന് നൽകുന്ന കൂലി തുറന്നുപോലും നോക്കിയിരുന്നില്ലെന്ന് പാപ്പാല മുസ്ലിം ജമാ‍അത്ത് കമ്മിറ്റി പ്രസിഡന്റിന്റെ അനുഭവസാക്ഷ്യം. പൊതുക്കാര്യങ്ങളിൽ തങ്ങളുടെ കാര്യക്കാരനെ നഷ്ടപ്പെട്ടതിലെ ദു:ഖം കോളനിവാസികളുടെ നിലവിളികളിൽ ഉയർന്നുകേട്ടു.

ഉടുപ്പിൽ താഴത്തെ ഒന്നോ രണ്ടോ ചിപ്പികൾ മാത്രമിട്ട്, അല്ലെങ്കിൽ ഉടുപ്പ്തന്നെ ഇടാതെ, ഒരു ലുങ്കിയും തോളത്ത് വിയർപ്പ് തുടയ്ക്കാനൊരു തോർത്തും ധരിച്ചാണ് നകുലൻ സ്വന്തം തൊഴിൽ മേഖലയിൽ വ്യാപരിച്ചിരുന്നത്. എന്നാൽ യാത്രകളിലും പൊതു പരിപാടികളിലും നല്ല വൃത്തിയും വെടിപ്പുമുള്ള വസ്ത്രം ധരിച്ച് താനൊരു ചുമട്ടുതൊഴിലാളിയാണെന്നതിൽ യാതൊരു അഭിമാനക്ഷതവുമില്ലാതെ അഭിമാനത്തോടെ തലയുയർത്തി ജീവിക്കുക വഴി ഏതൊരു തൊഴിലിനും മഹത്വമുണ്ടെന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ വിളിച്ചറിയിച്ചു. പ്രാഥമിക വിദ്യാഭ്യാസം പോലും ആവശ്യത്തിനു ലഭിക്കാതെ പോയ ഒരു സാധാരണ തൊഴിലാളിയ്ക്കും സമൂഹത്തിന്റെ മുഖ്യധാരയിൽ അംഗീകരിക്കപ്പെടുന്ന ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കുവാൻ പ്രയാസമില്ലെന്ന് അദ്ദേഹം തെളിയിച്ചു. നന്മകൾ ജീവിതത്തിലുടനീളം സ്വാംശീകരിച്ച നകുലൻ അനീതികൾക്കെതിരെ ഉറച്ച നിലപാടുകളുള്ള ഒരു മനസിന്റെ ഉടമയുമായിരുന്നു. തന്റെ ജീവിത പരിസരത്തും അതിനുമല്പം അപ്പുറത്തേയ്ക്കും നാലാളറിയുന്ന ഒരാളാകാൻ തന്റെ സവിശേഷമായ വ്യക്തിത്വം നകുലനെ സഹായിച്ചു.

സാധാരണ വിലപേശലും തൊഴിൽത്തർക്കങ്ങളുമായും മറ്റും ബന്ധപ്പെട്ട പ്രശ്നങ്ങളിൽ‌പ്പെട്ട് പലതരം വിമർശനങ്ങൾക്ക് പാത്രീഭവിക്കുന്നവരാണ് പൊതുവേ ചുമട്ടു തൊഴിലാളികൾ. സാധാരണ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിൽ ഉള്ളവർ കൂടുതലായി എത്തിപ്പെടുന്ന തൊഴിൽമേഖലയായതുകൊണ്ടുതന്നെ ഇത് സ്വാഭാവികവുമാണ്. എന്നാൽ നകുലൻ എന്ന ഈ ചുമട്ടുതൊഴിലാളി തൊഴിൽപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയങ്ങളിലും, ന്യായമായ കൂലി വാങ്ങുന്ന കാര്യത്തിനുവേണ്ടി പോലും ഒരിക്കലും സഭ്യേതരമായ ഒരു വാക്കു പോലും പ്രയോഗിച്ചിരുന്നില്ല. സാധാരണ ചുമട്ടുതൊഴിലാളികളെക്കുറിച്ച് ഉയർന്ന് വരാനിടയുള്ള യാതൊരുവിധ പരാതികൾക്കും നാളിതുവരെ നകുലൻ ഇടനൽകിയിട്ടില്ല.

പൊതുവേ താളം തെറ്റിയ ജീവിതം നയിക്കുന്നവരാണ് നല്ലൊരു പങ്ക് ചുമട്ടുതൊഴിലാളികൾ എന്നൊരു പരാതി സാധാരണ കേൾക്കാറുള്ളതാണ്. ഇതിൽ ഒരു പരിധിവരെ സത്യമില്ലാതെയുമില്ല. മദ്യപാനം, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം, ചീട്ടുകളി തുടങ്ങിയ ദു:ശീലങ്ങൾ പലതും ഇവരിൽ പലരെയും ബാധിക്കാറുള്ളവയാണ്. ഇവരുടെ കുടുംബജീവിതവും താളപ്പിഴകൾ നിറഞ്ഞ് സഹതാപാർഹമായ നിലയിൽ ആകാറുണ്ട്. എന്നാൽ ഇതൊന്നും അവരുടെ മാത്രം കുറ്റം കൊണ്ട് സംഭവിക്കുനതല്ല. സമൂഹത്തിന് ഈ വിഭാഗങ്ങളോടുള്ള കാഴ്ചപ്പാട് അടക്കമുള്ള പല സാമൂഹ്യവും സാമ്പത്തികവുമയ കാരണങ്ങൾ ഇതിനു കാരണമാകുന്നുണ്ട്. ഇവർക്ക് സ്വന്തം ജിവിതത്തെ സ്വയം നിയന്ത്രിക്കാനാകാത്ത വിധം ക്രമം തെറ്റുന്നതിന്റെ സാമൂഹ്യവും സാംസ്കാരികവുമായ കാരണങ്ങൾ ഗൌരവപൂർവ്വം പഠന വിധേയമാക്കേണ്ടതാണ്.

എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഏറെയുള്ള ഒരു തൊഴിൽ മേഖലയിൽ മറ്റുള്ള തൊഴിലാളികൾക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു തൊഴിൽജീവിതവും കുടുംബജീവിതവും സാമൂഹ്യജീവിതവും കരുപ്പിടിപ്പിക്കാനായി എന്നതാണ് നകുലനെ വ്യത്യസ്തനാക്കിയത്. ഒരു കോളനി നിവാസികൂടിയായിരുന്ന നകുലന് അവിടെയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ഒരു കുടുംബജീവിതം നയിക്കാനായി. കോളനി നിവാസികൾക്കിടയിൽ പൊതുവെ അവരുടെ ജിവിതത്തിന് സ്വാഭാവികമായ ക്രമഭംഗങ്ങളുണ്ട്. സാധാരണ കോളനി നിവാസികൾ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശുഷ്കാന്തി കാണിക്കാറില്ല എന്നതും ഒരു പ്രധാന സാമൂഹ്യ പ്രശ്നമായി കാണേണ്ടതാണ്. അഥവാ വിദ്യാഭ്യാസ കാര്യങ്ങളിൽ ചിലരെങ്കിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയാൽത്തന്നെ കോളനിയിലെ പ്രത്യേക ജീവിത പരിതസ്ഥിതിയിൽ പെട്ട് കുട്ടികൾ അച്ഛനമ്മമാരുടെ നിയന്ത്രണങ്ങൾക്കപ്പുറത്തായി വിദ്യാഭ്യാസം വഴിമുടങ്ങാറുള്ള സാഹചര്യങ്ങളാണുള്ളത്.

കമ്മ്യൂണിസ്റ്റുകാരും പിൽക്കാലത്ത് ക്രിസ്തീയസഭയുമൊക്കെ ദളിതരുടെയും കോളനി നിവാസികലുടെയും വിദ്യാഭ്യാസ ഉയർച്ചയ്ക്ക് വേണ്ടി പല പരിശ്രങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും പൂർണ്ണമായി വിജയം കണ്ടില്ല. ഇപ്പോഴും നാമമാത്രമായി അതൊക്കെ തുടരുന്നുണ്ട് താനും. വിരലിലെണ്ണാവുന്നവർ മാത്രമാണ് ഈ കോളനിയിൽ പ്ലസ്ടുവിനപ്പുറം പഠിക്കുന്നത്. എന്നാൽ ഇവിടെ മരണപ്പെട്ട നകുലൻ തനിക്കുള്ള ഏക പുത്രന്റെ വിദ്യാഭ്യാസ കാര്യത്തിൽ വിട്ട് വീഴ്ച ചെയ്തില്ല. അദ്ദേഹത്തിന്റെ ഒരേയൊരു മകൻ അജിമോൻ എം.എ, ബി.എഡും സെറ്റും പാസായി പി.എസ്.സിയുടെ നിയമനം കാത്ത് കഴിയുകയാണ്. പാപ്പാല കടമ്പ്രവാരം കോളനിയിലെ ദളിത് വിഭാഗത്തിൽ നിന്നും നിലവിൽ ബിരുദധാരികളായിട്ടുള്ള വിരലിലെണ്ണവുന്നവരിൽ ഒരാളാണ് അജിമോൻ. അജിമോൻ ഇപ്പോൾ ഒരു ഹയർ സെക്കണ്ടറി സ്കൂളിൽ ഗസ്റ്റ് അദ്ധ്യാപകനായി ജോലി നോക്കുന്നുണ്ട്. നകുലന്റെ ഭാര്യ സരസ്വതിയും നാട്ടുകാർക്കിടയിൽ സമ്മതയായ ഒരു മാതൃകാ കുടുംബിനിയാണ്. ലളിതവും സംതുഷ്ടമായ സ്വന്തം കുടുംബത്തിന്റെ നാഥൻ തങ്ങളിൽനിന്ന് അകാലത്തിൽ വിടപറഞ്ഞതിന്റെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ കുറച്ചു കുറച്ചു നാളത്തേയ്ക്കെങ്കിലും നന്നേ പ്രയാസപൊപെടും ഈ അമ്മയും മകനും.

എന്റെ വത്സലശിഷ്യനും ഇപ്പോൾ സഹപ്രവർത്തകനുമായ അജിമോന്റെ പിതാവും ഞാൻ സഹോദരതുല്യനായി നോക്കികാണുകയും ബഹുമാനികുകയും ചെയ്തിരുന്ന മാതൃകാ പുരുഷനുമായ ശ്രീ.നകുലന്റെ വേർപാടിൽ നോന്തുപൊള്ളിയ എന്റെ ആത്മാവിന്റെ ആവിഷ്കരമായ ഈ ചെറു കുറിപ്പ് അദ്ദേഹത്തിനുള്ള ആദരാഞ്ജലികളൊടെ തൽക്കാലം ചുരുക്കുന്നു.

1 comment:

ജി.എൽ.അജീഷ് said...

........ആരും...... കാണാ‍തേ പോകുന്നവരുടെ ജീവിതമാണ് നമ്മൾ കാണേണ്ടത്..........സാർ അത് കാണുക തന്നെ ചെയ്തു.കാഴ്ച്ചയ്ക്ക് മങ്ങലേൽക്കാതെ.....പലരും പലപ്പോഴും കണ്ട ഭാവം നടിക്കാതെ .....അകന്നു മാറി നടന്നു പോകും.