തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, May 15, 2012

മെരിറ്റ് ഈവനിംഗ്


തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ മെരിറ്റ് ഈവനിംഗ്

തട്ടത്തുമല, 2012 മേയ് 15: തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ  എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ നേടിയ തിളക്കമാർന്ന വിജയം പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ആഘോഷമാക്കുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ കിളിമാനൂർ സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയത് തട്ടത്തുമല ഗവ. എച്ച്.എസ്.എസ് ആണ്. പ്ല-സ് ടൂ പരീക്ഷയിലും അഭിമാനാർഹമായ വിജയം കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞു. ഈ സ്കൂളിൽ പഠിക്കുന്ന ബഹുഭൂരിപക്ഷം കുട്ടികളും ദരിദ്രരും സാധാരാരണക്കാരിൽ സാധാരണക്കാരുമായ രക്ഷകർത്താക്കളുടെ മക്കളാണ്. ദരിദ്രവും ദുരിതപൂർണ്ണവുമായ മായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയുന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഈ സ്കൂളിലെ കുട്ടികളുടെ പഠനനിലവാരം ഇത്തരത്തിൽ മെച്ചപ്പെടുത്തുവാനും മികച്ച വിജയം നേടുവാനും   തട്ടത്തുമല സ്കൂളിലെഅദ്ധ്യാപകരും  സമീപത്തെ ട്യൂട്ടോറിയൽ കോളേജുകളും ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്.  ഒപ്പം രക്ഷിതാക്കളുടെ നിർലോഭമായ സഹകരണവും കുട്ടികളുടെ മിടൂക്കും  താല്പര്യവും കൂടുച്ചേർന്നപ്പോൾ സ്കൂളിന് അഭിമാനിക്കാവുന്ന വിജയം  കരസ്ഥമാക്കുവാനായി.

വിജയം ആഘോഷിക്കുന്നു

തട്ടത്തുമല സ്കൂളിനുണ്ടായ ഈ ചരിത്ര വിജയം വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും   നാട്ടുകാരും കൂടിച്ചേർന്ന്   ഒരു ആഘോഷമാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് എസ്.എസ്.എൽ.സി, പ്ലസ്-ടൂ പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും സ്കൂളിലെ അദ്ധ്യാപകരെയും അനുമോദിക്കുന്നതിനും അവർക്ക് ഉപഹാരങ്ങൾ നൽകുനതിനുമായി മെരിറ്റ് ഈവനിംഗ് സംഘടിപ്പിക്കുന്നു. 2012 മേയ് 21 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂൾ അങ്കണത്തിൽ നടക്കുന്ന ഈ ആഘോഷ പരിപാടികൾ ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേന്ദ്രൻ, കിളീമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. താജുദീൻ അഹമ്മദ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.രഘുനാഥൻ തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹ്യ -സാംസ്കാരിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിക്കും.

നാട്ടുകാരുടെ നിർലോഭമായ സഹകരണം


തട്ടത്തുമല സ്കൂൾ നേടിയ സമുജ്ജ്വല വിജയം ആഘോഷിക്കുന്നതിനും കുട്ടികൾക്കും അദ്ധ്യാപകർക്കും സമ്മാനങ്ങളും ഉപഹാരങ്ങളും നൽകുന്നതിനും നാട്ടിലെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും നിർലോഭമായ സഹകരണം നൽകി. പരിപാടിയുടെ മൊത്തം സംഘാടനത്തിനായി അകമഴിഞ്ഞ സാമ്പത്തിക സഹായമാണ് വിവിധ വ്യക്തികളും സ്ഥാപനങ്ങളും നൽകിയിട്ടുള്ളത്.  സ്കൂളിനെ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി സ്കൂൾ വികസന സമിതി നടത്തുന്ന തുടർ പ്രവർത്തനങ്ങൾക്കും എല്ലാവിധ സഹായ സഹകരണങ്ങളും പ്രവാസികളടക്കമുള്ള  പൂർവ വിദ്യാർത്ഥികളും നാട്ടുകാരും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്കൂളിന്റെ സർവ്വതോന്മുഖമായ വികസനത്തിനും  പുരോഗതിയ്ക്കും അനിവാര്യമായ  ഫലപ്രദമായ ജനകീയ ഇടപെടൽ സാദ്ധ്യമാക്കുന്നതിന് പൂർവ്വ  വിദ്യാർത്ഥികളും നാട്ടുകാരും അഭ്യുദയകാംക്ഷികളും ചേർന്നുള്ള  കൂട്ടായ്മയായ തട്ടത്തുമല  സ്കൂൾ വികസന സമിതി (SDCT)നടത്തുന്ന തുടർ പ്രവർത്തനങ്ങൾക്ക് എല്ലാവരിൽ നിന്നും   എല്ലാവിധ സഹായവും  സഹകരണവും പ്രതീക്ഷിക്കുന്നു.

(മേയ് ഇരുപത്തിയൊന്നാം തീയതിയിലെ മെരിറ്റ് ഈവനിംഗിനും തുടർന്ന് സ്കൂൾ വികസനത്തിനും വികസന സമിതി പ്രവർത്തകർ മുഖാന്തരം സാമ്പതിക സഹായം നൽകിയവരുടെയും ഇനി നൽകുന്നവരുടെയും  പേരുവിവരം തുടർന്ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും)

No comments: