ബോംബെ ബാബു വാഹന അപകടത്തിൽ മരണപ്പെട്ടു
തട്ടത്തുമല, 2013 മേയ് 23: ബോബെ ബാബു എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജേന്ദ്രകുമാർ (50) ഇന്ന് രാവിലെ ഒൻപതര മണിയോടടുപ്പിച്ച് ബൈക്കപകടത്തിൽ മരണപ്പെട്ടു. പിരപ്പൻ കോട് മാണിക്കൽ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റൻഡായിരുന്ന അദ്ദേഹം സ്വന്തം ബൈക്കിൽ ഓഫീസിലേയ്ക്ക് പോകും വഴി വെഞ്ഞാറമൂട് തൈയ്ക്കാടിനും പിരപ്പൻ കോടിനും ഇടയ്ക്ക് എം.സി റോഡിൽ വച്ചാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. എതിരെ തിരുവനന്തപുരത്തു നിന്നുംവന്ന കിളീമാനൂർ ഡിപ്പോയിലെ കെ.എ.ആർ.ടിസി ബസ് രാജേന്ദ്രൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകട സ്ഥലത്തിനോട് ചേർന്ന് എതിർവശത്തുള്ള സെന്റ് ജോൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. അത്ര മാരകമായിരുന്നു അപകടം. രാജേന്ദ്രൻ സഞ്ചരിച്ചിരുന്ന ദിശയിൽ വന്ന മറ്റൊരു സ്കൂട്ടറിലും കാറിലും കൂടി ഈ ബസ് ഇടിച്ചിരുന്നു. ഭാര്യാ വീട്ടിൽനിന്നും ദിവസവും രാവിലെ ഓഫീസിലേയ്ക്ക് പുറപ്പെടുന്ന രാജേന്ദ്രകുമാർ സാധാരണ തട്ടത്തുമലയിലോ കിളിമാനൂരിലോ ബൈക്ക് ബൈക്ക് വച്ച ശേഷം ബസിലാണ് യാത്രചെയ്തിരുന്നത്. എന്നാൽ ഇന്ന് വില്ലേജ് ഓഫീസറുടെ ചാർജ് ഏല്പിച്ചിരുന്നതിനാൽ ബൈക്കിൽത്തന്നെ ഓഫീസിലേയ്ക്ക് പോകുകയയിരുന്നു.
മൃതുദേഹം വെഞ്ഞാറമൂട് പോലീസ് ഇങ്ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതുദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ് മാർട്ടം ചെയ്തശേഷം ആദ്യം നെടുമങ്ങാട് താലൂക്ക് ഓഫീസിൽ കൊണ്ടുപോയി. അവിടെ അല്പസമയം പൊതുദർശനത്തിനുവച്ചു. ജില്ലാകളക്ടർ ഉൾപ്പെടെ മൃതുദേഹത്തിൽ റീത്ത് സമർപ്പിച്ചു. ശേഷം മാണിക്കൽ വില്ലേജ് ഓഫീസിൽ കൊണ്ടുവന്ന് കുറച്ചു സമയം അവിടെയും പൊതുദർശനത്തിനു വച്ചു. ശേഷം ജന്മനാടായ തട്ടത്തുമലയിൽ എത്തിച്ച മൃതുദേഹം തട്ടത്തുമല ഗവ. എച്ചെ.എസ്.എസിൽ പൊതു ദർശനത്തിനി വച്ചു. അവിടെ തങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരനും സാമൂഹ്യപ്രവർത്തകനുമായ രാജേന്ദ്രകുമാറിന് അന്ത്യാഞ്‌ജലി അർപ്പിക്കുവാൻ വൻജനവലി എത്തിച്ചേർന്നിരുന്നു. തട്ടത്തുമലയിൽ പൊതുദർശനം കഴിഞ്ഞ് മൃതുദേഹം കടയ്ക്കൽ ആറ്റുപുറത്തുള്ള ഭാര്യാഗൃഹത്തിലേയ്ക്ക് കൊണ്ടു പോയി. രാത്രി പത്ത് മണിയ്ക്ക് സംസ്കാരം.
നാട്ടിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന രാജേന്ദ്രകുമാർ നാട്ടുകാർക്ക് മൊത്തത്തിലും പ്രത്യേകിച്ച് ചെറുപ്പക്കാർക്കും ഏറെ പ്രിയങ്കരനായിരുന്നു. നല്ല വായനശീലം പുലർത്തിയിരുന്ന രാജേന്ദ്രകുമാർ അറിവിന്റെ ഭണ്ഡാരവും വാഗ്‌മിയുമായിരുന്നു. എന്നും യുവാക്കൾക്ക് ഒരു ആവേശമായിരുന്നു അദ്ദേഹം. പ്രതിസന്ധികളുടെയും വെല്ലുവിളീയുടെയും ഘട്ടങ്ങളെ സധൈര്യം അതിജീവിക്കുവാൻ രാജേന്ദ്രകുമാറിന്റെ സഹായവും സാന്നിദ്ധ്യവും നാട്ടിൽ ഏവർക്കും ലഭിച്ചിരുന്നു. റവന്യൂവിലെ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലും നാട്ടുകാർക്ക് ഏറെ സഹായങ്ങൾ അദ്ദേഹം ചെയ്തിരുന്നു.
രാജേന്ദ്രകുമാർ വിവാഹിതനണെങ്കിലും കുട്ടികൾ ഇല്ല. ഭാര്യ ഷീബ. ഭാര്യാഗൃഹത്തിലാണ് ഏതാനും വർഷങ്ങളായി താമസിച്ചുവന്നിരുന്നത്. ഒരു സഹോദരനുണ്ടായിരുന്നത് ഏതാനും വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ടു. ഏക സഹോദരി ലീല തട്ടത്തുമലയിൽ കുടുംബവീടിനോട് ചേർന്ന് കുടുംബമായി താമസം. രാജേന്ദ്രകുമാറിന്റെ പിതാവ് ഏറേക്കാലം ബോംബെയിൽ ആയിരുന്നതിനാലാണ് അദ്ദേഹത്തിന് ബോംബെ ബാബു എന്ന പേരു വീണത്. സർക്കാർ ഉദ്യോഗം ലഭിക്കുന്നതിനുമുമ്പ് സജീവ രാഷ്ട്രീയ പ്രവർത്തകനയിരുന്നു. നിലമേൽ എൻ.എസ്.എസ് കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ എ.ബി.വി.പി പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് നാട്ടിൽ ഡി.വൈ.എഫ്.ഐ-ലും സി.പി.ഐ.എമ്മിലും ചേർന്ന് അതിന്റെ സജീവ പ്രവർത്തകനായി. തട്ടത്തുമല പ്രദേശത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നൽകിയിട്ടുള്ള സേവനങ്ങൾ വിലപ്പെട്ടതാണ്. ഉദ്യോഗ ലഭ്ദ്ധിയ്ക്ക് ശേഷവും തട്ടത്തുമലയിൽ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു രാജേന്ദ്രകുമാർ. അദ്ദേഹത്തിന്റെ വിയോഗം നാട്ടുകാർക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പേർ തട്ടത്തുമലയിലും കടയ്ക്കലുള്ള വീട്ടിലും എത്തി പരേതന് അന്തിമോപചാരങ്ങൾ അർപ്പിച്ചു.
മുകളിൽ പ്രശസ്ത ശാസ്ത്രാന്വേഷകൻ ബി.പ്രേമാനന്ദ് തട്ടത്തുമല ജംഗ്ഷനിൽ ദിവ്യാദ്ഭുത അനാവരണപരിപാടി അവതരിപ്പിക്കാൻ വന്നപ്പോൾ അദ്ദേഹത്തിന്റെ ആട്ടോഗ്രാഫിനായി തടിച്ചുകൂടിയ ചെറുപ്പക്കാർ. ഇതിൽ വലത്തേ അറ്റത്ത് ചിരിച്ചുകൊണ്ടു നിൽക്കുന്ന ബോംബെ ബാബു (രാജേന്ദ്ര കുമാർ) വിനെ കാണാം.
1 comment:
ആദരാഞ്ജലികൾ
Post a Comment