തട്ടത്തുമല നാട്ടുവർത്തമാനം

Sunday, October 16, 2011

യുക്തിവാദിസംഘം ജില്ലാസമ്മേളനം


കേരള
യുക്തിവാദി സംഘം ജില്ലാസമ്മേളനം

ആറ്റിങ്ങൽ, 2011 ഒക്ടോബർ 16: കേരള യുക്തിവാദിസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം എം.എൻ.കൃഷ്ണൻ കുട്ടി നഗറിൽ (ആറ്റിങ്ങൽ ടൌൺ ഹാൾ) നടന്നു. ആറ്റിങ്ങൽ എം.എൽ.എ ബി.സത്യൻ ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ പ്രസിഡന്റ് എൻ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ ധനുവച്ചപുരം, എസ്.കുമാരി (ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ), വേണുഗോപാലൻ നായർ ( ചിറയിൻ കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), അഡ്വ. എസ്.ലെനിൻ ( മുദായ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), പി.ഉണ്ണികൃഷ്ണൻ ( ആറ്റിങ്ങൽ നഗരസഭാ പ്രതിപക്ഷനേതാവ്), അവനവഞ്ചേരി രാജു ( ആറ്റിങ്ങൽ നഗരസഭാ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), എഴുപുന്ന ഗോപിനാഥ് ( കെ.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർമാനുമായ എം.പ്രദീപ് സ്വാഗതവും , സ്വാഗതസംഘം കൺവീനർ ജേക്കബ് പി മാത്യു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ എ.കെ.നാഗപ്പൻ സംഘടനാ റിപ്പോർട്ടും, അക്ടിംഗ് സെക്രട്ടറി എൻ.കെ.ഇസ്ഹാക്ക് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും മറുപടിയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

സമ്മേളനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം "ജാതി നശീകരണം മതരഹിതസമൂഹത്തിലൂടെ" എന്ന വിഷയത്തിൽ സെമിനാർ നടന്നു. ജമീലാ പ്രകാശം എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. എം.പി.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. രാജഗോപാൽ വാകത്താനം വിഷയം അവതരിപ്പിച്ചു. ജി.തുളസീധരൻ പിള്ള ( കെ.എസ്.റ്റി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്), തോട്ടയ്ക്കാട് ശശി ( ബി.ജെ.പി സംസ്ഥാന സമിതി അംഗം), ഉണ്ണി ആറ്റിങ്ങൽ, ജെ.ശശി ( ജി.എസ്.റ്റി.യു സംസ്ഥാന പ്രസിഡന്റ്) എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. സെമിനാറിൽ വട്ടവിള സുരേന്ദ്രൻ ( മിശ്രവിവാഹ വേദി സെക്രട്ടറി) സ്വാഗതവും ജയകാന്തൻ മഞ്ഞാലുംമൂട് (കെ.വൈ.എസ് ജില്ലാ കമ്മിറ്റി അംഗം) നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ ശരീരദാന-നേത്രദാന സമ്മതിപത്രം നൽകലും സംഘടിപ്പിച്ചിരുന്നു. പുതിയ ഭാരവാഹികളായി എൻ.ദാമോദരൻ (പ്രസിഡന്റ്), എം.പ്രദീപ് (സെക്രട്ടറി) എന്നിവരെയും ഇരുപത്തിയഞ്ചംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

സമ്മേളനത്തോടനുബന്ധിച്ച് വൈകുന്നേരം ആറ്റിങ്ങൽ കെ.എസ്.ആർ.റ്റി സി ജംഗ്ഷനിൽ പൊതുയോഗവും ദിവ്യാദ്ഭുത അനാവരണ പരിപാടിയും നടന്നു. പൊതുയോഗം കെ.മഹേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ പുതിയ ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. രാജഗോപാൽ വാകത്താനം, സുകുമാരൻ ധനുവച്ചപുരം, കിളീമാനൂർ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കുടയാൽ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എം.എ.മുഹമ്മദ് ഖാനും സംഘവും ദിവ്യാദ്ഭുത അനാവരണ പരിപാടി അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എൻ.ദാമോദരൻ (പ്രസിഡന്റ്), എം.പ്രദീപ് (സെക്രട്ടറി) എന്നിവരെയും ഇരുപത്തിയഞ്ചംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Saturday, October 15, 2011

സി.പി.എം ആകുന്നത് അത്ര വലിയ അപരാധമോ?


സി.പി. ഐ. (എം) ആകുന്നത് അത്ര വലിയ അപരാധമോ?

ഇവിടെ വിവിധ വാർത്താ മാദ്ധ്യമങ്ങൾ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി. എമ്മിനും എതിരെ നടത്തുന്ന പ്രചണ്ഡമായ പ്രചരണങ്ങൾ കാണുമ്പോൾ ചോദിക്കാനുള്ള ചില ചോദ്യങ്ങളാണ് കുറിപ്പിൽ എഴുതാൻ ഉദ്ദേശിക്കുന്നത്. സി.പി. എമ്മിലോ മറ്റേതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിലോ വിശ്വസിക്കുകയോ അവയിലേതിലെങ്കിലും അംഗമാവുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണ് എന്ന് ധ്വനിപ്പിക്കുന്നവയാണ് അച്ചടി മാധ്യമങ്ങളിലൂടെയും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും വിവിധ സോഷ്യൽ നെറ്റ്വർക്കുകളിലൂടെയും നടത്തുന്ന ഇടതുപക്ഷ-സി.പി. എം വിരുദ്ധ പ്രചരണങ്ങൾ. സി.പി. എമ്മിനെയാണ് ഏറ്റവും പ്രധാനമായി ഇവർ ഉന്നം വയ്ക്കുന്നത്. ഒരു ഇന്ത്യക്കാരൻ സി.പി. എം ആകുന്നതാണോ ഏറ്റവും വലിയ രാഷ്ട്രീയ അപരാധം? ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അതിനുമാത്രം മോശപ്പെട്ട ഒരു പ്രസ്ഥാനമാണോ സി.പി..എം? ഇവിടുത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സി.പി..എമ്മിനേക്കാൾ മെച്ചപ്പെട്ടവയും കുറ്റമറ്റവയുമാണോ? സി.പി..എം എന്ന പാർട്ടിയെ സദാ ദോഷൈക ദൃഷ്ടിയോടെ മാത്രം കാണുന്നതിനു പിന്നിലെ മന:ശാസ്ത്രം എന്താണ്? ഇതേതുതരം അസുഖത്തിൽ‌പ്പെടും?

ഇവിടെ അപകടകരമായ ഒരുപാട് രാഷ്ട്രീയ സാമുഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുണ്ട്. അവയ്ക്കെതിരെ ആശയപ്രചരണം നടത്തി അവയെ ദുർബലപ്പെടുത്താനുള്ള ഊർജ്ജം മുഴുവനും ഇടതുപക്ഷവിരുദ്ധപ്രചരണങ്ങൾ നടത്തി പാഴാക്കുകയാണ് ആദർശകമ്മ്യൂണീസത്തിന്റെ മേലങ്കിയണിഞ്ഞവർപോലും. ഇവിടെ കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അതുതന്നെ. എന്നാൽ കോൺഗ്രസ്സ് മുതലാളിത്തത്തിന്റെ സംരക്ഷകരും ഇതിന്റെ നേതാക്കൾ നല്ലൊരു പങ്കും അഴിമതിയും ക്രിമിനൽ വാഴ്ചയും അലങ്കാരമായി കൊണ്ടു നടക്കുന്നവരുമാണ്. എന്നാൽ കോൺഗ്രസ്സിൽ വിശ്വസിക്കുന്നതോ പ്രവർത്തിക്കുന്നതോ ഒരു അപരാധമായി ഇവിടെ ഇടതുപക്ഷ വിരുദ്ധപ്രചാരകർ കാണുന്നില്ല. ഇവിടെ ബി.ജെ.പി എന്നൊരു രാഷ്ട്രീയപ്രസ്ഥാനമുണ്ട്. അത് വർഗ്ഗീയ അജൻഡകളുമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ പ്രവർത്തനങ്ങൾ അക്രമോത്സുകമാണെന്നും അവരും മുതലാളിത്തത്തിന്റെ വക്താക്കളും അഴിമതി, ക്രിമിനൽ വാഴ്ച എന്നിവയിൽ കോൺഗ്രസ്സിനേക്കാൾ പിന്നിലല്ലെന്നും എല്ലാവർക്കും അറിയാം. ആർ.എസ്.എസ് എന്ന അക്രമോത്സുക വർഗീയ സംഘടനയാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും എല്ലാവർക്കും അറിയാം. ഹിന്ദുരാഷ്ട്രം അവരുടെ ആത്യന്തിക ലക്ഷ്യമാണെന്നും മുസ്ലിം-ക്രൈസ്തവ-കമ്മ്യ്യുണിസ്റ്റ് വിരോധവും അസഹിഷ്ണുതയും അവരുടെ മുഖമുദ്രയാണെന്നും എല്ലാവർക്കുമറിയാം. എന്നാൽ ഒരു ബി.ജെ.പിക്കാരനോ, ആർ.എസ്.എസ് കാരനോ ശിവസേനക്കാരനോ ആകുന്നതിൽ ഒരു അപരാധവും ഇടതുപക്ഷത്തെ വിമർശിച്ച് നന്നാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന കപട ആദർശശാലികളോ മാധ്യമ പുംഗവന്മാരോ കാണുന്നില്ല. ഒരാൾ ഒരു ഹിന്ദു വർഗ്ഗീയ വാദി ആകുന്നതിലും വലിയ അപകടം സി.പി..എം ആകുന്നതാണോ?

ഇവിടെ എൻ.ഡി.എഫ്, എസ്.ഡി.പി. എന്നിങ്ങനെ പലപേരുകളിൽ മുസ്ലിം വർഗ്ഗീയ സംഘടനകൾ ഉണ്ട്. അക്രമോത്സുക സംഘടനകളിലും ധാരാളം പേർ പ്രവർത്തിക്കുന്നുണ്ട്. ആയുധപരിശീലനവും അക്രമവും കൊലപാതകവും ആർ.എസ്.എസിന് എന്ന പോലെ ഇവരും അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ്. ആർ.എസ്.എസും എൻ.ഡി.എഫും ബദലുക്കു ബദലും രണ്ടും ഒരുപോലെ അപകടകാരികളും ആണെന്ന് അറിയാത്തവർ ആരുമില്ല. രണ്ടുകൂട്ടരുടെയും പൊതുശത്രു സി.പി..എം ആണെന്നത് ഇത്തരുണത്തിൽ എടുത്തു പറഞ്ഞുകൊള്ളുന്നു. അതെന്തുകൊണ്ടാണെന്നും എല്ലാവർക്കും അറിയാം. ഒരു എസ്.ഡി.പി.ഐക്കാരനോ എൻ.ഡി.എഫുകാരനോ ആകുന്നതിലും വലിയ അപരാധമാകുമോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇവിടെ മുസ്ലിം ലീഗ് എന്നൊരു സംഘടനയുണ്ട്. മതേതരം എന്നു പറയുന്നെങ്കിലും പാർട്ടിയുടെ പേരിൽത്തന്നെ മുസ്ലിം എന്ന് എഴുതിവച്ചിട്ടുണ്ട്. അനുയായികൾ എല്ലാം മുസ്ലിങ്ങൾ മാത്രമാണു താനും. സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ ചില അമുസ്ലിങ്ങളെ നിർത്തും എന്നതൊഴിച്ചാൽ പാർട്ടിയിൽ വലിയ മതേതരത്വമൊന്നും ദർശിക്കാനാകില്ല. തികഞ്ഞ വർഗ്ഗീയ-ഭീകരവാദികൾ ഒന്നുമല്ലെന്നു സമ്മതിക്കാം. പക്ഷെ നയങ്ങളിലും , അഴിമതി, ക്രിമിനൽവാഴ്ച മുതലായവയിൽ കോൺഗ്രാസിനെയോ ബി.ജെ.പിയെയോകാൾ ഒട്ടും പിന്നിലല്ല മുസ്ലിം ലീഗ്. മുതലാളിത്തത്തിന്റെ വക്താക്കൾതന്നെ അവരും. ഒരു മുസ്ലിം ലീഗ്കാരൻ ആകുന്നതിലും വലിയ അപരാധമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. കേരളാ കോൺഗ്രാസുകാർ. പേരിൽ മതമൊന്നുമില്ലെങ്കിലും ക്രിസ്ത്യാനികൾ അല്ലാത്തവരും കുറച്ചൊക്കെ അനുയായികളായി ഉണ്ടെങ്കിലും പള്ളി അരമന നിയന്ത്രിക്കുന്ന ഒരു കൈസ്തവ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കാണ് അതിന്റെയും നിലനിൽ‌പ്. ഭീകരവാദികളോ തികഞ്ഞ വർഗ്ഗീയ വാദികളോ ഒന്നുമല്ലെങ്കിലും നയങ്ങൾ, അഴിമതി, ക്രിമിനൽ വാഴ്ച, മുതലാളിത്തത്തോടുള്ള കൂറ് തുടങ്ങിയവയിൽ മേല്പറഞ്ഞ വലതുപക്ഷ സംഘടനകളിൽ നിന്ന് ഒട്ടും വിഭിന്നമല്ല കേരളാ കോൺഗ്രസ്സ്. ഒരു കേരളാ കോൺഗ്രസ്സുകാരൻ ആകുന്നതിലും മോശമായ ഒരു കാര്യമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്?

ഇന്ത്യയിൽ നിലവിലിലുള്ളത് ഒരു മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയാണെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും ദൌർബല്യവും മനസിലാക്കാത്തവരല്ല ഒരു വിധം രാഷ്ട്രീയവിവരമുള്ള ആരും. ജാതിമത വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യയിലെ മോശമായ ചില സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളിൽ പലതും കമ്മ്യൂണീസ്റ്റുകാർക്കെന്നല്ല ആർക്കും ഒറ്റയറ്റിയ്ക്ക് ഇല്ലാതാക്കനാകില്ല എന്നതും എല്ലാവർക്കും അറിയാം. മുതലാളിത്തമടക്കമുള്ള ഇത്തരം സാമൂഹ്യാവസ്ഥകളോടൊക്കെ അല്പം ചില നീക്കുപോക്കുകളും പൊരുത്തപ്പെടലുകളും നടത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഇടതുപക്ഷവും പ്രവർത്തിക്കുന്നത് എന്നതും നിഷേധിക്കുന്നില്ല. പക്ഷെ ഒരു ഇടതുപക്ഷക്കാരനാകുക, അല്ലെങ്കിൽ സി.പി..എമ്മുകാരനാകുക എന്നതിലപ്പുറം ഒരു അപരാധമില്ലെന്ന മട്ടിൽ പ്രചരണം നടത്തിയാലോ? മുതലാളിത്ത ഏജന്റുമാരിൽ നിന്ന് അച്ചാരംപറ്റി അത്തരം പ്രചരണം നടത്തുന്നവരെ മനസിലാക്കാം. പക്ഷെ സ്വന്തം ചൊറിച്ചിൽ മാറ്റാൻ വേണ്ടിമാത്രം അത്തരം ഇടതുപക്ഷ വിരുദ്ധ പ്രചരണം നടത്തുന്നതിനും ഇടതുപക്ഷത്തെ തീരെ ഇകഴ്ത്തുന്നതിനും പിന്നിലുള്ള അവരരവർ മനോരോഗം സ്വയം അറിഞ്ഞ് ചികിത്സിക്കുകതന്നെ വേണം എന്നേ ഉപദേശിക്കുവാനുള്ളൂ. അല്ലെങ്കിൽ മാർക്സിസ്റ്റ് വിരുദ്ധർ പകരം വയ്ക്കാൻ ഒരു സംവിധാനം കൂടി മുന്നോട്ടുവയ്ക്കുക.

ഞാൻ ബ്ലോഗിൽ വരുന്ന കാലത്ത് രാഷ്ട്രീയം അധികം എഴുതാറില്ലായിരുന്നു. പിന്നീട് ഓരോരോ ബ്ലോഗുകൾ വായിക്കുമ്പോൾ പലരും കോൺഗ്രസ്സിനുവേണ്ടി ബ്ലോഗെഴുതുന്നു. മുസ്ലിം ലീഗിനു വേണ്ടി എഴുതുന്നു. ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും വേണ്ടി ബ്ലോഗെഴുതുന്നു. എൻ.ഡി.എഫിനു വേണ്ടി ബ്ലോഗെഴുതുന്നു. സുന്നികൾക്കു വേണ്ടി ബ്ലോഗെഴുതുന്നു. മുജാഹിദുകൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. ജമാ‍അത്തെ ഇസ്ലാമിക്കു വേണ്ടി ബ്ലോഗെഴുതുന്നു. യുക്തിവാദികൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. തികഞ്ഞ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. നിരവധി പ്രതിലോമാശയങ്ങൾ ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. മാടമ്പിത്തത്തെയും സ്ത്രീ പീഡനത്തെയും അഴിമതിയെയും മറ്റും അനുകൂലിച്ചുപോലും എഴുതുന്നു. ചിലരാകട്ടെ തികഞ്ഞ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നു. പക്ഷെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നത് ഒരു ഇടതുപക്ഷവിരുദ്ധ എഴുത്തു കണ്ടാൽ അതിനെ അനുകൂലിച്ചു കമന്റെഴുതാൻ അസാമാന്യമായ തിക്കുംതിരക്കുമാണ്. ഒരു ഇടതുപക്ഷ അനുകൂല എഴുത്തു വന്നാലോ പല്ലും നഖവുമായി ചാടിയിറങ്ങാൻ ഊരും പേരും ഉള്ളവരും ഇല്ല്ലാത്തവരും നിരവധി. സി.പി.എം അനുകൂല എഴുത്തെങ്ങാനും കണ്ടാൽ ഇങ്ങനെയൊന്നുമല്ല ബ്ലോഗെഴുതേണ്ടതെന്നും ബ്ലോഗെഴുത്തെന്നാൽ ഇടതുപക്ഷ വിരുദ്ധ എഴുത്താണെന്നും മറ്റും ഉപദേശിക്കുവാൻ പോലും ആളുകൾ ഉണ്ടായ്‌വന്നു. ഇക്കണ്ട പ്രതിലോമ ആശയക്കാർക്കൊക്കെയും അവരുടെ രാഷ്ട്രീയം എഴുതാമെങ്കിൽ ഞാനെന്തിന് എന്റെ രാഷ്ട്രീയം മറച്ചുവയ്ക്കുന്നെവെന്നു കരുതിയാണ് ഞാനും രാഷ്ട്രീയം എഴുത്തു തുടങ്ങിയത്. തീർച്ചയായും ഇടതുപക്ഷത്തിനോ സി.പി. എമ്മിനോ അനുകൂലമായി എഴുതുന്നതിൽ യാതൊരു കുറവും കാണുന്നില്ല. അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചുതന്നെ എഴുതും. അത്യാവശ്യം ഇടതുപക്ഷത്തെത്തന്നെ വിമർശിക്കേണ്ട സന്ദർഭത്തിൽ വിമർശിക്കുകയും ചെയ്യും. അല്ലാതെ ഇന്നയിന്ന കാരണങ്ങളാൽ ഞാനെന്ന മഹാനിതാ കമ്മ്യൂണിസ്റ്റല്ലാതാകുന്നു എന്നു വിളംബരം ചെയ്ത് ആരുടെയെങ്കിലും കൈയ്യടി വാങ്ങേണ്ട യാതൊരാവശ്യവും ഇല്ല. ഇടതുപക്ഷ അനുകൂല എഴുത്തുകൾ ഇനിയും പ്രതീക്ഷിക്കുക! അല്ലപിന്നെ!

Saturday, October 8, 2011

തട്ടത്തുമലയിൽ എഞ്ചിനീയറിംഗ് കോളേജ്


തട്ടത്തുമലയിൽ എഞ്ചിനീയറിംഗ് കോളേജ്

കീളിമാനൂർ, 2011 ഒക്ടോബർ 7: തട്ടത്തുമലയിൽ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് വരുന്നു; വിദ്യാ എഞ്ചിനീയറിംഗ് കോളേജ്. ഇതിന്റെ ശിലാസ്ഥാപനവും നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കിളിമാനൂരിൽ നടന്നു. വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ കാമ്പസ്, കിളീമാനൂർ (മലയ്ക്കൽ പി.ഓ, തിരുവനന്തപുരം-695602) എന്ന മേൽ വിലാസത്തിലായിരിക്കും കോളേജ് പ്രവർത്തിക്കുക. 2012 -ൽ അഡ്മിഷനും ക്ലാസ്സുകളും ആരംഭിക്കത്തക്ക നിലയിലാണ് പ്രോജക്ട് തയ്യറാക്കിയിട്ടുള്ളത്. തൃശൂർ ആസ്ഥാനമാക്കിയുള്ള പ്രവാസിമലയാളികളുടെ സംരംഭമായ വിദ്യാ ഇന്റെർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരു യൂണിറ്റാണ് തട്ടത്തുമലയ്ക്കു സമീപം ചാവരുപച്ചയിലുള്ള പുതിയ എഞ്ചിനീയറിംഗ് കോളേജ്. തൃശൂർ ഭാഗത്ത വേറെയും ഒരു കോളേജ് ഇവർക്കുണ്ട്.

തട്ടത്തുമലയിൽ നിന്ന് ഏതാണ്ട് നാലു കിലോമീറ്റർ ഉള്ളിലായി വട്ടപ്പാറ ചാവരുപച്ചയിലാണ് കോളേജ് സ്ഥാപിക്കുന്നത്. പനപ്പാംകുന്ന് എന്ന സ്ഥലത്തിനും സമീപമാണ് ചാവരുപച്ച. തട്ടത്തുമല പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ വിദ്യാ എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്ന ചാവരുപച്ച, പനപ്പാംകുന്ന് എന്നീ പ്രദേശങ്ങൾ കിളിമാനൂർ ഗ്രാമപഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ തട്ടത്തുമലയിൽ നിന്നാണ് ഈ കോളേജിൽ എത്താൻ ഏറ്റവും സൌകര്യം. ഇവിടേയ്ക്കുള്ള പ്രധാന റോഡ് തട്ടത്തുമലയിൽ നിന്ന് പടിഞ്ഞാറേയ്ക്ക് തിരിയുന്നതാണ്.

കോളേജിന്റെ ശിലാസ്ഥാപനവും നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 2011 ഒക്ടോബർ 7-വെള്ളിയാഴ്ച 3 മണിയ്യ്ക്ക് കിളിമാനൂർ ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ മിസോറാം ഗവർണ്ണം ശ്രീ. വക്കം പുരുഷോത്തമൻ നിർവ്വഹിച്ചു. മന്ത്രി കെ.സി.ജോസഫ്, എ.സമ്പത്ത് എം.പി , ബി.സത്യൻ എം.എൽ.എ, എം.എം.ഹസ്സൻ, കെ.ജി.പ്രിൻസ് തുടങ്ങിയവ നിരവധി പ്രശസ്ത വ്യക്തികളും നാട്ടുകാരുംമറ്റും പങ്കെടുത്തു. ശേഷം സംഗീതവിരുന്നും നടന്നു.

കോളേജിന്റെ വരവോടെ തട്ടത്തുമല, കൈലാസംകുന്ന്, വട്ടപ്പാറ, ചാവരുപച്ച, പനപ്പാംകുന്ന് പ്രദേശങ്ങളിൽ വസ്തുക്കൾക്ക് വലിയ ഡിമാൻഡും, വസ്തുവിലയിൽ ഗണ്യമായ വർദ്ധനവും ഉണ്ടായിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ചിറയിൽകീഴ് തലൂക്കിൽ ഉൾപ്പെടുന്ന കിളീമാനൂർ, പഴയകുന്നുമ്മേൽ, മടവൂർ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന നിലമേൽ എന്നീ നാല് ഗ്രാമ പഞ്ചായത്തുകൾ തൊട്ടുരുമ്മിക്കിടക്കുന്ന ഒരു പ്രദേശത്താണ് ഈ പുതിയ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്. കോളേജിന്റെ വരവ് ഈ പ്രദേശങ്ങളുടെ ചെറുതല്ലാത്ത വികസനത്തിന് ഗതിവേഗം കൂട്ടുമെന്നു കരുതുന്നു.

Thursday, October 6, 2011

സി.പി.ഐ (എം) ബ്രാഞ്ച് സമ്മേളനം


സി.പി.ഐ (എം) ബ്രാഞ്ച് സമ്മേളനം


സി.പി.ഐ (എം) തട്ടത്തുമല ബ്രാഞ്ച് സമ്മേളനം 2011 ഒക്ടോബർ 3 ന് കെ.എം. ലൈബ്രറിഹാളിൽ കിളീമാനൂർ ഏരിയാ സെക്രട്ടരി മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ജയതിലകൻ നായരെ വീണ്ടും തെരഞ്ഞെടുത്തു.

യുവാവ് ആത്മഹത്യ ചെയ്തു


യുവാവ് ആത്മഹത്യ ചെയ്തു


2011 ഒക്ടോബർ 5: തട്ടത്തുമല ലക്ഷം വീട് കോളനിയിൽ താമസിച്ചു വന്ന ഉദ്ദേശം 26 വയസ്സുള്ള വേണു വീടിന്റെ ടെറസിന്റെ മുകളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പാട്ടറ സ്വദേശിയായ യുവാവ് ഇവിടെ ലക്ഷംവീട്ടിൽ സ്വന്തം സഹോദരിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. സഹോദരി വഴക്കുകാര്യത്തിന് വഴക്ക് പറഞ്ഞെന്ന നിസാര കാര്യത്തിനാണ് യുവാവ് സ്വയം ജീവനൊടുക്കിയതെന്നാണ് പറയപ്പെടുന്നത്.

2011 ഒക്ടോബർ 6 : ഇന്നലെ തട്ടത്തുമല ലക്ഷംവീട്ടിൽ ആത്മഹത്യ ചെയ്ത വേണുവിന്റെ മൃതുദേഹം കിളിമാനൂർ എസ്. സുരേഷ് കുമാറും സംഘവും വന്ന് ഇങ്ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു കൊണ്ടു പോയി. സംസ്കാരം കല്ലറ പാട്ടറയിൽ.

2011 സെപ്റ്റംബർ വാർത്തകൾ

2011 സെപ്റ്റംബർ വാർത്തകൾ

യുവാവ് ആത്മഹത്യ ചെയ്തു

2011 ഒക്ടോബർ 5: തട്ടത്തുമല ലക്ഷം വീട് കോളനിയിൽ താമസിച്ചു വന്ന ഉദ്ദേശം 26 വയസ്സുള്ള വേണു വീടിന്റെ ടെറസിന്റെ മുകളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പാട്ടറ സ്വദേശിയായ ഈ യുവാവ് ഇവിടെ ലക്ഷംവീട്ടിൽ സ്വന്തം സഹോദരിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. സഹോദരി വഴക്കുകാര്യത്തിന് വഴക്ക് പറഞ്ഞെന്ന നിസാര കാര്യത്തിനാണ് ഈ യുവാവ് സ്വയം ജീവനൊടുക്കിയതെന്നാണ് പറയപ്പെടുന്നത്.

2011 ഒക്ടോബർ 6 : ഇന്നലെ തട്ടത്തുമല ലക്ഷംവീട്ടിൽ ആത്മഹത്യ ചെയ്ത വേണുവിന്റെ മൃതുദേഹം കിളിമാനൂർ എസ്.ഐ സുരേഷ് കുമാറും സംഘവും വന്ന് ഇങ്ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു കൊണ്ടു പോയി. സംസ്കാരം കല്ലറ പാട്ടറയിൽ.

സി.പി.ഐ (എം) ബ്രാഞ്ച് സമ്മേളനം

സി.പി. (എം) തട്ടത്തുമല ബ്രാഞ്ച് സമ്മേളനം 2011 ഒക്ടോബർ 3 ന് കെ.എം. ലൈബ്രറിഹാളിൽ കിളീമാനൂർ ഏരിയാ സെക്രട്ടരി മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ജയതിലകൻ നായരെ വീണ്ടും തെരഞ്ഞെടുത്തു.

അംബുജാക്ഷൻ സാർ മരണപ്പെട്ടു

തട്ടത്തുമല, 2011 സെപ്റ്റംബർ 25: തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ആദ്യകാല അദ്ധ്യാപകനും നാട്ടിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ആയിരുന്ന അമ്പുജാക്ഷൻ സാർ (74) അന്തരിച്ചു. ഇന്ന് രാത്രി 8-30 മണിയോടെ വീട്ടിൽ വച്ച് ഒരു തളർച്ച വരികയും മരണം സംഭവിക്കുകയുമായിരുന്നു. ഉടൻതന്നെ കിളിമാനൂരിൽ സരളാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മരണം സ്ഥിരീകരിച്ച് മൃതുദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നു. നിരവധി വർഷം തട്ടത്തുമല സ്കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപകനായിരുന്ന അംബുജാക്ഷൻസാർ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. ഭാര്യ: ലീലാകുമാരി. ഷെർളി, ഷീബ, ഷോബി. മരുമക്കൾ: ഹരി, ഷിബു, പ്രിയങ്ക. സംസ്കാരം 2011 സെപ്റ്റംബർ 26-ന് രാവിലെ 10 മണിയ്ക്ക്.

നിലമേലില്‍ വാഹന അപകടം

തട്ടത്തുമല, 2011 സെപ്റ്റംബർ 25: നിലമേൽ ജംഗ്ഷനിൽ ഇന്ന് രാവിലെ പത്ത് മണിയോടടുപ്പിച്ച് നടന്ന വാഹന അപകടം. തത്സമയം അലന്‍ സ്റ്റുഡിയോയിലെ കപിൽ എടുത്ത ചിത്രം

Sunday, September 25, 2011

അംബുജാക്ഷൻ സാർ മരണപ്പെട്ടു


അംബുജാക്ഷൻ സാർ മരണപ്പെട്ടു

തട്ടത്തുമല, 2011 സെപ്റ്റംബർ 25: തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ആദ്യകാല അദ്ധ്യാപകനും നാട്ടിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ആയിരുന്ന അമ്പുജാക്ഷൻ സാർ (74) അന്തരിച്ചു. ഇന്ന് രാത്രി 8-30 മണിയോടെ വീട്ടിൽ വച്ച് ഒരു തളർച്ച വരികയും മരണം സംഭവിക്കുകയുമായിരുന്നു. ഉടൻതന്നെ കിളിമാനൂരിൽ സരളാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മരണം സ്ഥിരീകരിച്ച് മൃതുദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നു. നിരവധി വർഷം തട്ടത്തുമല സ്കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപകനായിരുന്ന അംബുജാക്ഷൻസാർ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. ഭാര്യ: ലീലാകുമാരി. ഷെർളി, ഷീബ, ഷോബി. മരുമക്കൾ: ഹരി, ഷിബു, പ്രിയങ്ക. സംസ്കാരം 2011 സെപ്റ്റംബർ 26-ന് രാവിലെ 10 മണിയ്ക്ക്.