തെരുവുനാടകം
(തട്ടത്തുമല കൃസ്ത്യന്‍ ചര്‍ച്ചിലെ ഏതാനും പെണ്‍കുട്ടികള്‍ക്ക് അവതരിപ്പിയ്ക്കുന്നതിനു വേണ്ടി പെട്ടെന്ന് എഴുതിയതാണ് ഈ തെരുവ് നാടകം)
( ഉചിതമായ നല്ല ഗാനങ്ങളും സംവിധായകന്‍റെ തനതായ സംഭാവനകളും ചേര്‍ത്ത് ഈ സ്ക്രിപ്റ്റ് ഒരു നല്ല നാടക രൂപമാക്കി മാറ്റുക.)
ജീവന്‍റെ വില
അവതരണഗാനം-കോറസ്
സുന്ദരമീ ഭൂവില്‍ ദാനമായ് കിട്ടുന്ന
ഒരുതുള്ളി ജീവ സൗഭാഗ്യം
(പാട്ട് ഉചിതമായത് എഴുതി ചേര്‍ക്കുക)
(കഥാപാത്രങ്ങളുടെ പേരിനു പ്രസ്സക്തിയില്ല . അഭിനയിക്കുന്നവര്‍ക്കും സംവിധായകനും തിരിച്ചറിയാന്‍ വേണ്ടി ഓരോ പേരു നല്കുന്നു. ഗ്രേസി, ഷൈനി, റാണി, വിമല, രാധമ്മ, അന്നമ്മ, സുമിത്ര. )
രംഗം 1
സുമിത്ര: (പ്രവേശിയ്ക്കുന്നു) ഞാന്‍ സൂത്രധാരി. അല്ലെങ്കില്‍, സൂത്രക്കാരി. നാടകം.....അല്ല..... നാട്ടകം തന്നെ! ആരംഭിക്കുന്നു. ആദ്യം ഞാന്‍ നിങ്ങള്‍ക്ക് നീലിമയെ പരിചയപ്പെടുത്താം. (പിന്‍വാങ്ങുന്നു )
രംഗം 2
ഗ്രേസി: (നീലിമയായി വരുന്നു) ഞാന്‍ നീലിമ ; സ്വപ്നങ്ങളുടെ കൂട്ടുകാരി. പക്ഷെ ഇന്നെന്‍റെ സ്വപ്നങ്ങളെല്ലാം തകര്‍ന്നിരിയ്ക്കുന്നു. അവന്‍...അവനെന്നെ ചതിച്ചു. ഞാന്‍ അവനെ സ്നേഹിച്ചു. അവന് എന്നെ സമര്‍പ്പിച്ചു. പക്ഷെ അവന്‍ എന്നെ പലര്‍ക്കും പിന്നീട് കാഴ്ചവച്ചു. ഇന്നു എന്റെ വയറ്റില്‍ ഒരു പുതുജീവനുണ്ട്. പക്ഷെ സമൂഹം അതംഗീകരിയ്ക്കില്ല. ഞാന്‍ അവഹേളിയ്ക്കപ്പെടും. . അതുകൊണ്ട് ഞാന്‍ ഇനി ജീവിക്കുന്നില്ല. എന്റെ ജീവിതമേ നീ എന്നോട് പൊറുക്കുക. ഈ മരണത്തിനുത്തരവാദി ഞാനല്ല. ഈ സമുഹമാണ്. എന്റെയും എന്റെ വയറ്റില്‍ വളരുന്ന ആ പൊന്നോമാനയുടെ ജീവിതവും..... കഴിയുമെങ്കില്‍ എന്നോട് ക്ഷമിയ്ക്കട്ടെ. വിട......വിട......(കയറില്‍ തൂങ്ങി മരിയ്ക്കുന്നാതായി അഭിനയിക്കുന്നു, പിന്‍വാങ്ങുന്നു)
പാട്ട്- കോറസ്
സുന്ദരമീ ഭൂവില്‍ ദാനമായ്
കിട്ടുന്നഒരുതുള്ളി ജീവ സൗഭാഗ്യം
രംഗം 3
സുമിത്ര: (പ്രവേശിയ്ക്കുന്നു) കണ്ടില്ലേ, ഇതു നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ഒരു സംഭവം മാത്രം. നീലിമ കയറില്‍ ജീവന്‍ ഒടുക്കുന്നത് ആരും കണ്ടില്ല. അതുകൊണ്ട് ആരും രക്ഷിച്ചതുമില്ല. അവളും ഒന്നുമറിയാത്ത നിരപരാധിയായ ഒരു ഗര്‍ഭസ്ഥ ശിശുവും കര്ത്താവിങ്കല്‍ നിദ്ര പ്രാപിച്ചു.സ്വര്‍ഗ്ഗ രാജ്യത്തില്‍ ചെന്നു ആ പിഞ്ചു പൈതല്‍ തന്റെ അമ്മയോട് എന്തായിരിക്കും ചോദിച്ചിരിക്കുക. പ്രസവിക്കാത്ത ആ അമ്മ എന്തായിരിക്കും പറഞ്ഞിരിക്കുക. കര്‍ത്താവിന്റെ ശിക്ഷ ആ മാതൃത്വത്തിനോ,അവളുടെ കാമുകനോ, അതോ സമൂഹത്തിനോ? ഉത്തരം കിട്ടാത്ത ചോദ്യം ചോദിച്ചു ബുദ്ധിമാട്ടിക്കരുതെന്നോ? ക്ഷമിക്കുക ഞാനിനിയും വരും.
രംഗം 4
( ഗ്രേസി, ഷൈനി, റാണി, വിമല എന്നിവര്‍ പ്രവേശിക്കുന്നു. പരിഷ്കാരികളായ കോളേജ് വിദ്യാര്‍ത്ഥിനികളാണ്. )
ഷൈനി : (മൊബൈല്‍ ഫോണ്‍ ചെയ്യുന്നു.) ഹല്ലോ, ങാ...... ഞാന്‍ എത്തും. ഇത്ര തിടുക്കമെന്താ, ങേ... ഛെയ്, പോടാ !ഞാന്‍ അങ്ങ് വരട്ടെ ശരിയാക്കിത്തരാം. വേണ്ട വേണ്ട . കുട്ടാ, ഓക്കേ ഡാ.
വിമല: ആരാടീ , നിന്റെ മറ്റവന്‍ തന്നേ?
ഷൈനി: പിന്നല്ലാതെ, നിനക്കു ഇതൊന്നും പറഞ്ഞിട്ടില്ലാല്ലോ.
വിമല: കളി കാര്യമാകാതെ നോക്കിയ്ക്കോ! (റാണിയും, ഗ്രേസിയും ഏതോ പുസ്തകം ചേര്‍ന്നുനിന്നു കൌതുകത്തോടെ വായിക്കുകയായിരുന്നു)
ഷൈനി: ലവളുമാര്‍ ഇതെന്താ വായിക്കുന്നത്. (വിമലയും ഷൈനിയും അടുത്ത് ചെന്നു നോക്കുന്നു.)
വിമല: ഛെ, ഇതാണോ വായിക്കുന്നത്?
റാണി: ഉം, എന്താ! ഈ പ്രായത്തിലല്ലേ, ഇതൊക്കെ വായിക്കേണ്ടത്.
വിമല: മറച്ചു വായ് പെണ്ണെ ആരെങ്കിലും കണ്ടോട് വരും
ഗ്രേസി: അവര്‍ക്കും കൂടി കാണിച്ചുകൊടുക്കാം.
ഷൈനി : ഇവളെകൂടി ഇതെല്ലം ഒന്നു പഠിപ്പിച്ചെടുക്കണം.
വിമല : പിന്നെ, എനിക്ക് ? അറിയാത്തതല്ലേ?
(വൃദ്ധയായി അന്നമ്മ പ്രവേശിക്കുന്നു. തലയില്‍ ഒരു ചുമടുണ്ട്. )
റാണി: ടേ, ഒരു പറട്ട കിളവി!
അന്നമ്മ: മക്കളെ, എന്നെ ഈ റോഡൊന്നു കടത്തിവിടുമോ? (വിമല അതിനായി തുനിഞ്ഞു. പക്ഷെ മറ്റുള്ളവര്‍ തടഞ്ഞു. )
ഗ്രേസി: വയസ്സായാല്‍ വീട്ടില്‍ കിടക്കണം
വിമല: പാവം അല്ലേടി
അന്നമ്മ: വയ്യെന്കി, വേണ്ട മക്കളെ, ഞാന്‍ പൊയ്ക്കോളാം. കണ്ണ് കാണാന്‍ മേലാഞ്ഞിട്ടാ. (അന്നമ്മ റോഡ് ക്രോസ് ചെയ്യുന്നു.)
ഷൈനി: ഓ, ആ കിളവിയെ ഇപ്പൊ വണ്ടിയിടിക്കും (പെട്ടെന്ന്, പെണ്‍കുട്ടികള്‍ നാലും നിലവിളിച്ചു കണ്ണ് പൊത്തുന്നു.വണ്ടിയിടിച്ച അന്നമ്മ തെറിച്ചു അവരുടെ മുന്നിലേയ്ക്ക് വീഴുന്നു. )
റാണി: ഡേയ്, വാ നമുക്കു പോകാം ഇല്ലെങ്കില്‍ . പുലിവാലാകും.
വിമല: അയ്യോ, കഷ്ടം നമുക്കു ഇവരെ ആശുപത്രിയില്‍ എത്തിയ്ക്കാം.
ഗ്രേസി: ഓ, പിന്നെ വാപെണ്ണെ. ഇതൊക്കെ എക്സ്പയറി ഡേറ്റ് കഴിഞ്ഞതാ.
ഷൈനി: ഒന്നാമത് ആളൊഴിഞ്ഞ സ്ഥലം. ഇതു നമ്മുടെ തലയിലാകുംമുന്പ് വാ പോകാം. (നാലുപേരും പോകുന്നു. പക്ഷെ, വിമല മാത്രം സഹതാപത്തോടെ തിരിഞ്ഞു നോക്കുന്നുണ്ട്. അല്പദൂരം പോയിട്ട് വിമല തിരിച്ചു വരുന്നു. )
വിമല: നിങ്ങള്‍ പൊയ്ക്കൊള്ളു. ഞാന്‍ ഇവരെ ആശുപത്രിയില്‍ ആക്കും.
മറ്റുമൂന്നുപേര്‍: ങാ, നീയായി, നിന്റെ പാടായി. ഞങ്ങള്‍ പോകുന്നു. (അവര്‍ പോകുന്നു)
വിമല: (അന്നമ്മയുടെ അടുത്തേയ്ക്ക് നീങ്ങുന്നു. ഒരു ആട്ടോ കണ്ടു കൈ കാണിയ്ക്കുന്നു. പിന്നെ ഒരു കാറ് കൈ കാണിയ്ക്കുന്നു. . ) ഹേ, ഓട്ടോ. നിറുത്തിയില്ല. ഹേ ടാക്സി, അതും നിര്‍ത്തിയില്ലല്ലോ! ദുഷ്ടന്മാര്‍! (അന്നമ്മയുടെ അടുത്തുചെന്നിരുന്നു, അവരെ വലിച്ചെടുത്തു കൊണ്ടുപോകുന്നു)
പാട്ട്-കോറസ്
സുന്ദരമീ ഭൂവില്‍ ദാനമായ്
കിട്ടുന്നഒരുതുള്ളി ജീവ സൗഭാഗ്യം
രംഗം 5, ആശുപത്രി
( അന്നമ്മയെയുമായി വിമല വരുന്നു. നര്‍സായി ഗ്രേസി വരുന്നു.)
ഗ്രേസി: എന്തുപറ്റി?
വിമല: ആക്‍സിഡന്‍റാ!
ഗ്രേസി: കുട്ടിയുടെ ആരാ?
വിമല: ആരുമല്ല . റോഡില്‍ വച്ചു കണ്ടപ്പോള്‍ എടുത്തുകൊണ്ടു വന്നതാ!
ഗ്രേസി: ഓ, അത് ശരി! വഴിയില്‍ കിടന്ന വയ്യാവേലിയും എടുത്തുകൊണ്ടു വന്നിരിയ്ക്കുകയാണ്, അല്ലെ ?ബാക്കിയുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുവാന്‍!
വിമല: സിസ്റ്റര്‍, പരിക്ക് പറ്റുന്നവരെ ആശുപത്രിയില്‍ അല്ലെ കൊണ്ടു വരേണ്ടത്?
ഗ്രേസി: ഇവിടെ വേണ്ടത്ര സൌകര്യങ്ങള്‍ ഒന്നും ഇല്ലെന്നു അറിയില്ലേ?
വിമല: അതിന് അത്ര മാത്രം പരിക്കൊന്നും ഇല്ലല്ലോ!
(ഗ്രേസി, വിമലയെ ഉഴപ്പിച്ചു നോക്കി ഇരുത്തി മൂളുന്നു)
(ഡോക്ടറായി ഷൈനി പ്രവേശിയ്ക്കുന്നു)
ഷൈനി: ഉം, എന്താ പ്രശ്നം ?
വിമല: ആക്സിടെന്ടാ.
ഷൈനി: (വാച്ചില്‍ നോക്കിയിട്ട്) വലിയ അക്സിടന്റ്റ് ഒന്നും ഇവിടെ എടുക്കില്ലാല്ലോ. അതിനുള്ള സൌകര്യങ്ങളും ഇല്ല.
വിമല: ഡോക്ടര്‍, അങ്ങനെ പറയരുത്. അത്രയ്ക്ക് പരിക്കൊന്നും ഇല്ല. തലയില്‍ ചെറിയൊരു മുറിവുണ്ട്. അതുകൊണ്ടായിരിക്കാം ബോധമില്ലെന്നു തോന്നുന്നു. ഡോക്ടര്‍ പ്രഥമ ശുശ്രൂഷയെങ്കിലും നല്‍കണം.
ഷൈനി: (( നഴ്സിനോട് ) ങാ, നോക്കട്ടെ. (അന്നമ്മയെ പരിശോധിയ്ക്കുന്നു.) ബെഡൊന്നും ഇവിടെ ഒഴിവില്ല. ആ തറയിലോട്ടു കൊണ്ടു കിടത്ത്. (ഗ്രേസിയും, വിമലയും കൂടി അന്നമ്മയെ പിടിച്ചു കൊണ്ടു പോകുന്നു.
ഷൈനി: (സ്വയം) ഇന്നെങ്കിലും കുടുംബസമേതം ഒരു സിനിമയ്ക്ക് പോകാമെന്ന് കരുതിയതാണ്. അത് മുടങ്ങി. (അകത്തേയ്ക്കു പോകുന്നു)
രംഗം 6
(വിമലയുടെ വീട്.അവളുടെ അമ്മ , രാധമ്മ മകളെ കാണാഞ്ഞു ഉല്‍കണ്ഠാകുലയാകുന്നു.)
രാധമ്മ: (സ്വയം) ആ പെണ്ണിനെ ഇതുവരെ കണ്ടില്ലല്ലോ! വരേണ്ട സമയം കഴിഞ്ഞു . നേരം ഇരുട്ടി. ഇതിനെയൊക്കെ പഠിക്കാന്‍ പറഞ്ഞു വിടാത്തതാണ് നല്ലത്. (മൊബൈല്‍ ഫോണ്‍ എടുത്തു വിളിയ്ക്കുന്നു.) ഹൊ! പെണ്ണിന് . റെയ്ഞ്ചില്ല. (വീണ്ടും റാണിയെ വിളിയ്ക്കുന്നു) ഹല്ലോ! റാണിയല്ലേ ? മോളേ, വിമല എന്തിയെ? ഇതുവരെ ഇങ്ങെത്തിയില്ല. ങേ, ആശുപതിയിലോ? എന്തിന്? ......................പെണ്ണിന് വേറെ ജോലിയൊന്നും ഇല്ലായിരുന്നോ? ങാ ഇന്നിങ്ങ് വരട്ടെ. ഒന്നു വിളിച്ചുപോലും പറഞ്ഞില്ല. താന്തോന്നി. (വശത്തേയ്ക്ക് നോക്കി. ങാ, ദേണ്ടെ വരുന്നുണ്ട്. വരട്ടെ!
(വിമല വരുന്നു)
രാധമ്മ: (ദ്വേഷ്യത്തില്‍) എവിടെ പോയിരുന്നെടീ നീ. നീ ആണോ പെണ്ണോ? മണി എത്രയായി ഇപ്പോള്‍? ഇവിടെ തിരക്കി വരാന്‍ നിന്റെ തന്ത ഇരിയ്ക്കുന്നോ? ആണുങ്ങളില്ലാത്ത വീടാണെന്നു നിനക്കറിയില്ലേ?
വിമല: അമ്മേ, എന്റെ ഫോണില്‍ ചാര്‍ജില്ലായിരുന്നു. വിളിച്ചു പറഞ്ഞേക്കാന്‍
ഞാന്‍ റാണിയോടു പറഞ്ഞിരുന്നു.
രാധമ്മ: ഞാനറിഞ്ഞു. അവര്‍ക്കാര്‍ക്കും ഇല്ലാത്ത സിമ്പതി നിനക്കെന്തിനു? നിന്റെ ആരാ അവര്‍?
അതൊക്കെ വല്ല ആണ്‍ പിള്ളാരും ചെയ്യേണ്ട പണിയല്ലേ?
വിമല: അമ്മേ, നമുക്കും അങ്ങനത്ത അവസ്ഥകള്‍ വരില്ലേ? എന്തോ, എനിക്ക് കണ്ടിട്ട് കളഞ്ഞിട്ടു പോകാന്‍ തോന്നിയില്ല. അപ്പോള്‍ അവിടൊന്നും ആരും ഉണ്ടായിരുന്നില്ല. നമ്മുടെ കോളേജ് ജംഗ്ഷന്‍ ഒരു ആളൊഴിഞ്ഞ ഓണം കേറാമൂലയാണെന്ന് അമ്മയ്ക്ക് അറിയാമല്ലോ!
രാധമ്മ: ബാക്‍കിയുള്ളോരെ തീ തീറ്റിയ്ക്കാനായിട്ട്. ഒന്നാമതു പീഡനങ്ങളുടെ കാലമാ.
വിമല: ( അമ്മയുടെ തോളില്‍ തട്ടി. ) ഈ അമ്മയ്ക്ക് എപ്പോഴും പീടനതിന്റെ കാര്യമേയുള്ളൂ. എന്നെയാരും പീഡിപ്പിയ്ക്കില്ല. അമ്മയെ പണ്ടു ആരെങ്കിലും പീഡിപ്പിച്ചിരുന്നോ?
രാധമ്മ: ( പിടിച്ചു തള്ളിമാറ്റിയിട്ട്) എന്നെ കൂടുതലാര് പീടിപ്പിയ്ക്കണം? നിന്റെ അച്ഛന്റെ പീഡനം മാത്രം മതിയല്ലോ! അതിന്റെ ഫലമല്ലേ, നീ ഒരുത്തി!
വിമല: (സ്നേഹത്തോടെ) അമ്മേ! വഴക്ക് പറയരുത്. നമുക്കു ഒന്നു കൂടി ആ ആശുപത്രി പോകണം. അവരുടെ ആരും വന്നിട്ടില്ല. ഞാന്‍ ഒരു തൂപ്പുകാരിയെ എല്പിച്ചിട്ടാണ് വന്നത്. ചിലപ്പോള്‍..... മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോകേണ്ടി വരും.
രാധമ്മ: (ദ്വേഷ്യം) എന്താ പെണ്ണെ? നിനക്കു വട്ടുണ്ടോ?
വിമല: പ്ലീസ് അമ്മേ. ആ അമ്മുമ്മയെ കണ്ടിട്ട് എനിക്ക് പാവം തോന്നുന്നു. ഞങ്ങള്‍ റോഡു മുറിച്ചു കടത്താന്‍ സഹായിചിരുന്നെന്കില്‍ അവര്‍ അപകടത്തില്‍ പെടുകയില്ലായിരുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടമ്മേ.
രാധമ്മ: ആട്ടെ, എന്താ അവരുടെ പേര്. അറിയാമോ?
വിമല: ഞാന്‍ പറഞ്ഞില്ലേ? അവിടെ നിന്ന സ്വീപ്പര്‍ക്ക് അവരെ അറിയാം. അന്നമ്മ എന്നാണത്രേ പേര്.
രാധമ്മ: (അന്നമ്മ എന്ന് കേട്ടപ്പോള്‍ ചിന്തയിലാകുന്നു) അന്നമ്മ.......
വിമല: അമ്മയ്ക്ക് അവരെ അറിയുമോ?
രാധമ്മ: ങാ, ഏതായാലും, നീ പുലിവാല് പിടിച്ചതല്ലേ? നമുക്ക് അവിടം വരെ ഒന്നു പോയിട്ട് വരാം. ആ സതീശനെ വിളിച്ചു കാര്‍ എടുത്തു കൊണ്ടു വരാന്‍ പറ (രണ്ടു പേരും പിന്‍വാങ്ങുന്നു)
രംഗം 7
സുമിത്ര: (പ്രവേശിയ്ക്കുന്നു) അന്ന് രാത്രി മാത്രമല്ല; പല ദിവസങ്ങളിലും രാധംമയും മകളും ആശുപത്രിയില്‍ പോയി വൃദ്ധയായ അന്നമ്മയെ സന്ദര്‍ശിച്ചു. ശുശ്രൂഷിച്ചു. അവര്‍ സുഖം പ്രാപിച്ചു.
രംഗം 8, വീണ്ടും ആശുപത്രി.
(രാധമ്മയും, വിമലയും പ്രവേശിയ്ക്കുന്നു. മറുവശത്തുനിന്നു അന്നമ്മയും പ്രവേശ്യ്ക്കുന്നു.)
രാധമ്മ: അന്നമ്മ ചേട്ടത്തീ! സുഖമായോ?
അന്നമ്മ: ഒരു വിധം സുഖമായി മക്കളെ. നന്ദിയുണ്ട്, മക്കളെ, നന്ദിയുണ്ട്.
വിമല: അന്നമ്മയുടെ ജീവന്‍ രക്ഷിയ്ക്കാന്‍ അല്ലെങ്കില്‍ തന്നെ നമ്മള്‍ ബാധ്യസ്ഥരല്ലെ?
വിമല: അന്നംമ്മ ചേട്ടത്തിയും അമ്മയും തമ്മിലുള്ള ബന്ധം ഇതുവരെ രണ്ടാളും പറഞ്ഞില്ല.
രാധമ്മ: ങാ, അന്നമ്മ ചേട്ടത്തി അന്ന് വന്നില്ലായിരുന്നെന്കില്‍: ഞാന്‍ ഇന്നുണ്ടാകുമായിരുന്നില്ല. എന്റെ മോള് ജനിയ്ക്കുമായിരുന്നില്ല. അതൊക്കെ പിന്നെ പറയാം.
അന്നമ്മ: ഞാന്‍ മരിയ്ക്കാനുള്ള പ്രായമെത്തിയവള്‍ തന്നെ മക്കളെ . പക്ഷെ, ഞാന്‍ ഇപ്പോള്‍ മരിയ്ക്കാന്‍ പാടില്ല. കുറച്ചുകാലം കൂടി എന്റെ ജീവന് വിലയുണ്ട്.
(സങ്കടം) കുറച്ചുകാലം കൂട്ടി എനിയ്ക്ക് ജീവിച്ചേ മതിയാകൂ.
വിമല: അതെന്താ അമ്മുമ്മേ?
അന്നമ്മ: മോളെ, എനിക്കൊരു മകളുണ്ടായിരുന്നു. ഒരു വണ്ടിയപകടത്ത്തില്‍ മരിച്ചുപോയി. ഭര്‍ത്താവ് നേരത്തെ ഉപേക്ഷിച്ചിരുന്നു. അവള്‍ക്ക് പറക്ക മുറ്റാത്ത രണ്ടു മക്കളുണ്ട്. ഒരു പെണ്ണും, ഒരാണും. പെണ്‍കുട്ടിയ്ക്ക് പതിനൊന്നു വയസ്സായി. ആണിന് ഒന്‍പതു വയസ്സ്. അവന്‍ എങ്ങനെയെങ്കിലും ജീവിയ്ക്കും പക്ഷെ, പെണ്‍കുട്ടി; അവള്‍ പ്രായപൂര്‍ത്തിയാകുമ്പോള് ആരുടെയെന്കിലും തലയില്‍ ഏല്പിച്ചിട്ട് വേണം എനിയ്ക്ക് മരിയ്ക്കാന്‍ !അതുവരെ ജീവിയ്ക്കാന്‍........ കര്‍ത്താവേ ! എന്നെ അനുഗ്രതിയ്ക്കണേ. എന്റെ മക്കളെ അന്ധയായ ഞാന്‍ ഭിക്ഷ യാജിച്ചാണ് ഇന്നു പോറ്റുന്നത്. ഞാന്‍ മരിച്ചാല്‍ എന്റെ പൊന്നു കൊച്ചുമക്കള്‍ അനാഥരാകും. (രണ്ടു പേരോടും )നന്ദിയുണ്ട് മക്കളെ, നന്ദിയുണ്ട്. ഒത്തിരി പൈസ ചെലവായി അല്ലെ? കര്‍ത്താവ് അനുഗ്രതിയ്ക്കും. അനുഗ്രതിയ്ക്കും.
രാധമ്മ: അന്നമ്മ ചേട്ടത്തി വിഷമിയ്ക്കേണ്ട. യാദൃശ്ചികമായിട്ടാണെങ്കിലും നമ്മള്‍ വീണ്ടും കണ്ടു മുട്ടിയല്ലോ! കുഞ്ഞുങ്ങളുടെ കാര്യമൊക്കെ ഞങ്ങളേറ്റു. ഡിസ്ചാര്‍ജായില്ലേ? നമുക്കു പോകാം.(മൂന്നു പേരും പോകുന്നു. )
പാട്ട്-കോറസ്
സുന്ദരമീ ഭൂവില്‍ ദാനമായ്
കിട്ടുന്നഒരുതുള്ളി ജീവ സൗഭാഗ്യം
രംഗം 9
സുമിത്ര: (പ്രവേശിയ്ക്കുന്നു) കണ്ടില്ലേ? പ്രായം ഏറെ ആയവരെങ്കിലും ആ വൃദ്ധയുടെ ജീവന്‍ വിലപ്പെട്ടതാണ്. രണ്ടു കുരുന്നുകളെ അവര്‍ സംരക്ഷിച്ചു വളര്‍ത്തുകയാണ്. അവരില്ലെങ്കില്‍ ആ കുഞ്ഞുങ്ങളുടെ സ്ഥിതി എന്താകും?
ങാ, ഇനി നമുക്കു അന്നമ്മയുടെയും രാധമ്മയുടെയും പൂര്‍വകാല ബന്ധതിലേയ്ക്ക് ഒന്നു കണ്ണോടിയ്ക്കാം. ഒരു ഫ്ലാഷ് ബാക്ക്!
രംഗം 10
രാധമ്മ: (പ്രവേശിയ്ക്കുന്നു) വയ്യ, ഇനി വയ്യ! ചുരുങ്ങിയ കാലം കൊണ്ടു അനുഭവിയ്ക്കാവുന്നതില്‍ അധികം ഞാന്‍ അനുഭവിച്ചു. വലിയ സ്വപ്നങ്ങളോടെയാണ്, ഞാന്‍ ഒരു വിവാഹ ജീവിതത്ത്തിലേയ്ക്ക് പ്രവേശിച്ചത് . പക്ഷെ ഭര്‍തൃ ഗൃഹത്തില്‍ കാല്‍ വച്ച അന്നു മുതല്‍ ഞാന്‍ പീഡനം അനുഭവിയ്ക്കുകയാണ്. അമ്മായി , നാത്തൂന്‍, ഭര്‍ത്താവ് ! സ്ത്രീധനത്തിന് വേണ്ടിയുള്ളതായിരുന്നു പീഡനം അത്രയും . എന്റെ വിവാഹം കഴിഞ്ഞപ്പോള്‍ അച്ഛന് ഒരു മാരക രോഗം വന്നു. പണം ഒരുപാടു ചെലവായി. പറഞ്ഞ സ്രീധനത്തുകയൊന്നും പിന്നീട് കൊടുക്കാനായില്ല. ഇപ്പോള്‍ ആരോ എന്റെ ഭര്‍ത്താവിനോട് പറഞ്ഞുവത്രേ, എനിയ്ക്ക് പണ്ടൊരു പ്രണയം ഉണ്ടായിരുന്നെന്ന്! ആ മാനക്കേടിനു വേറെ സ്ത്രീധനം വേണമത്രേ! എല്ലാം ഞാന്‍ സഹിച്ചു. പക്ഷെ, ഇന്നലെ എന്റെ ഭര്‍ത്താവ് എന്റെ വയറ്റില്‍ വളരുന്ന കുട്ടിയുടെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ചു. അത് എന്റെ ഭര്‍ത്താവിന്റെ കുട്ടിയല്ലത്രേ! വേണ്ട , ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അടുത്ത ട്രെയിനിനു മുന്നില്‍ ഞാന്‍ ചിതറി തെറിക്കും എനിയ്ക്കിനി ജീവിയ്ക്കേണ്ട. (റെയില്‍ പാളത്തിനു മുന്നില്‍ ചാടാനുള്ള പുറപ്പാടാണ്. പെട്ടെന്ന് ഒരു ട്രെയിന്‍ വരുമ്പോള്‍ അതിന് മുന്നിലേയ്ക്ക് എടുത്തു ചാടുന്നതായി അഭിനയിക്കുന്നു. പക്ഷെ പെട്ടെന്ന് യാദൃശ്ചികമായി അതു വഴി ഒരു ചുമടുമായി കടന്നുവന്ന അന്നമ്മ ചുമടു താഴെയെറിഞ്ഞിട്ടു രാധമ്മയെ പിടിച്ചു പുറകോട്ടു വലിച്ചു മരണത്തില്‍ നിന്നും രക്ഷിയ്ക്കുന്നു.)
രാധമ്മ: മനുഷ്യനെ മരിയ്ക്കാനും സമ്മതിയ്ക്കില്ലേ? അന്നമ്മ ചേട്ടത്തി ഇപ്പോള്‍ എവിടുന്നു വന്നു?
അന്നമ്മ: കര്‍ത്താവ് കൊണ്ടു വന്നു. സമയം ആയില്ല കുട്ടീ. കുട്ടി എന്തിനീ സാഹസത്തിനു മുതിര്‍ന്നു? ആ വയറ്റില്‍ ഒരു കുഞ്ഞില്ലേ? അതെന്തു പിഴച്ചു? അതിനെ ഓര്‍ത്തെങ്കിലും....... പ്രശ്നങ്ങള്‍ എല്ലാവര്ക്കും ഉണ്ട് കുട്ടീ. മരണം ഒന്നിനും ഒരു പരിഹാരമല്ല. കര്‍ത്താവ് തന്ന ജീവന്‍ ഇല്ലാതാക്കാന്‍ നമുക്കു അവകാശമില്ല. വാ മോളെ, പോകാം. ഈ റെയില്‍ പാളത്തില്‍ നിന്നു പലരുടെയും ജീവിതം അന്നമ്മ രക്ഷപ്പെടുത്തിയിട്ടുണ്ട്. അന്നമ്മയെക്കാള്‍ പ്രയാസം അനുഭവിക്കുന്നവരായിരുന്നില്ല അവരാരും ; ഈ കുട്ടിയും !(ഇഷ്ടമില്ലാതെയാണെങ്കിലും രാധമ്മ കരഞ്ഞുകൊണ്ട് അന്നമ്മയെ അനുഗമിയ്ക്കുന്നു)
പാട്ട്-കോറസ്
സുന്ദരമീ ഭൂവില്‍ ദാനമായ്
കിട്ടുന്നഒരുതുള്ളി ജീവ സൗഭാഗ്യം
രംഗം 11
(രാധമ്മയുടെ വീട്. രാധമ്മയും മകളും പ്രവേശിയ്ക്കുന്നു.)
വിമല: അപ്പൊ, അതാണ് കഥ. ആ അന്നമ്മ അന്നവിടെ വന്നില്ലായിരുന്നെങ്ങ്കില്‍ ഞാനും അമ്മയും ഇന്നുണ്ടാകുമായിരുന്നില്ല. അല്ലെ, അമ്മേ? ഹൊ, ഞാന്‍ അവരെ രക്ഷിയ്ക്കാതിരുന്നെങ്ങ്കിലോ?
രാധമ്മ: നീ എനിയ്ക്ക് വെളിച്ചം പകര്‍ന്നു തന്നു മോളെ. എന്റെ കണ്ണ് തുറപ്പിച്ചു. (അടുത്ത് നിന്നു തന്നെ ഒരു നിലവിളി ഉയര്‍ന്നു കേള്‍ക്കുന്നു.)
നിലവിളികളില്‍ നിന്നുഒരാള്‍: അയ്യോ, ഞങ്ങളെ കൊല്ലരുതേ, ഞങ്ങള്‍ നിരപരാധികളാണ്.
മറ്റൊരാള്‍: അയ്യോ, എന്റെ കുട്ടി തൊട്ടിലില്‍ കിടക്കുകയാണ്. അതിനെ എടുക്കാന്‍ അനുവദിക്കണം
അക്രമികള്‍: മാറെടീ ; അവളുടെ ഒരു കുട്ടി !
കൂട്ടം: അയ്യോ ഞങ്ങളുടെ കുടിലുകള്‍ ഇതാ ചുട്ടെരിയ്ക്കുന്നേ.
അക്രമികള്‍: എല്ലാം നാടു വിട്ടോളണം നിലവിളികള്‍ ഉച്ചത്ത്തിലാകണം കുറച്ചു സമയം ഭീതി ജനകമായ അന്തരീക്ഷം. ഇതിനിടയില്‍ രാധമ്മയുടെ വീട്ടിലേയ്ക്ക് റാണി അയല്‍വാസിയായി കടന്നു വരുന്നു ഭയന്ന് വിറച്ചാണ് വരവ് . )
റാണി: രാധമ്മേട്ടത്തീ, ടെ, അവിടെ വലിയ കലാപം നടക്കുകയാണ്. വര്‍ഗീയ കലാപമായി അത് മാറിക്കൊണ്ടിരിയ്ക്കുന്നു. കഴിഞ്ഞ ദിവസം കവലയില്‍ ഏതോ സാമൂഹ്യ വിരുദ്ധന്മാര്‍ തുടങ്ങിവച്ചതാണ്. വച്ചതാണ്. ഇന്നു അതിന്റെ രൂപം മാറി. അവിടെ കുടിലുകള്‍ നിന്നു കത്തുകയാണ്. നമുക്കും തല്‍കാലം എങ്ങോട്ടെങ്കിലും പോയി രക്ഷപെടാം.
( വിമല പേടിച്ചു രാധമ്മയോട് ചേര്‍ന്നു നില്ക്കുന്നു.)
രാധമ്മ: അമ്മേ..........
രാധമ്മ: എന്ത്? ഏതെങ്കിലും സാമൂഹ്യ വിരുദ്ധന്‍മാര്‍ കാണിയ്ക്കുന്ന തെമ്മാടിത്തരത്തിനു നിരപരാധികളെ കൊന്നോടുക്കുന്നോ? മോളെ ആ ടോര്‍ച്ചെടുത്തുകൊണ്ട് വാ . നമുക്കു അങ്ങോട്ട് പോകാം ഒരു ജീവനെങ്ങ്കിലും രക്ഷിയ്ക്കാന്‍ കഴിയുന്നത് പുണ്യമാണ്. അല്ലെങ്കില്‍ നമ്മളും ചത്തൊടുങ്ങട്ടെ! പേടിച്ചിരുന്നിട്ടു കാര്യമില്ല. ഇവിടെ ഈ ഭൂമിയില്‍ ഓരോ ജീവനും വിലപ്പെട്ടതാണ്. ( വിമലപോയി ടോര്‍ച്ചുമായി വരുന്നു മൂവരും കലാപം നടക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു.)
പാട്ട്-കോറസ്
സുന്ദരമീ ഭൂവില്‍ ദാനമായ്
കിട്ടുന്നഒരുതുള്ളി ജീവ സൗഭാഗ്യം
No comments:
Post a Comment