തട്ടത്തുമല നാട്ടുവർത്തമാനം

Thursday, January 1, 2009

ലേഖനം- അല്പം ചില നാടക ചിന്തകളും മറ്റും

ലേഖനം

അല്പം ചില
നാടകചിന്തകളും മറ്റും

നാടകവുമായി ബന്ധപ്പെട്ട് പല ചൊല്ലുകളുമുണ്ട്. നാടകമേ ഉലകം, നാടകാന്തം കവിത്വം, നടകംതന്നെ ജീവിതം, ജീവിതമേ ഒരു നാടകം, നാട്ടകം തന്നെ നാടകം , അതായത് നാടിനകത്ത് നടക്കുന്നതു തന്നെയാണ് നാടകം എന്നൊക്കെ നാം നാടകവുമായി ബന്ധപ്പെട്ട് പറയാറുണ്ട്. 'നീ വെറുതേ നാടകം കളിയ്ക്കരുത്', 'രാഷ്ട്രീയ നാടകം' ഇതെല്ലാം നാം നിത്യ ജീവിതത്തില്‍ കേള്‍ക്കുന്നതാണ്. നാടകത്തിനു സമൂഹത്തിലുണ്ടായിരുന്ന സ്വാധീനമാണ് ഇതെല്ലാം കാണിയ്ക്കുന്നത്.

നാടകം എന്നാല്‍ നടിയ്ക്കപ്പെടുന്നത്‌ എന്നാണ്. എന്നുവച്ചാല്‍ അനുകരിയ്ക്കപ്പെടുന്നത്. പണ്ടു കാലം മുതല്‍ നടിയ്ക്കാനുള്ള വാസന മനുഷ്യന് സഹജമായി ഉണ്ടായി എന്ന് വേണം കരുതാന്‍. പിന്നീട് ഈ അനുകരണപ്രകടനത്തിനു സ്ഥിരം തറയും മുന്നില്‍ കാണികളും ഉണ്ടായിരിക്കാം. പിന്നെ അരങ്ങൊരുക്കലും വേഷ വിധാനങ്ങളും ആംഗിക ചേഷ്ടകളും അപരിഷ്കൃതമായ ഗാന താളങ്ങളും ഒക്കെ ചേര്‍ന്ന് നമുക്കൊരു നാടക വേദി ഉണ്ടായി എന്ന് കരുതാം.

ഒരു ജനകീയ കലാരൂപമാണ്‌ നാടകം. ജനങ്ങളുമായി ഏറ്റവും അടുത്തു നില്ക്കുന്ന ശക്തമായ ഒരു കലാ രൂപം. ജനങ്ങളെ സ്വാധീനിയ്ക്കുവാനുള്ള അതിന്‍റെ കഴിവ് വളരെ വലുതാണെന്ന് കേരളീയ സമൂഹത്തിന്റെ അനുഭവ സാക്ഷൃമുണ്ട്. ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ അധിനിവേശത്തോടെ നാടക കല വിസ്മൃതമാവുമെന്നു കണക്കുകൂട്ടിയവരുണ്ട്. എന്നിട്ടും നാടകം ഇന്നും നിലനില്ക്കുന്നു. പ്രധാനമായും പ്രൊഫഷണലായിട്ടാണെങ്കിലും.

മലയാള നാടക വേദിയ്ക്ക് ഏതാണ്ട് നൂറ്റിയിരുപതു കൊല്ലത്തെ പഴക്കമാണുള്ളത് എന്നാണു പൊതുവേയുള്ള അഭിപ്രായം ; ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും. ആയിരത്തി എണ്ണൂറ്റി എണ്‍പത്തി രണ്ടില്‍ ഉണ്ടായ ശാകുന്തളം മുതലാണ്‌ മലയാളനാടകചരിത്രം ആരംഭിയ്ക്കുന്നതെന്നും അതല്ല അതിനും എത്രയോ മുന്പേ മലയാളനാടകം ആവിര്‍ഭവിച്ചുവെന്നും അഭിപ്രായമുണ്ട്. ഇതിലും പഴക്കമുള്ള 'ആള്‍മാറാട്ടം' എന്ന കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസിന്റെ നാടകം ചൂണ്ക്കാണിക്കപ്പെട്ടിട്ടുള്ളത് ഈ തര്‍ക്കത്തിന് ഉദാഹരണമാണ്.

പരമ്പരാഗതവും അനുഷ്ഠാനപരവുമായ കലകളുടെ ഒരു തുടര്‍ച്ചയായാണ് മലയാള നാടകം രൂപപ്പെട്ടതെന്നും അതല്ല അവയില്‍ നിന്നും വഴി മാറി സ്വതന്ത്രമായി രൂപപ്പെട്ടതാണെന്നും ഒക്കെ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. അതൊക്കെ എന്തുതന്നെ ആയാലും നാടകം അന്നും ഇന്നും ഒരു ജനപ്രിയ കലയാണ്‌.

മലയാള നാടകവേദിയുടെ ആരംഭ വികാസ കാലം തന്നെയായിരുന്നു അതിന്റെ വസന്തകാലവും എന്ന് വേണമെങ്കില്‍ പറയാം. നമ്മുടെ നാടകവേദി യഥാര്‍ത്ഥത്തില്‍ മഹത്തായ ഒരു നവോത്ഥാന പ്രസ്ഥാനം ആയിരുന്നു. കേരളീയ സമൂഹം സാംസ്കാരികമായി വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്ന് നാം പറയുമ്പോള്‍ അതില്‍ മലയാള നാടക പ്രസ്ഥാനം വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്‌ എന്നത് നിസ്തര്‍ക്കമാണ്.

കേരള ജനതയുടെ മനസ്സുകളെ ഉഴുതു മറിച്ചു ചിന്തയുടെയും തിരിച്ചറിവിന്റെയും വിത്തുകള്‍ പാകി അറിവും ആര്‍ജവവും പ്രതികരണ ശേഷിയും വിളയിച്ചു എന്നത് മാത്രമല്ല മലയാള നാടക പ്രസ്ഥാനത്തിന്റെ സംഭാവന; ചൂഷണരഹിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ജനമനസ്സുകളില്‍ സൃഷ്ടിയ്ക്കുവാനും അതുവഴി മാറ്റത്തിനു വേണ്ടിയുള്ള പ്രസ്ഥാനങ്ങളെ കേരള ജനത നെഞ്ചേറ്റുവാനും മലയാള നാടകവേദി കാരണമായിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും മറ്റും വായിച്ചു കമ്മ്യൂനിസ്റ്റുകാരായവരല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ . കെ.പി. എ. സി തുടങ്ങിയ നാടകവേദികള്‍ അവതരിപ്പിച്ച നാടകങ്ങളാണ് ശരിയ്ക്കും കേരളത്തിലെ നല്ലൊരു പങ്കു ജനതയിലും കമ്മ്യൂണിസ്റ്റ്- ഇടതുപക്ഷ ചിന്ത വളര്‍ത്തിയത്‌ . കേരള ജനതയുടെ പോരാട്ട വീര്യത്തിനും സാംസ്കാരിക വളര്‍ച്ചയ്ക്കും മലയാള നാടക വേദിയോടു കടപ്പാടുണ്ട്. ജാതി മത ,സ്ത്രീ പുരുഷ, കക്ഷി രാഷ്ട്രീയത്തിന് എല്ലാം അതീതമായി നാടകം കേരളീയ സമൂഹത്തെ സ്വാധീനിച്ചിട്ടുന്ട്.

കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യതിരക്തമായ ഒരു സാംസ്കാരികാന്തരീക്ഷം സൃഷ്ടിയ്ക്കുന്നതില്‍ മലയാള നാടക പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. ഇന്നു കേരളത്തിന്‍റേതായി നാം അവകാശപ്പെടുന്ന കലാ- സാഹിത്യ -സാമൂഹ്യ- സാംസ്കാരിക മേന്മകള്‍ക്കെല്ലാം പിന്നില്‍ മലയാള നാടക വേദിയുടെ സ്വാധീനമുന്ട്. എല്ലാറ്റിലുമുപരി കലയ്ക്കും സാഹിത്യത്തിനും ജന മനസ്സുകളെ എങ്ങനെ സംസ്കരിയ്ക്കുവാന്‍ കഴിയും എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു മലയാള നാടക പ്രസ്ഥാനം . പ്രത്യേകിച്ചും ദൃശ്യ കലകള്‍ക്ക്.

സാധാരണ ജനങ്ങളെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള മറ്റേതെങ്കിലും കലാ -സാഹിത്യ രൂപങ്ങള്‍ ഉണ്ടായിരുന്നോ എന്ന് നാം ആലോചിയ്ക്കണം. കേവലം നിരക്ഷരരായ ജന സമൂത്തെപ്പോലും പ്രബുദ്ധരാക്കുവാന്‍ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഈ കലാരൂപത്തിന് കഴിഞ്ഞുവെന്നുള്ളതാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിയ്ക്കുമ്പോള്‍ നമുക്കു മനസ്സിലാക്കുവാന്‍ സാധിയ്ക്കുന്നത്. സിനിമ ഉള്‍പെടെയുള്ള ആധുനിക കലാരൂപങ്ങള്‍ക്കു പോലും ഇങ്ങനെയൊരു മാന്ത്രിക സിദ്ധി അന്നും ഇന്നും ഇല്ല എന്ന് നമുക്കു കാണാന്‍ പ്രയാസമില്ല.

തികച്ചും ഒരു കലാമാധ്യമത്തെ സാമൂഹ്യ മാറ്റത്തിന് പ്രയോജനപ്പെടുത്തേണ്ട സമയത്തു ആ സാമൂഹ്യ ബാധ്യത വേണ്ട വിധം നിറവേറ്റുവാന്‍ നമ്മുടെ നാടക പ്രസ്ഥാനത്തിന് കഴിഞ്ഞു എന്നുള്ളതും ഒരു പ്രത്യേകതയാണ്. കലയുടെയും സാഹിത്യത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ നാടക രംഗം ഒരു മാതൃക തന്നെയായിരുന്നു. എന്നാല്‍ ഇന്നത്തെ നാടക വേദി ഇക്കാര്യത്തില്‍ എവിടെ നില്ക്കുന്നു എന്നത് മറ്റൊരു ചിന്താവിഷയമാണ്.

നാടകാചാര്യനായ എന്‍. എന്‍. പിള്ള പറഞ്ഞിട്ടുണ്ട് , നില്‍ക്കാനൊരു തറയും പിന്നിലൊരു മറയുമുണ്ടെങ്കില്‍ തനിയ്ക്ക് ഒരു നാടകം കളിയ്ക്കാനാകുമെന്ന്. എന്നാല്‍ തെരുവ് നാടകം പോലുള്ളവയ്ക്ക്‌ ഒരു മറ പോലും വേണ്ട. എവിടെയും അവതരിപ്പിയ്ക്കാം നാടകം. ജനങ്ങള്‍ക്ക്‌ ഒപ്പം നിന്നാണ് , ജനങ്ങളുടെ മുന്നില്‍ നേരിട്ടു നിന്നാണ് നാടകം അവതരിപ്പിയ്ക്കുന്നത്. തികച്ചും ജനകീയം.

മലയാള നാടക പ്രസ്ഥാനം കാഴ്ചക്കാരെ മാത്രം സ്വാധീനിച്ച ഒന്നല്ല. ഒരു കാലത്തു കേരളത്തിലെ കൌമാര യൌവ്വനങ്ങള്‍ക്ക് ജാതിമത വര്‍ണ വര്‍ഗ ഭേദമില്ലാതെ ഒത്തു കൂടുവാനും ആ കൂട്ടായ്മകളുടേയും സൌഹൃദങ്ങളുടേയും ഹൃദ്യമായ അനുഭവങ്ങള്‍ നുകരുവാനുമുള്ള പ്രചോദനമായിരുന്നു നാടകങ്ങള്‍. എത്രയോ ചെറുപ്പക്കാരെ സാമൂഹ്യ വിരുദ്ധന്‍മാരാകാതെ സാമൂഹ്യ ബോധമുള്ള മനുഷ്യസ്നേഹികളായ ഉത്തമ പൌരന്മാരായി അവരെ വാര്‍ത്തെടുക്കുവാന്‍ അവ സഹായിച്ചിരിയ്ക്കുന്നു!

അന്നത്തെ യുവാക്കള്‍ക്ക് ക്രിക്കറ്റ് ജ്വരമായിരുന്നില്ല. നാടക ഭ്രമമായിരുന്നു. നാടകത്തില്‍ അഭിനയിക്കുവാനുള്ള ആഗ്രഹമില്ലാത്ത ആരും ഉണ്ടായിരുന്നില്ല. അതിന് വേണ്ടിയുള്ള കൂട്ടായ്മകള്‍ എത്രയോ കലാ സമിതികള്‍ക്കും വായന ശാലകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. അതില്‍ പലതും ഇന്നും നിലനില്‍ക്കുന്നു.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒക്കെ നാടകത്തില്‍ അഭിനയിക്കുക എന്നത് അതീവ താല്പര്യമുള്ള ഒരു കാര്യമായിരുന്നു. ഒരു കാലത്തു സ്കൂള്‍ യുവജനോല്‍സവങ്ങളിലും വാര്‍ഷികങ്ങളിലും മറ്റും ഇന്നത്തേതിനേക്കാള്‍ പെണ്‍കുട്ടികളും സജീവമായി നാടകങ്ങളില്‍ പങ്കെടുത്തിരുന്നു. സ്കൂളുകളില്‍ കുട്ടികള്‍ മാത്രമല്ല അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും ഒക്കെ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇന്നതെല്ലാം വെറും ഓര്‍മ്മകള്‍ മാത്രം!

അന്നത്തെ സ്നേഹം, സൌഹൃദം , പ്രണയം എല്ലാറ്റിനും ഇന്നത്തേക്കാള്‍ എത്രയോ മധുരമായിരുന്നു!

പ്രശസ്തമായ നാടക വേദികള്‍ മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല യഥാര്‍ത്ഥത്തില്‍ മലയാള നാടക പ്രസ്ഥാനം. അവയ്ക്കൊപ്പം തന്നെ കേരളത്തിലെ കലാസമിതികളും വായനശാലകളും കേന്ദ്രീകരിച്ച് വളര്‍ന്നു കൊണ്ടിരുന്ന അമച്ച്വര്‍ നാടക വേദികളും കൂടി ഉള്‍പ്പെട്ടതായിരുന്നു മലയാള നാടക പ്രസ്ഥാനം. ഒപ്പം തന്നെ തെരുവ് നാടകങ്ങളും ചവിട്ടു നാടകങ്ങളുംമറ്റു പരീക്ഷണ നാടകങ്ങളും ഒക്കെ അരങ്ങു തകര്‍ത്തു കൊണ്ടിരുന്നു.

മലയാള നാടക വേദിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പ്രതിഭാധനന്‍മാര്‍ നിരവധിയാണ്. കൈനിക്കര കുമാര പിള്ള, തോപ്പില്‍ ഭാസി, എന്‍. കൃഷ്ണ പിള്ള, എന്‍. എന്‍. പിള്ള, ജി. ശങ്കരപ്പിള്ള, പി. ജെ. ആന്റണി, സി. എന്‍. ശ്രീകണ്ഠന്‍ നായര്‍, സി. ജെ. തോമസ്, ടി. ആര്‍. സുകുമാരന്‍ നായര്‍ , കെ. ടി. മുഹമ്മദ് അങ്ങനെ നീണ്ടുപോകുന്നതാണ് ആ നിര. മനുഷ്യ ജീവിതത്തെ അതിന്റെ എല്ലാ സങ്കീര്‍ണതകളോടും കൂടി നാടക വേദിയില്‍ അവതരിപ്പിച്ചവരാണ് അവര്‍. ഇന്നത്തെ നാടക കലാകാരന്മാര്‍ക്ക് അത്രയും തീവ്രമായ അവബോധം ഉണ്ടോയെന്നു നാം പരിശോധിയ്ക്കണം.

അടുക്കളയില്‍ നിന്നു അരങ്ങത്തേയ്ക്ക്, പാട്ടബാക്കി, നമ്മളൊന്ന്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അശ്വമേധം, സര്‍വെക്കല്ല്, തുലാഭാരം, വിശറിയ്ക്ക് കാറ്റു വേണ്ട, മുടിയനായ പുത്രന്‍, ഇതു ഭൂമിയാണ്‌ , ക്രോസ്സ് ബെല്‍റ്റ് തുടങ്ങി എത്രയോ നാടകങ്ങള്‍ കേരളീയ സമൂഹത്തെ മാറ്റിമറിച്ചു. പേരറിയാത്തതുകൊണ്ടല്ല മറ്റു നാടകങ്ങളെ സൂചിപ്പിയ്ക്കാത്തത്; എഴുത്തിന്റെ നീട്ടം കുറയ്ക്കാനാണ്. അത്രയും കരുത്തുള്ള നാടകങ്ങള്‍ തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ ഉണ്ടായോ എന്ന് സംശയമാണ്. അവയില്‍ നല്ലൊരു പങ്കും കെ. പി.എ. സിയുടെതുമായിരുന്നു.

കേരളത്തിന്റെ നാടക ചരിത്രം പരാമര്‍ശിയ്ക്കുമ്പോള്‍ കെ. പി. എ. സി മുഴച്ചു നില്ക്കും. കാരണം കേരളത്തിന്റെ നാടക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അതില്‍ കെ. പി. എ. സിയുടെ സംഭാവനകളും വളരെ വലുതാണ്‌. ഒപ്പം തോപ്പില്‍ ഭാസിയും. മറ്റു സമിതികളുടെ സംഭാവനകള്‍ കുറച്ചു കാണുകയല്ല; നാടകത്തിന്റെ പര്യായമായി കെ. പി. എ.സി എന്ന നാലക്ഷരം മാറിപ്പോയി.

കാണേണ്ടത് കാണേണ്ട സമയത്തു കാണുകയും പറയേണ്ടത് പറയേണ്ട സമയത്തു പറയുകയും ചെയ്ത ചരിത്രമാണ് മലയാള നാടക പ്രസ്ഥാനതിനുള്ളത്. കാലഘട്ടത്തിന്റെ കടമ ഏറ്റെടുത്ത് അത് ഭംഗിയായി നിറവേറ്റിയതിന്റെ ചരിത്രമാണ് മലയാള നാടക വേദിയ്ക്ക് പറയാനുള്ളത്. മറ്റൊരു ജനകീയ കലയായ കഥാപ്രസംഗത്തിനല്ലാതെ മറ്റേതെങ്കിലും കലാരൂപത്തിന് ഇതു സാധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. കഥാപ്രസംഗം അതിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു സാമൂഹ്യ പ്രതിബദ്ധത ഏറ്റു വാങ്ങിയ മറ്റൊരു കലാരൂപമാണ്‌.

ഇന്നത്തെ സിനിമ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് മാധ്യമങ്ങള്‍ എത്ര കണ്ടു ജനപ്രിയങ്ങളാണെങ്കിലും വൈകാരികമായി നാടകം ഇന്നും ജനങ്ങളോട് ഏറെ അടുത്ത് നില്ക്കുന്നു. നല്ല നാടകങ്ങള്‍ ഇന്നു വിരളമാണെങ്കിലും. നടീനടന്മാര്‍ കാണികള്‍ക്ക് മുന്നില്‍ നിന്നു നേരിട്ടു അവതരിപ്പിയ്ക്കുന്ന നാടകം കാണുന്നതിന്റെ ആസ്വാദ്യത ഒന്നു വേറെതന്നെയാണ്‌.

ഇന്നിപ്പോള്‍ ഉത്സവപ്പറമ്പുകളിലെ സാധ്യതകളെ മുന്‍നിര്‍ത്തി ഒരുക്കിയെടുക്കുന്ന പ്രൊഫെഷണല്‍ നാടകങ്ങളില്‍ ഒതുങ്ങുന്നതാണ് മലയാള നാടക രംഗം. വിപണന സാധ്യതയെ മാത്രം മുന്‍ നിര്‍ത്തിയുള്ള ഉല്പാദന തന്ത്രങ്ങളില്‍ നിന്നു നാടക കലയും മാറിനില്‍ക്കുന്നില്ല. നാടക രംഗത്ത് ഇപ്പോള്‍ ഒരു പരീക്ഷണങ്ങളും നടക്കുന്നില്ലെന്ന് തന്നെ പറയാം. കാലത്തിന്റെ കുത്തൊഴുക്കില്‍ അമച്ച്വര്‍ നാടകങ്ങള്‍ അരങ്ങൊഴിഞ്ഞെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.

അവിടെയും ഇവിടെയുമായി വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന തെരുവ് നാടകങ്ങള്‍ - അതും ഏതെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങള്‍ക്ക്‌ വേണ്ടി തട്ടിക്കൂട്ടുന്നവ- അല്ലാതെ അവിടെയും പ്രതീക്ഷിയ്ക്കാനില്ല. സര്‍ഗാത്മകമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മകളുണര്ത്തി ഈ ജനകീയ കലാരൂപം 'വംശനാശഭീഷണി' നേരിടുകയാണ്. ഒരു കാലത്തു നാടക രംഗത്ത് തിളങ്ങി ഇന്നു ജീവിതത്തിന്റെ ഉയര്‍ന്ന തുറകളില്‍ പ്രവര്ത്തിക്കുന്ന എത്രയോ പേരുണ്ട്. അവര്‍ പോലും ഇതിന്റെ പുനരുജ്ജീവനത്തിന് വേണ്ടി ഒരു ശ്രമവും നടത്തുന്നില്ല.

പണ്ടു കലാസമിതികളുമായും, വായനശാലകളുമായും മറ്റും ബന്ധപ്പെട്ട് സാഹിത്യവും നാടകവും ഒക്കെ ആയിട്ട് നടന്നവരാണ് ഇന്നത്തെ പ്രശസ്തരില്‍ പലരും. സിനിമാ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന എത്രയോ പേര്‍ പണ്ടത്തെ ആ നാടക പ്രവര്‍തനങ്ങളിലൂടെ കടന്നു വന്നവരാണ്. പ്രശസ്തമായ നാടക ഡ്രൂപ്പുകളായി പില്‍കാലത്ത് മാറിയ പല സ്ഥാപനങ്ങളും പഴയ കലാ സമിതികളോ വായന ശാലകളോ ആയിരുന്നു.

നാടക സാഹിത്യം എന്നൊരു ശാഖ തന്നെ നമ്മുടെ വായനാ ലോകത്തുനിന്ന് ഇല്ലാതാവുകയാണ്. പണ്ടൊക്കെ വായന ശാലകളില്‍ നാടക കൃതികള്‍ക്ക് വേണ്ടി പ്രത്യേക അറകള്‍ ഉണ്ടായിരുന്നു. ഇന്നു നാടക പുസ്തകങ്ങള്‍ കിട്ടാനില്ല. ഇന്നു നാടക കൃതികള്‍ പ്രസിദ്ധീകരിയ്ക്കപ്പെടുന്നതേയിയില്ല. അമച്ച്വര്‍ നാടക വേദി നശിയ്ക്കാനുള്ള കാരണങ്ങളില്‍ ഒന്നു ഇതായിരിയ്ക്കം. നല്ല സ്ക്രിപ്റ്റുകള്‍ ഇല്ലാതെ നാടകം അവതരിപ്പിയ്ക്കുവാന്‍ ആകില്ലല്ലോ!

നമ്മുടെ നാട്ടിന്‍പുറങ്ങളിലെ കലാസമിതികളും വായനശാലകളും ഒക്കെ വീണ്ടും സജീവമാക്കി മാറ്റേണ്ടതിന്‍റെ ആവശ്യം കാലം വിളിച്ചു പറയുന്നു. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ നിന്നു കേരളത്തിലെ യുവാക്കള്‍ അകന്നു പോയതിന്റെ ദുര്യോഗങ്ങള്‍ നാം പലവിധത്തില്‍ അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. സ്ത്രീപീഡനവും, കൂലിത്തല്ലും തുടങ്ങി ഭീകര പ്രവര്‍ത്തനം വരെ. തെറ്റായതെല്ലാം- കൊടും പാതകങ്ങള്‍ വരെ- ന്യായീകരിയ്ക്കപ്പെടുന്ന ഒരു കാലത്ത് മാനവിക മൂല്യങ്ങളില്‍ അടിയുറച്ച ഒരു സമൂഹം വാര്‍ത്തെടുക്കുവാന്‍ നാം നന്നേ യത്നിയ്ക്കേടതുണ്ട്.

നിശ്ചയമായും ഒരു കലാസമിതിയില്‍ നിന്നോ ഒരു വായന ശാലയില്‍ നിന്നോ ഒരു രാജ്യ ദ്രോഹിയോ വര്‍ഗീയ വാദിയോ ഭീകര വാദിയോ ഉണ്ടാകില്ല. പുസ്തക വായ്നയ്ക്കിടയിലും നാടക പരിശീലനതിനിടയിലും സാഹിത്യ ചര്‍ച്ചകള്‍ക്കിടയിലും ആയുധ പരിശീലനത്തിന് ഇടമുണ്ടാകില്ല. തന്‍റെ നാലു ചുറ്റിലും ശത്രുക്കളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ആര്‍ക്കും അവനെ ആയുധമണിയിക്കുവാനാകില്ല.

മാറിയ കാലത്ത് ഇനി അങ്ങനെ ഒരു തിരിച്ചു പോക്ക് സാധ്യമാണോ , അതിന് പ്രസക്തിയുണ്ടോ എന്നും മറ്റും ചോദിയ്ക്കുന്നവരുണ്ടാകാം. മാറ്റമെന്നാല്‍ നല്ലതു പോലും തിരസ്കരിച്ചുകൊണ്ടുള്ള പ്രയാണമല്ല; നല്ലതൊക്കെയും നില നിര്‍ത്തിയും അല്ലാത്തവയെ തിരസ്കരിച്ചും ഉള്ള മുന്നേറലാണ്. കാലഹരണപ്പെട്ടവയില്‍ കടിച്ചു തൂങ്ങി കിടക്കേണ്ട. എന്നാല്‍ കാലാതിവര്‍ത്തിയായി മനുഷ്യ ജീവിതത്തിനു മാറ്റ് കൂട്ടുന്ന, മനുഷ്യ സംസ്കാരത്തിനും പുരോഗതിയ്ക്കും സഹായകമാകുന്നതൊക്കെയും നാം പിന്തുടരുകയും നിലനിര്‍ത്തുകയും ചെയ്യണം.

വരൂ നമുക്കു സര്‍ഗാത്മകമായ ആ നല്ല കാലത്തെ തിരികെ കൊണ്ടുവരാം

1 comment:

ദീപക് കലാനി said...

Please visit and send comments

www.nadakam.com

മലയാള നാടകത്തിനും, നാടക പ്രവര്‍ത്തകര്‍ക്കും വേണ്ടി ഒരു നാടക വെബ്സൈറ്റ്
നാടകം ഡോട്ട് കോം