തട്ടത്തുമല നാട്ടുവർത്തമാനം

Thursday, January 1, 2009

ലേഖനം- ലോക സാമ്പത്തികത്തകര്‍ച്ചയും ഇന്ത്യയും

ലേഖനം

ലോക സാമ്പത്തിക തകര്‍ച്ചയും ഇന്ത്യയും

ആഗോള സാമ്പത്തിക തകര്‍ച്ചയുടെ നടുക്കത്തില്‍ നിന്നും ഇതുവരെ മുക്തമായിട്ടില്ല, മുതലാളിത്ത ലോകം. നടുക്കം ശരിയ്ക്കും മാറിയിട്ട് വേണം അതിജീവനത്തിനുള്ള കൂടുതല്‍ തന്ത്രങ്ങള്‍ മെനയാന്‍. ലോകത്തെ സമ്പദ് വ്യവസ്ഥകളുടെ സത്വരമായ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും മുതലാളിത്ത രീതിയാണ് ഉത്തമം എന്നാണല്ലോ, വയ്പ്. മുതലാളിത്തത്തിന്റെ നേര്‍ ബദലായ സോഷ്യലിസത്തിനു ഏറ്റ തിരിച്ചടികള്‍ കൂടിയായപ്പോള്‍ ഈ വാദഗതി കരുത്താര്‍ജിയ്ക്കുകയും, ലോകമാകെതന്നെ ഇന്നു മുതലാളിത്ത പാതയിലൂടെ സഞ്ചരിയ്ക്കുകയും ചെയ്യുന്നു.

സോഷ്യലിസം നിലനില്ക്കുന്ന നാമമാത്രമായ രാജ്യങ്ങളില്‍ പോലും മുതലാളിത്തത്തിന്റെ സ്വാധീനങ്ങളില്‍ നിന്നു ഒഴിഞ്ഞു നില്കാനാകാതെ മുതലാളിത്തവുമായി നീക്കുപോക്കുകള്‍ ചെയ്തു മുന്നോട്ടു നീങ്ങേണ്ടുന്ന അവസ്ഥയിലായി, ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍. ലഭേച്ഛയിലും കിടമത്സരത്തിലും അധിഷ്ടിതമായ മുതലാളിത്തം , ഈ ലാഭേച്ഛയും കിടമത്സരവും കൊണ്ടുതന്നെ മെച്ചപ്പെട്ട ഉല്പന്നങ്ങളുടെ ഉല്പാദനത്തിനും , അവയുടെ വിലനിലവാരം കമ്പോള ശക്തികളാല്‍ത്തന്നെ ,അതായത് അവരുടെ മാത്സര്യം കൊണ്ടുതന്നെ പിടിച്ചു നിര്‍ത്തപ്പെടും എന്നാണു മുതലാളിത്തത്തിന്റെ വക്താക്കള്‍ തത്വശാസ്ത്രപരമായി വിശദീകരിയ്ക്കുന്നത്‌.

പൊതുമേഖലയുടെ എല്ലാത്തരം പിടിപ്പുകേടുകള്‍ക്കും അത് പരിഹാരവുമാത്രേ! എന്നാല്‍ ഉത്പാദന വിതരണ വിപണന മേഖലകള്‍ മുതലാളിത്ത ശക്തികള്‍ നിയന്ത്രിയ്ക്കുന്നിടത്ത് സാമൂഹ്യ ക്ഷേമം എന്നത് ഒരു ലക്‍ഷ്യമേ ആകില്ലെന്നു സാമാന്യ യുക്തികൊണ്ട് തന്നെ ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. ഉത്പാദന വിതരണ രംഗങ്ങളില്‍ സ്വകാര്യ മേഖലയുടെ സഹകരണം എന്നതിനെ പാടെ നിരാകരിയ്ക്കുന്ന വരട്ടു തത്വം ഉന്നയിക്കുകയല്ല, ഇവിടെ.

സ്വയം അതിജീവിക്കുവാന്‍ ത്രാണിയുള്ള മുതലാളിത്ത സംരംഭകര്‍ ഇപ്പോള്‍ ഭരണകൂടത്തിന്റെയും , മുതലാളിത്തത്തിന്റെ കടന്നുകയറ്റത്താല്‍ തന്നെ ദുര്‍ബലമായിതീരുകയും ചെയ്തുകൊണ്ടിരിക്കുന്ന പൊതുമേഖലാ സംരംഭങ്ങളുടെയും സഹായത്തിനു വേണ്ടി കൈ നീട്ടുന്നത് എന്തിനുവേണ്ടിയാണ് എന്നതാണ് മനസിലാകാത്തത്.

കഴിവുള്ളത് സ്വയം അതിജീവിക്കും എന്നാണല്ലോ പ്രമാണം. മാത്രവുമല്ല സഹായത്തിനുവേണ്ടി ഭീഷണിയും സമ്മര്‍ദ്ദ തന്ത്രങ്ങളും തന്നെ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. പൊതുമേഖലാ സംരംഭങ്ങള്‍ രോഗഗ്രസ്ഥമായാല്‍ സംരക്ഷിയ്ക്കുവാനുള്ള ബാധ്യത ഗവര്‍മെന്റിനുണ്ട്. ലാഭാധിഷ്ടിത മുതലാളിത്ത സംരംഭങ്ങളുടെ തകര്‍ച്ചയെ അതിജീവിക്കുവാന്‍ ഭരണക്കൂടം ഏതറ്റം വരെ സഹായിക്കണം? സമ്പൂര്‍ണ മുതലാളിതത്തെ ഊട്ടി വളര്‍ത്തിയിട്ടുള്ള ഭരണകൂടങ്ങള്‍ക്ക് തീര്‍ച്ചയായും ഈ ബാധ്യത ഏറ്റെടുക്കേണ്ടിവരും.

പക്ഷെ ജനങ്ങള്‍ ഇച്ഛിയ്ക്കുന്നതല്ലല്ലോ, ഭരണകൂടം നടപ്പിലാക്കുന്നത്. അതുകൊണ്ട് സാമാന്യജനത്തിനു ഈ ബാധ്യത ഏറ്റെടുക്കുന്നതില്‍ താല്പര്യപ്പെടേണ്ട കാര്യമില്ല. എന്തായാലും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണാതീതമാണ്.

ഇവിടെ പറയാന്‍ വന്ന കാര്യത്തിനു ഒരു ആമുഖമായി ഇത്രയും പറഞ്ഞെന്നേയുള്ളൂ.

ആഗോള സാമ്പത്തിക തകര്‍ച്ച സ്വാഭാവികമായും ഇന്ത്യയെയും ബാധിച്ചു. നല്ല നിലയില്‍ത്തന്നെ. അതിന്റെ റിപ്പോര്‍ടുകള്‍ ഓരോദിവസവും പുറത്ത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്.

തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന ചില സ്ഥാപനങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നതിനുള്ള താത്പര്യം നമ്മുടെ കേന്ദ്ര ഭരണകൂടം പ്രകടിപ്പിച്ചു കാണുന്നുണ്ട്.

ഐ. സി. ഐ. സി.ബാങ്കിന് ഒരു പൊതുമേഖലാ സ്ഥാപനം വന്‍തുക വായ്പ കൊടുക്കാന്‍ പോകുന്നുവെന്നതാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകളില്‍ ഒരെണ്ണം ഒന്നു നോക്കണേ, പൊതു മേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ ദൂഷ്യം പറയാന്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരെ പോസ്റ്റു ചെയ്തു ട്രെയിനിംഗ് കൊടുത്തു നിക്ഷേപങ്ങളും പോളിസികളും ഷെയറുകളും ഒക്കെ സ്വരുക്കൂട്ടിയ സ്വകാര്യ സ്ഥാപനങ്ങള്‍ നിലനില്പിനായി പൊതു മേഖലയ്ക്കും സര്‍ക്കാരിനും മേല്‍ ഒരവകാശം എന്ന പോല്‍ കൈ നീട്ടുകയാണ്.

രസകരമായ മറ്റൊരു വസ്തുത ചില സ്വകാര്യ ധനകാര്യ സ്ഥാപങ്ങളുടെ തലപ്പത്തിരിയ്ക്കുന്നവര്‍ തങ്ങള്‍ നയിക്കുന്ന സ്ഥാപനങ്ങളിലെ അവരുടെ സ്വന്തം നിക്ഷേപങ്ങള്‍ അവിടങ്ങളില്‍ സുരക്ഷിതമല്ലെന്ന് ഭയന്ന് അവ അതീവ രഹസ്യമായി പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്ക് മാറ്റിയിട്ടുവത്രേ! ഇനി പ്രതിസന്ധിയൊക്കെ മുതലാളിത്വത്തിന്റെ കുടില തന്ത്രങ്ങള്‍ ഉപയോഗിച്ചു അതിജീവിച്ചു വന്നാല്‍ തന്നെ ജനങ്ങള്‍ ഇവയെ വിശ്വാസത്തില്‍ എടുക്കുമോ?

അനുഭവങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊള്ളാത്ത ജനങ്ങള്‍ ഉണ്ടായിരിക്കുന്നിടത്തോളം ഇനിയും സംരഭകരുടെ വരുത്തുപോക്കിനു കുറവൊന്നും ഉണ്ടാകില്ല!

ഇനി ഒക്ടോബര്‍ പതിനാറിന് മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒരു വാര്‍ത്ത ,ജെറ്റ് എയര്‍ വെയിസിലെ ആയിരത്തി തൊള്ളായിരം ജീവനക്കാരെ താല്‍കാലികമായി പിരിച്ചുവിട്ടുഎന്നതാണ് .പിറ്റേന്ന് അറിയുന്നു, ഇനി എയര്‍ ഇന്ത്യയും തൊഴിലാളികളെ പിരിച്ചുവിടാന്‍ പോകുന്നുവെന്ന്.എന്നാല്‍ ജെറ്റ് എയര്‍ വെയ്സില്‍ നിന്നു പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുമെന്ന് കമ്പനിയുടെ ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ പ്രസ്താവനയും ഒക്ടോബര്‍ പതിനാറിന്റെ പത്രങ്ങളില്‍ വന്നു. പ്രസ്തുത വാര്‍ത്തയാണ് ഈ കുറിപ്പ് എഴുതാന്‍ തന്നെ പ്രേരണയായത്.

ഒക്ടോബര്‍ പതിനാറിന് ഹിന്ദു പത്രത്തില്‍ ജെറ്റ് എയര്‍ വെയ്സിലെ തൊഴിലാളികളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് പ്രസ്തുത കമ്പനിയുടെ ചെയര്‍മാന്‍ നരേഷ് ഗോയല്‍ പറഞ്ഞ കാര്യങ്ങളെ നമുക്കു ഇങ്ങനെ സംഗ്രഹിയ്ക്കാം

Jet reinstates sacked staaff എന്ന ഹെഡിങ്ങിനു താഴെ I cannot see tears in their eyes: Goyel എന്നും കൂടിയുണ്ട്.

അതായത് അവരുടെ കണ്ണുനീര്‍ കാണാന്‍ എനിയ്ക്ക് കഴിയില്ലെന്ന് ആത്മാര്‍ത്ഥമായിട്ടാണ് അതി സമ്പന്നന്‍ അങ്ങനെ പറഞ്ഞിട്ടുള്ളതെങ്ങ്കില്‍ വളരെ നല്ലത്; മനുഷ്യത്വം .

പറഞ്ഞതു ഇങ്ങനെ;

"എനിയ്ക്ക് അവരുടെ കണ്ണുനീര്‍ കാണാന്‍ കഴിയില്ല. അവര്‍ എന്റെ കുടുംബാങ്ങങ്ങള്‍ ആണ്. നാളെ മുതല്‍ അവര്ക്കു ജോലിയില്‍ കയറാം. ഏതെങ്കിലും രാഷ്ട്രീയമായ സമ്മര്‍ദ ഫലമായല്ല ഞാന്‍ ഈ തീരുമാനം എടുക്കുന്നത്. ഇതെന്റെ സ്വന്തം തീരുമാനമാണ്. ആന്തരികമോ, ബാഹ്യമോ ആയ ഒരു സമ്മര്‍ദങ്ങളും ഇല്ല. മറ്റുള്ളവര്‍ എന്ത് പറഞ്ഞു എന്നത് ഞാന്‍ നോക്കുന്നില്ല. എന്റെ ഭാര്യയോടു പോലും ആലോചിയ്ക്കാതെയാണ് ഞാന്‍ ഈ തീരുമാനം എടുത്തിട്ടുള്ളത്.

കമ്പനി മാനേജുമെന്റ് എടുക്കുന്ന ദൈനംദിന തീരുമാനങ്ങള്‍ ഞാന്‍ അറിയാറില്ല. ഇപ്പോഴത്തെ സമ്പത്തിക സാഹചര്യങ്ങള്‍ വച്ചു അങ്ങനെയൊരു തീരുമാനം എടുത്തിട്ടുള്ളതാകാം. എന്റെ മകള്‍ക്ക് പത്തൊന്‍പതു വായസ്സാണ്. ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരും പത്തൊന്‍പതും ഇരുപതും ഇരുപത്തൊന്നും ഒക്കെ പ്രായത്തിലുള്ളവരാണ്. അവരുടെ ദുഖവും സങ്കടവുമോന്നും കാണാന്‍ എനിയ്ക്ക് വയ്യ ". ഗോയല്‍ പറഞ്ഞു .

തീര്‍ച്ചയായും ഒരു തൊഴിലുടമയില്‍ നിന്നു ഇങ്ങനെ നല്ല വാക്കുകളും തീരുമാനവും വരുന്നതു നല്ലതുതന്നെ. ആത്മാര്‍ത്ഥതയില് നമ്മള്‍ സംശയിക്കേണ്ടതില്ല. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ തിരിച്ചെടുക്കലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എങ്ങ്കിലും വാല്‍കഷണമായി ചില കേട്ടുകേഴ്വികളുംകൂടി ഇവിടെ ചുമ്മാ കുറിച്ചിട്ടേയ്ക്കാം. ഭാവിയില്‍ ഉപയോഗം വരുന്നെങ്ങ്കിലോ?

അതായത് മുംബൈ വിമാന താവളത്തില്‍ നിന്നു ജെറ്റ് എയര്‍ വെയ്സിന്റെ ഒരു വിമാനവും പറന്നുയരില്ലെന്നു മഹാരാഷ്ട്ര നവനിര്‍മാന്‍ സേന തലവന്‍ രാജ് താക്കറെയുടെ ഭീഷണി ഉണ്ടായി. മറ്റൊന്ന്, എയര്‍ വെയിസ് കമ്പനികള്‍ ആവശ്യപ്പെട്ട അയ്യായിരം കോടിയുടെ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതിന്റെ ഭാഗമായാണ് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ കാരണമെന്ന് സൂചനയുണ്ടത്രേ!

ഇനി പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയില്‍ നിന്നും പതിനയ്യായിരം പേരെ പിരിച്ചുവിടാന്‍ പോകുന്നുവത്രെ! അവരോട് കണ്ണീരും കനിവും തോന്നാന്‍ ആരാണാവോ ഉണ്ടാവുക. കാത്തിരുന്നു കാണുക.

ഇന്ത്യ മിശ്ര സമ്പദ് വ്യവസ്ഥയെന്നാണ് വയ്പ്. അതില്‍നിന്നു സമ്പൂര്‍ണ മുതലാളിത്തത്ത്തിലെയ്ക്കുള്ള കുതിപ്പിലായിരുന്നു, നമ്മള്‍. പരമാവധിയെല്ലാം സ്വകാര്യവല്‍ക്കരിച്ചു. ഇനിയും ബാക്കിയുള്ളതുകൂടി തീറെഴുതാന്‍ ഇപ്പോഴത്തെ ലോക സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയരുന്നതുവരെ കാത്തിരിയ്ക്കുവാന്‍ നമ്മുടെ ഇന്ത്യന്‍ ഭരണകൂടത്തിനു ക്ഷമയുണ്ടാകുമോ എന്നതാണ് ഇനിയും കാണേണ്ടിയിരിയ്ക്കുന്ന മറ്റൊരു കാര്യം!

No comments: