നാടകം
പെൺപക്ഷം
(രംഗവേദി സൌകര്യമുള്ള എവിടെയുമാകാം
തിരശ്ശീല നിർബന്ധമില്ല
സ്ഥലകാല പരിമിതിയുമില്ല)
(ആദ്യം-പിന്നണിയിൽനിന്ന് സംഗീതാത്മകമായി)
ദീപം ദീപം ദീപം
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ
വീടിനും നാടിനും ദീപം തെളിക്കുന്ന സ്ത്രീകൾ
(ഇങ്ങനെ പാടിക്കൊണ്ടു അഞ്ച് സ്ത്രീകൾ കൈകളിൽ ദീപവുമായി കടന്നുവരുന്നു. ദീപങ്ങൾകൊണ്ട് സദസിനെ ഉഴിഞ്ഞ് അവ താഴെവച്ചശേഷം സദസിനെ വണങ്ങുന്നു)
സ്ത്രീകൾ: സഭാവാസികൾക്ക് നമസ്കാരം!
സ്ത്രീ ഒന്ന്: (മുന്നിലേക്ക് വന്ന് ആവർത്തിക്കുന്നു) സഭാവാസികൾക്ക് നമസ്കാരം. നമ്മൾ സ്ത്രീകൾ! (സഭയിൽ ഒരു ഭാഗത്തേക്ക് നോക്കി) കണ്ടിട്ടു മനസിലായി എന്നായിരിക്കും, അല്ലെ? പറയാൻ കാര്യമുണ്ട്; നിൽക്കുന്നത് രംഗവേദിയിൽ അല്ലെ?ചിലർക്ക് സംശയം കാണും. ആണുങ്ങൾ പെൺ വേഷംകെട്ടി വന്നതാണോന്ന്.കാരണം,പലപ്പോഴും ആണുങ്ങൾതന്നെയാണല്ലോ പെൺ വേഷവും കെട്ടിയാടുന്നത്! അധികം വിസ്തരിക്കുന്നില്ല. സ്ത്രീകേന്ദ്രീക്ര്തമായ ഒരു നാടകം ഞങ്ങൾ സ്ത്രീകൾതന്നെ അവതരിപ്പിക്കുകയാണ്.
സ്ത്രീ രണ്ട്: പക്ഷേങ്കി ആരൊക്കെയോ നെറ്റി ചുളിക്കുന്നില്ലേന്നൊരു സംശയം; സ്ത്രീകൾ നാടകമഭിനയിക്കുന്നതിലുള്ള നീരസമായിരിക്കും. നീരസം വേണ്ട. ഞങ്ങൾ അടുക്കളയിൽനിന്ന് അങ്ങത്തേക്കിതാ വന്നുകഴിഞ്ഞു.
സ്ത്രീ മുന്ന്: ഇതു വെറും നാടകമല്ല, ജീവിതം തന്നെയാണ്.ജീവിതാനുഭവങ്ങളുടെ സാക്ഷിപത്രമാണു നാടകം. ജീവിതത്തിന്റെ ബഹിസ്ഫുരണം.
സ്ത്രീ അഞ്ച്: നാടകമേ ഉലകം എന്നാണല്ലോ കവിവാക്യം
സ്ത്രീകൾ അഞ്ചുംചേർന്ന്: അതെ നാടകമേ ഉലകം ജീവിതമേ ഉലകം.
സ്ത്രീ ഒന്ന്: (മുന്നോട്ട് വന്ന്) ഇവിടെ ഒരു സ്ത്രീയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളിലൂടെ........................ഒരു എത്തിനോട്ടം.................
(സ്ത്രീകൾ ദീപങ്ങൾ കയ്യിലെടുത്ത് തിരിച്ചുപോകുന്നു)
(പിന്നണിയിൽ-)
ദീപം ദീപം ദീപം
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ
(ഒരു വശത്തുനിന്ന് ഒരു പുരുഷകഥാപാത്രം പ്രവേശിക്കുന്നു)
പുരുഷൻ ഒന്ന്: (സദസിനെ നോക്കി) സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ ഞങ്ങൾ പുരുഷന്മാരുടെ തലയിൽ മാത്രം കെട്ടിവയ്ക്കാൻ ശ്രമിക്കരുത്. പുരുഷാധിപത്യം നിങ്ങൾ സ്വയം ഏറ്റു വാങ്ങുകയാണ്.
പുരുഷൻ രണ്ട്: (മറുവശത്തുനിന്ന് പ്രവേശിക്കുന്നു) അമ്മാവിയായും, നാത്തൂനായും എന്തിന് അമ്മയുടേയും, അമ്മൂമ്മയുടേയും വേഷത്തിനുള്ളിലും സ്ത്രീയുടെ ശത്രു ഒളിച്ചിരിപ്പുണ്ട്.
പുരുഷൻ ഒന്ന്: നിയമത്തിനുമുന്നിൽ സ്ത്രീയും പുരുഷനും എന്നേ തുല്യരായി. അവസരസമത്വം എന്നേ ഉറപ്പായി.
പുരുഷൻ രണ്ട്: എന്നിട്ടും.................. അപ്പോൾ എവുടെയാണു പ്രശ്നം?
പുരുഷൻ ഒന്ന്: സ്ത്രീകൾ ആദ്യം സ്ത്രീകളെ തിരിച്ചറിയട്ടെ!
(സ്ത്രീകഥാപാത്രങ്ങൾ കൂടി വന്നുചേർന്ന് കോറസാകുന്നു)
പുരുഷന്മാർ: (പാട്ട്) സ്ത്രീകളും വ്യക്തികൾ ശക്തികൾ
സ്ത്രീകൾ: (പാട്ട്) നമ്മൾ തിരിച്ചറിയുന്നു
പുരുഷന്മാർ: (പാട്ട്) നിങ്ങൾ അബലകളെന്നു ധരിച്ചു
സ്ത്രീകൾ: (പാട്ട്) നമ്മൾ നമ്മളിലേയ്ക്കങ്ങൊതുങ്ങി
എല്ലാവരും ഒരുമിച്ച്: സത്യം മറിച്ചായിരുന്നു! സത്യം മറിച്ചായിരിന്നു
സ്ത്രീകൾ: (പാട്ട്) മണ്ണിൽ പിറന്നൊരാനാൾമുതൽ എന്നുമെങ്ങും വിലക്കുകൾ മാത്രം.
ഒരുമിച്ച്: (പാട്ട്) എന്നുമെങ്ങും വിലക്കുകൾ മാത്രം!
സ്ത്രീ നാല്: (കയ്യുയർത്തി) വിലക്കുകൾ ലംഘിക്കുന്നു സ്ത്രീകൾ രംഗത്ത് വന്നിരിക്കുന്നു.
എല്ലാവരുമൊരുമിച്ച്: ഇതാ വന്നു കഴിഞ്ഞിരിക്കുന്നു.
(പാട്ട്-)
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ
(എല്ലാവരും പോകുന്നു)
(ശേഷം-)
സ്ത്രീ ഒന്ന്: (ഒരു വശത്തേക്ക് നോക്കി) അമ്മുണിക്കുട്ടി...............?
(മറുവശത്തേക്ക് നോക്കി) ഏലിക്കുട്ടീ!
(മുന്നോട്ട് നോക്കി) പാത്തുമുത്തേ)
വിശേഷമുണ്ട്...................വിശേഷമുണ്ട്
(ഇരു വശത്തുനിന്നമായി മറ്റു നാലു സ്ത്രീകൾ വരുന്നു)
അറിഞ്ഞില്ലേ? അറിഞ്ഞില്ലേ? കിഴക്കതിലെ ജാനമ്മ പ്രസവിച്ചു.
മറ്റുള്ള സ്ത്രീകൾ: ങാ പ്രസവിച്ചോ
(പുരുഷന്മാർ പ്രവേശിക്കുന്നു)
പുരുഷൻ ഒന്ന്: എന്താടീ പാറൂ കിടന്നു തൊണ്ട കീറുന്നത്?
സ്ത്രീ ഒന്ന്: അറിഞ്ഞില്ലേ ശങ്കരൻ കുട്ടീടെ പെണ്ണ് പെറ്റു.
പുരുഷന്മാർ: അതേയേ? സന്തോഷമായി!
പുരുഷൻ രണ്ട്: ശങ്കരൻ കുട്ടിയെക്കൊണ്ട് ചെലവ് ചെയ്യിക്കണം.
എല്ലാവരും: അതെ, ചെലവു ചെയ്യിക്കണം.
(എല്ലാവരും വട്ടത്തിൽ പാടി ന്ര്ത്തംവയ്ക്കുന്നു)
ആറ്റുനോറ്റിരുന്ന നമ്മുടെ
ജാനമ്മയ്ക്കൊരു കുഞ്ഞു പിറന്നു
കൊച്ചിനെ കാണാൻ പോവാടേ
കൊച്ചിനെ കാണാൻ പോവാടേ
(ഒരുവട്ടം കൂടി ആവർത്തിക്കണം)
സ്ത്രീ നാല്: ആട്ടേടീ നാത്തൂനേ ഒരുകാര്യം ചോദിക്കാൻ മറന്നു പോയി കൊച്ചെന്തര്?
മറ്റുള്ളവർ: ങാ കൊച്ചെന്തര്?
സ്ത്രീ ഒന്ന്:(സങ്കോചം) കൊച്ച്..........
മറ്റുള്ളവർ:കൊച്ച്.......
സ്ത്രീ ഒന്ന്: കൊച്ച്.......
പുരുഷൻ രണ്ട്: (സംശയിച്ച്) പെണ്ണാണല്ലേ.......?
സ്ത്രീ: അതെ പെണ്ണാ
സ്ത്രീ രണ്ട്: ജാനമ്മയ്ക്ക് ഭാഗ്യമില്ല!
മറ്റുള്ളവരും :അതെ ജാനമ്മയ്ക്ക് ഭാഗ്യമില്ലാതെ പോയി!
പുരുഷൻ ഒന്ന്:ശങ്കരൻ കുട്ടി വീമ്പു പറഞ്ഞതാ:കടിഞ്ഞൂൽ സന്തതി ആണായിരിക്കുമെന്ന്!
പുരുഷൻ രണ്ട്:പുളുത്തീലേ........?
സ്ത്രീ മുന്ന്: ഈ സീസണിൽ പെറുന്നതെല്ലാം പെങ്കൊച്ചുങ്ങളാ
സ്ത്രീ നാല്: (ദു:ഖത്തോടെ) ഇനിയിപ്പോ എത്ര പൊന്നുണ്ടാക്കണം?
സ്ത്രീ അഞ്ച്: എത്ര പണമുണ്ടാക്കാണം?
സ്ത്രീ ഒന്ന്: പെണ്ണിനെ നോക്കാനെത്ര കണ്ണു വേണം?
പുരുഷൻ രണ്ട്: ഹാവൂ കഷ്ടം ശങ്കരൻ കുട്ടിയ്ക്കിനി ചെന്നാ ചെന്നടം വന്നാ വന്നടം എന്നമട്ടിൽ പഴയതുപോലെ നടക്കാൻ പറ്റുമോ? പെൺകൊച്ചിനേം കാത്ത്സൂക്ഷിച്ച് വീട്ടീ ഇരി ക്കേണ്ടേ? ഒന്നാമത് ഈ കാലം!
പുരുഷൻ ഒന്ന്: നമ്മളിൽ പലരും അനുഭവിക്കുകയല്ലേ?
എല്ലാവരും : (വട്ടംചുറ്റി പാടുന്നു)
പെണ്ണൊരു ഭാരം തന്നെടിയേ
പെണ്ണിനെ പെറ്റാൽ ഭാഗ്യദോഷം
(ഒരുവട്ടമോ രണ്ടുവട്ടമോ ആവർത്തിക്കാം)
(പാടി ന്രത്തംവച്ച് എല്ലാവരും പിന്നണിയിലേക്ക്പോകുന്നു)
സ്ത്രീ രണ്ട്: (കുട്ടിയെ എടുത്തുകൊണ്ട് വരുന്നതായി അഭിനയിക്കുന്നു)
രാരീരാരീരം രാരോ
രാരീരാരീരം രാരോ
കൈവളരുന്നോ കാൽ വളരുന്നോ
ചൊല്ലെടി പൊന്നേ പുന്നാരീ
(ഒന്നോ രണ്ടോ വട്ടം ആവർത്തിക്കണം)
(മറ്റുള്ളവരും വരുന്നു)
എല്ലാവരും: (കോറസായി) ഹായ് കൊച്ചുജാനമ്മ
പുരുഷൻ ഒന്ന്: ഇത് കൊച്ചുശങ്കരി
പുരുഷൻ രണ്ട്: ശങ്കരീ ഹായ്
സ്ത്രീ മൂന്ന്: (കുട്ടിയെ വാങ്ങുന്നു) മോളൂട്ടീ കരയരുത് കേട്ടോ; പെൺകുട്ടികൾ ഉറക്കെ കരയാൻ പാടില്ല!
സ്ത്രീ നാല്: (കുട്ടിയെ സമീപിച്ച്) കക്കട്ടം പൊട്ടി ചിരിക്കരുത് കേട്ടോ, പെൺകുട്ടികൾ അങ്ങനെ ചിരിക്കാൻ പാടില്ല!
സ്ത്രീ അഞ്ച്: (കുട്ടിയെ സമീപിച്ച്) സൂക്ഷിച്ച് നോക്കരുത് കേട്ടോ, പെൺകുട്ടികൾ അങ്ങനെ നോക്കാൻ പാടില്ല!
പുരുഷൻ: (കുട്ടിയെ സമീപിച്ച്) ഉച്ചത്തിൽ സംസാരിക്കണ്ടാട്ടോ, പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിക്കൻ പാടില്ല!
സ്ത്രീ അഞ്ച്: (മുന്നോട്ട് വന്ന്) പെൺകുഞ്ഞുറക്കെ കരയരുത്
സ്ത്രീ നാല്:(മുന്നോട്ട് വന്ന്) പെൺകുഞ്ഞ് പൊട്ടിച്ചിരിക്കരുത്
സ്ത്രീ മുന്ന്: (മുന്നോട്ട് വന്ന്) പെൺകുഞ്ഞ് സൂക്ഷിച്ചു നോക്കരുത്
സ്ത്രീ രണ്ട്: (മുന്നോട്ടു വന്ന്) പെൺകുഞ്ഞുറക്കെ പറയരുത്
സ്ത്രീ ഒന്ന്: (മുന്നോട്ടു വന്ന്) പെണ്ണാണെന്നവിചാരം വേണം
എല്ലാവരും: ( പാടി വട്ടത്തിൽ നൃത്തം )
പെൺകുഞ്ഞുറക്കെ കരയരുത്
പെൺകുഞ്ഞ് പൊട്ടിച്ചിരിക്കരുത്
പെൺകുഞ്ഞ് സൂക്ഷിച്ചു നോക്കരുത്
പെൺകുഞ്ഞുറക്കെ പറയരുത്
പെണ്ണാണെന്നവിചാരം വേണം
രാരീരാരീരം രാരോ
രാരീരാരീരം രാരോ
(ഒന്നോ രണ്ടോ വട്ടം ആവർത്തിച്ച് പാടി വട്ടത്തിൽ നൃത്തം വച്ച് സ്ത്രീ ഒന്ന് ഒഴികെയുള്ളവർ പിന്നണിയിലേക്ക് പോകുന്നു)
സ്ത്രീ ഒന്ന്: (മുന്നോട്ട് വന്ന്) താരാട്ടി,പാലൂട്ടി, തേനൂട്ടി, കുഞ്ഞ് ലളർന്നുവരുന്നു. ജാനമ്മയുടെ പുത്രി! (പിന്നണിലേക്ക് പോകുന്നു)
(ഇനി പുത്രിയായി ഒരാൾ വരണം. ഇവിടെ സ്ത്രീ മൂന്നിനെ പുത്രിയായി സൂചിപ്പിക്കുന്നു)
സ്ത്രീ മൂന്ന് (പുത്രി): (ചക്ക കളിക്കുന്നു)
സ്ത്രീ അഞ്ച്: (വന്ന് വിലക്കുന്നു) എന്താടീ കിടന്നു ചാടുന്നത് പെണ്ണാണെന്നോർമ്മവേണം ങാ കളി നിർത്തി പോയി മുറ്റമടിക്കെടീ നശൂകരണം (സ്ത്രീ അഞ്ച് പോകുന്നു)
(പിന്നണിയിൽനിന്ന് കോറസ്):
കളിയിൽ വിലക്ക്
പെണ്ണിന് കളിയിൽ വിലക്ക്
(ഒരുവട്ടം കൂടി ആവർത്തിക്കാം)
(പുത്രി മുറ്റമടിച്ചുകൊണ്ട് നടന്നുപോകുന്നു.ശേഷം കണ്ണാടിയിൽ നോക്കി തലമുടി ചീകുന്നതായി അഭിനയിച്ചുകൊണ്ട് വീണ്ടും പ്രവേശിക്കുന്നു)
സ്ത്രീ അഞ്ച്: ആരെക്കാണിക്കാനാണെടീ ഈ ഒരുക്കം? പെൺകുട്ടികൾ ഇങ്ങനെ ഒരുങ്ങാൻ പാടില്ല. അ വ ളൊ രു പ രി ഷ്ക്കാ ര ത്തി! (പോകുന്നു)
(പിന്നണിയിൽ)
ഉടുപ്പിൽ വിലക്കു
പെണ്ണിനുടുപ്പിൽ വിലക്കു
(ഒരു വട്ടം കൂടി ആവർത്തിക്കാം)
(പുത്രി വിഷമിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ സ്ത്രീ രണ്ടാമയോ അഞ്ചാമയോ വരണം)
സ്ത്രീ ഒരാൾ: (രണ്ടാമ) പെണ്ണിന്റെ ഒരു നടത്ത കണ്ടില്ലേ! ഇങ്ങനാണോടീ പെൺകുട്ടികൾ നടക്കുന്നത്?(പോകുന്നു)
(പിന്നണിയിൽനിന്ന് കോസ്)
നടപ്പിൽ വിലക്കു
പെണ്ണിനു നടപ്പിൽ വിലക്കു
(ഒരുവട്ടം കൂടി ആവർത്തിക്കാം)
(വിഷമിച്ചുനിൽക്കുന്ന പുത്രിയുടെ അരികിലേയ്ക്ക് പുരുഷൻ ഒന്ന് കടന്നുവന്ന്) എന്താടീ,
കുറ്റിയടിച്ചപോലെ നിൽക്കുന്നത്? പെൺകുട്ടികൾ ഇങ്ങനേക്ക നിക്കാൻപാടൊണ്ടാ ങ്ഹാംഹ!(പോകുന്നു) (പുത്രി ദേഷിച്ച് അസ്വസ്ഥയായി ഒരുഭാഗത്ത് പോയിരിക്കുന്നു)
(പിന്നണിയിൽനിന്ന് കോസ്):
നില്പിൽ വിലക്ക്
പെണ്ണിനു നില്പിൽ വിലക്ക്
(ഒരുവട്ടം കൂടി ആവർത്തിക്കണം)
സ്ത്രീ നാല്: (പ്രവേശിക്കുന്നു മുത്തശ്ശിയെപ്പോലെ അഭിനയിക്കാം) എന്തരിരിപ്പെടീയിത്?
ഇങ്ങനാണോ,പെമ്പിള്ളാരിരിക്കാനക്കൊണ്ട്?(പുത്രി പേടിച്ചെഴുന്നേൽക്കുന്നു.സ്ത്രീ നാല് പോകുന്നു)
(പിന്നണിയിൽനിന്ന് കോറസ്):
ഇരിപ്പിൽ വിലക്ക്
പെണ്ണിനിരിപ്പിൽ വിലക്കു
(ഒരുവട്ടം കൂടി ആവർത്തിക്കണം)
(പുത്രി കരഞ്ഞുകൊണ്ട് നിലത്ത് കിടക്കുന്നു)
പുരുഷൻ രണ്ട് : (പ്രവേശിച്ച്) ഇതെന്തര് കെടപ്പെടീ ഉരുപ്പടീ? പെമ്പിള്ളാരിങ്ങനെ കളപൊളാന്നും പറഞ്ഞ് കെടന്നാ കൊള്ളാമാ?(പുത്രി ചാടിയെഴുന്നേറ്റിരിക്കുന്നു) അല്ലപിന്ന
(പുരുഷൻ രണ്ട് പോകുന്നു) (പിന്നണിയിൽനിന്ന് കോറസ്):
കിടപ്പിൽ വിലക്ക്
പെണ്ണിനു കിടപ്പിൽ വിലക്ക്
(ഒരുവട്ടം കൂടി ആവർത്തിക്കണം)
(പുത്രി ഇരുന്ന് ആലോചിക്കുമ്പോൾ സ്ത്രീ ഒന്ന് പ്രവേശിക്കുന്നു)
സ്ത്രീ ഒന്ന്: എന്താടീയിരുന്ന് ചിന്തിക്കുന്നത്? നിന്റെ കെട്ടിയോൻ ചത്തോ? പെൺകുട്ടികൾ............ ങാ ഞാനൊന്നും പറയുന്നില്ല; അശ്രീകരം! പോയി വെള്ളം കോരെടീ!
(സ്ത്രീ ഒന്ന് പോകുന്നു)
(പിന്നണിയിൽ കോറസ്):
ചിന്തയിലും വിലക്ക്
പെണ്ണിനു ചിന്തയിലും വിലക്ക്
(ഒരുവട്ടംകൂടി ആവർത്തിക്കാം)
(പുത്രി ഒരറ്റത്തു ചെന്ന് വെള്ളം കോരുന്നതായി അഭിനയിക്കുന്നു. വീണ്ടും വന്ന് കളിക്കുന്നു)
സ്ത്രീ അഞ്ച്: (വരുന്നു) ങേ വീണ്ടും കളിക്കുന്നോ പോയി തീയൂതെടീ
(പുത്രി ഒരറ്റത്തു പോയിനിന്ന് തീയൂതുന്നതായി അഭിനയിക്കുന്നു)(സ്ത്രീ അഞ്ച് പോകുന്നു)
പുത്രി: (തീയൂതുന്നത് നിർത്തി നിവർന്ന് നിന്നിട്ട്)
പുത്രി:
നിൽക്കാനിരിക്കാൻ നേരമില്ല
അല്പം കളിക്കാനും നേരമില്ല
(സദസിനോട്)
എങ്ങനെയാ നടക്കേണ്ടത്?
എങ്ങനെയാ ഇരിക്കേണ്ടത്?
എങ്ങനെയാ നില്ക്കേണ്ടത്?
എങ്ങനെയാ കിടക്കേണ്ടത്?
എല്ലാത്തിലും കുറ്റം!
ഇതിനുമാത്രം ഞാനെന്തു കുറ്റം ചെയ്തു?
(മറ്റുള്ളവർ എല്ലാം വന്ന് അവൾക്കുനേരെ കൈകൾ ചൂണ്ടി):
എല്ലാവരുംകൂടി: തർക്കുത്തരം പറയുന്നോടീ
പുരുഷൻ ഒന്ന്: പോടീഅകത്ത് (പുത്രി പോകു ന്നതായി അഭിനയിച്ചിട്ട് കോറസിൽ ചേരുന്നു)
(കോറസ്;പാട്ട്):
ഉടുപ്പിൽ വിലക്ക്
നടപ്പിൽ വിലക്ക്
നില്പിലിരിപ്പിൽ കിടപ്പിൽ വിലക്ക്
നോക്കിൽ വിലക്ക് വാക്കിൽ വിലക്ക്
ചിന്തയിൽ പോലും വിലക്ക്
എന്നുമെങ്ങും വിലക്കുകൾ മാത്രം!
(ഓരോരുത്തരായി മുന്നോട്ട് വന്ന്)
സ്ത്രീ ഒന്ന്:
വീടിൻ ഐശ്വര്യമേകും വിളക്കുകൾ
എന്നു കാര്യത്തിൽ വാഴ്ത്തിപ്പറഞ്ഞു
സ്ത്രീ രണ്ട്:
അടുക്കളത്തറയിൽ അടുപ്പിന്റെ ചോട്ടിൽ
പുകമറയ്ക്കുള്ളിൽ തളച്ചു
സ്ത്രീ മൂന്ന്:
ആയിരം വർണ്ണത്തിൽ നെയ്ത സ്വപ്നങ്ങൾ
പുകയായ് പുകഞ്ഞതു ചിമ്മിനി മാനത്തയച്ചു
സ്ത്രീ നാല്:
സ്ത്രീയെന്ന ബോധത്തിൽ ഗർഭം ചുമന്നു
പേറ്റുനോവിൽ സുഖം കണ്ടു
സ്ത്രീ:
ഭൂമിയോളം ക്ഷമിച്ചേറെ സഹിച്ചു
ദു:ഖഭാരങ്ങളെത്ര വഹിച്ചു
പുരുഷൻ ഒന്ന്:
എന്നിട്ടുമെന്നും സ്ത്രീകൾതൻ കാതിൽ
പഴിവാക്കുകൾ വന്നു തളച്ചിടുന്നു
പുരുഷൻ രണ്ട്:
രണ്ടാം തരക്കാരി മാത്രമായ് സ്ത്രീജന്മം
പാഴായിപ്പോകുന്നു സത്യം
സ്ത്രീ ഒന്ന്:
ഇല്ലിനിക്കഥയിതു തുടരുകയില്ലെന്ന്
നമ്മൾ പ്രതിജ്ഞ ചെയ്യുന്നു
സ്ത്രീ രണ്ട്:
നമ്മൾ വിലക്കുന്നു വേണ്ടതിലേറെ
വിലക്കിൻ വിലങ്ങുകൾ വേണ്ട
സ്ത്രീ മൂന്ന്:
നമ്മളും നാടിൻ പൊതുധാരയിൽ
കർമ്മനിരതരായ് മാറും
സ്ത്രീ നാല്:
വീടിന്റെ ശക്തികൾ നാടിനും ശക്തിയായ്
പോരുന്നിതാ കരുത്തോടെ
കോറസ്:
സ്ത്രീകളും വ്യക്തികൾ ശക്തികൾ
എന്നു നമ്മൾ തിരിച്ചറിയുന്നു
സ്ത്രീകളും വ്യക്തികൾ ശക്തികൾ
എന്നു നമ്മൾ തിരിച്ചറിയുന്നു
(അവസാനത്തെ വരികൾ മുഴുവൻ ചേർത്ത് സംഘഗാനമായി ആലപിച്ച് നാടകം അവസാനിപ്പിക്കാവുന്നതാണ്
അതായത്-
സ്ത്രീകളും വ്യക്തികൾ...................
.......................................എന്ന് നമ്മൾ തിരിച്ചറിയിന്നു
വീടീൻ ഐശ്വര്യമേകും......................................
പോരൂന്നിതാ കരുത്തോടെ.................................
.........................................................................
.....................നമ്മൾ തിരിച്ചറിയുന്നു)
No comments:
Post a Comment