യുക്തിവാദികളെ അവരുടെ വഴിയ്ക്കും വിടുക
മത-ദൈവ വിശ്വാസം, യുക്തിവാദം, നിരീശ്വരവാദം എന്നിവയുമായി ബന്ധപ്പെടുത്തി ഒരു ചെറു കുറിപ്പ് എഴുതുകയാണ് ഇവിടെ. എന്റെ ഒരു ബ്ലോഗിൽ എത്തിയ കമന്റാണ് ഈ പോസ്റ്റ് എഴുതാനുള്ള പ്രേരണ.ആ കമന്റിനെ പറ്റിയൊന്നുമിവിടെ പറയുന്നില്ല.
മതത്തിലോ ദൈവത്തിലോ വിശ്വസിക്കാത്തവരെ ഒറ്റപ്പെടുത്തുന്ന ഒരു സമൂഹ്യ പച്ഛാത്തലത്തിൽ അല്ല ഞാൻ ജനിച്ചു വളർന്നത്. ഏതെങ്കിലും മത ദൈവാദി വിശ്വാസങ്ങൾക്ക് ഒരു വിധ തടസങ്ങളും ഉണ്ടാക്കാത്ത സഹിഷ്ണുതാബോധമുള്ള ഒരു സമൂഹവുമാണ് എനിയ്ക്കുചുറ്റിലും ഇതുവരെയും ഉണ്ടായിട്ടുള്ളത്. അത് എന്റെ ജീവിതത്തെ സ്വാധീനിയ്ക്കുകയും ചെയ്തിട്ടുണ്ട്. ദൈവം ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം നിരർത്ഥകവും അനാവശ്യവും ആണെന്നാണ് എന്റെ വിശ്വാസം. കാരണം ഈ ശാസ്ത്രയുഗത്തിൽ അത്തരം അന്വേഷണം യുക്തിസഹജമല്ല. ഉത്തരം കിട്ടാത്ത ചോദ്യവുമായി ചെന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറ്റുവാങ്ങി സായൂജ്യം അടയുന്നതെന്തിന്?
യഥാർഥ മത- ദൈവ വിശ്വാസികളായ സധാരണ മനുഷ്യർ ഏറെ നിഷ്കളങ്കരാണെന്നു മനസ്സിലാക്കിയിട്ടുള്ള ഒരാളും ആണു ഞാൻ. മതത്തിന്റെ പേരിൽ നടക്കുന്ന തിന്മകൾക്ക് ഈ നിഷ്കളങ്ക വിശ്വാസികൾ ഒരിയ്ക്കലും ഉത്തരവാദികൾ അല്ല. അതുകൊണ്ടുതന്നെ അവർക്ക് എന്റെ വീട്ടിൽ എന്റെ മുറിയിൽ പ്രാർത്ഥനാസൌകര്യം ഒരുക്കുന്നതിൽപോലും എനിയ്ക്ക് ഒരു മടിയും ഇല്ല.അവർ ഏതു മതത്തെ പിൻപറ്റുന്നവർ ആണെങ്കിലും.
മുസൽമാന്റെ വീട്ടിൽനിന്ന് കെട്ടും കെട്ടി മലയ്ക്കു പോകുന്ന ഹിന്ദു സുഹൃത്തുക്കളെ ഞാൻ എത്രയോ കണ്ടിരിയ്ക്കുന്നു. അതുപോലെ അമ്പലകമ്മിറ്റികളിൽ ഭാരവാഹികൾ ആകുന്ന എത്രയോ മുസ്ലീങ്ങൾ! ഒരു ബഹുമത സമൂഹത്തിൽ ഇതൊന്നും ഒരു അദ്ഭുതമേ അല്ല.ക്രിസ്ത്യാനികൾ വളരെയൊന്നും ഇല്ലാത്ത എന്റെ നാട്ടിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ചേർന്നു ക്രിസ്തുമസ് കരോൾ നടത്തുന്നതിനും ഈയുള്ളവൻ സാക്ഷിയായിട്ടുണ്ട്. അന്യമതങ്ങളോടുള്ള ഈ ആദരവ് ഒരിയ്ക്കലും സ്വന്തം വിശ്വാസത്തിനു പോറൽ ഏല്പിയ്ക്കില്ല.
മതവിശ്വാസികൾ യുക്തിവാദിസംഘം സമ്മേളനത്തിന്റെ സ്വാഗയ്തസംഘം ഭാരവാഹികളും, പ്രാസംഗികരും ഒക്കെ ആകുന്നതും സധാരണ സംഭവങ്ങൾ മാത്രമാണ്. യുക്തിവാദിസംഘം യോഗത്തിൽ പ്രസംഗിയ്ക്കാൻ വന്ന വിശ്വാസിയായ ഒരാൾ നിഷ്കളങ്കമായി ഈ നിരീശ്വരവാദികൾക്കു സൽബുദ്ധി കൊടുക്കണമേയെന്നു ഈശ്വരനോടു പ്രാർത്ഥിച്ചതിനും ഈയുള്ളവൻ സാക്ഷിയായിട്ടുണ്ട്. ആ മനുഷ്യന്റെ നിഷ്കളങ്കത കൌതുകത്തോടെ കേട്ടീരുന്ന യുക്തിവാദികൾ അയാളൊടു ഒരു നീരസവും കാണിച്ചില്ല. അതാണ് സഹിഷ്ണുത, സ്നേഹം, പരസ്പര ബഹുമാനം എന്നൊക്കെ പറയുന്നത്. ഉത്സവനടത്തിപ്പുകാരായ യുക്തിവാദികളെയും ഞാൻ കണ്ടിട്ടൂണ്ട്. ഒരു ബഹുമത സമൂഹത്തിൽ ഇങ്ങനെയൊക്കെ അല്ലാതെ നാം എങ്ങനെയാണു അഡ്ജസ്റ്റു ചെയ്തു ജീവിയ്ക്കേണ്ടത്?
ഇനി വിശ്വാസത്തെപറ്റി അല്പം; ദൈവത്തിലും ജാതിയിലും മതത്തിലുംമറ്റും വിശ്വസിയ്ക്കുന്നവരെയാണ് ഇവിടെ പൊതുവെ വിശ്വാസികൾ എന്നു വിളിയ്ക്കുന്നത്. ദൈവ-ജാതി-മതങ്ങളിൽ വിശ്വസിക്കാത്തവർ അവിശ്വാസികൾ എന്നും വിശേഷിപ്പിയ്ക്കപ്പെടുന്നു. എന്നാൽ ദൈവം ഉണ്ട് എന്നത് ഒരു വിശ്വാസം; എന്നാൽ ദൈവം ഇല്ല എന്നതു മറ്റൊരു വിശ്വാസം. രണ്ടും വിശ്വാസമാണ്. ഒന്ന് ഇല്ല എന്ന വിശ്വാസം. മറ്റൊന്ന് ഉണ്ട്` എന്ന വിശ്വാസം. ഇതിൽ ഒരു കൂട്ടരെ അവിശ്വാസികൾ എന്നു വിളിയ്ക്കുന്നതിലെ യുക്തിയെന്ത്?
ശാസ്ത്രം സത്യമാണ്. തെറ്റിയാൽ തിരുത്താൻ തയ്യാറുമാണു ശാസ്ത്രം. ശാസ്ത്രത്തിൽ വിശ്വസിയ്ക്കുന്നതാണു ശരിയായ വിശ്വാസം. ഇവിടെ ശാസ്ത്രത്തോടു അചഞ്ചലമായ വിശ്വാസം പുലർത്തുന്നവരാണ് ശരിയ്ക്കും നിരീശ്വരവാദികളായി തീരുന്നത്. അവരെ അവിശ്വാസികൾ എന്ന പദം കൊണ്ടു വിശേഷിപ്പിയ്ക്കുന്നതു നീതിയല്ല. മറിച്ച് ദൈവവിശ്വാസികളെ അവിശ്വാസികൾ എന്നു വിളിയ്ക്കണമെന്ന തീവ്ര നിലപാടൊന്നും എനിയ്ക്കില്ല. എങ്കിലും പറഞ്ഞെന്നേയുള്ളു. ആളുകൾ അവരുടെ മനോനിലയനുസരിച്ച് വിശ്വസിയ്ക്കുകയോ വിശ്വസിയ്ക്കാതിരിയ്ക്കുകയോ ഒക്കെ ചെയ്യട്ടെ.
അതുപോലെ യുക്തി എന്ന പദം യുക്തിവാദികളുടെ കുത്തകയുമല്ല. യുക്തിപൂർവ്വം ചിന്തിയ്ക്കുന്നവർ യുക്തിവാദികൾ മാത്രമല്ല. യുക്തിവാദി ആല്ലാത്തവരിലും യുക്തിബോധം ഉള്ളവരൊക്കെ ഉണ്ട്. യുക്തിവാദികൾ ചിന്തിയ്ക്കുന്നതും പ്രവർത്തിയ്ക്കുന്നതും എല്ലാം യുക്തിയ്ക്കു നിരക്കുന്ന കാര്യങ്ങൾ മാത്രം ആകണം എന്നും ഇല്ല.അയുക്തികമായ പ്രവൃത്തികൾ എത്രയോ യുക്തിവാദികൾ ചെയ്യുന്നു! യുക്തിപൂർവ്വമായ പ്രവൃത്തികൾ യുക്തിവാദികൾ അല്ലാത്തവരും ചെയ്യുന്നുണ്ട്. പിന്നെ തിരിച്ചറിയപ്പെടാൻ വേണ്ടി വിശ്വാസി, അവിശ്വാസി, യുക്തിവാദി എന്നൊക്കെ പറയുന്നു എന്നേയുള്ളു
ഏതെങ്കിലും മത ദൈവവിശ്വാസികളെ സദാ തെറിയും പറഞ്ഞു നടക്കുന്ന വരട്ടുയുക്തിവാദിയൊന്നുമല്ല ഈയുള്ളവൻ. മതാചാരങ്ങളെ പിൻപറ്റിയും ദൈവത്തിൽ വിശ്വസിച്ചും ഒക്കെ വ്യക്തിജീവിതം ക്രമപ്പെടുത്തുന്നവർ എല്ലാ വിഢ്ഢികളാണെന്നോ, കൊള്ളരുതാത്തവരാണെന്നോ ഒന്നും ഞാൻ വിശ്വസിയ്ക്കുന്നവനും അല്ല. അതേസമയം ഒരാൾ ഇതിലൊന്നും വിശ്വസിയ്ക്കാതെ യുക്തിവാദിസംഘം പ്രവർത്തനവുമായി നടക്കുന്നത് ഒരു കുറ്റമായോ കുറവായോ ആയി കരുതുന്നുമില്ല. വിശേഷിച്ചും ഇന്ത്യയിൽ നിരീശരവാദത്തിനോ നിർമ്മതത്തത്തിനോ നിയമപരമായോ ഭരണഘടനാപരമായോ വിലക്കുകളും ഇല്ല.
വേദഗ്രന്ധങ്ങൾ സമൃദ്ധങ്ങൾ തന്നെ. അതുകൊണ്ടു് അവ വിമർശനങ്ങൾക്കതീതമോ തിരുത്തപ്പെട്ടു കൂടാത്തതോ ആണെന്നു കരുതാൻ ആകില്ല. എ.ടി. കോവൂരിന്റേയും ഇടമറുകിന്റേയും മറ്റും പുസ്തകങ്ങൾ വിലകല്പിച്ചുകൂടാത്തവയും അല്ല. അറിവ് പകരുന്നതെന്തും സ്വീകാരിക്കാവുന്നതു തന്നെ. ബഹുഭൂരിപക്ഷം വിശ്വസിയ്ക്കുന്നതുകൊണ്ട് ഏതെങ്കിലും ഒരു കാര്യം സത്യവും, ഭൂരിപക്ഷം അംഗീകരിയ്ക്കാത്തതുകൊണ്ട് ഒരു കാര്യം അസത്യവും ആകണമെന്നില്ല. സമൂഹത്തിൽ ന്യൂനപക്ഷമാണെന്നു കരുതി യുക്തിവാദ ചിന്തകളെ അവമതിയ്ക്കുന്നത് മര്യാദയുമല്ല. ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ വിശ്വസിയ്ക്കുന്നതുകൊണ്ട് പല ഭൌതിക ലാഭങ്ങളും ഉണ്ടാകും എന്നതു ശരിതന്നെ. ജാതി-മത-ദൈവാദികളിൽ വിശ്വസിയ്ക്കാതിരിയ്ക്കുന്നതുകൊണ്ട് ഭൌതികമായി നഷ്ടങ്ങളേ ഉള്ളൂ. ആ നഷ്ടങ്ങൾ സഹിയ്ക്കാൻ തയ്യാറുള്ളവരെ അവരുടെ വഴിയ്ക്കു വിടുക.
വിശ്വാസവും അവിശ്വാസവും തമ്മിൽ ഒരിയ്ക്കലും പൊരുത്തപ്പെട്ടു പോകില്ല. പരസ്പരം തിരിച്ചറിഞ്ഞ് അംഗീകരിച്ചും ആദരിച്ചും മുന്നോട്ടു പോവുകയേ തരമുള്ളു. അതാണ്- അതായിരിയ്ക്കണം ജനാധിപത്യത്തിലെ ജീവിത ക്രമം. ജാതിമതങ്ങളിലോ ദൈവങ്ങളിലോ വിശ്വസിയ്ക്കാത്തവരെ മുഴുവൻ വിശ്വസിപ്പിച്ചേ അടങ്ങൂ എന്നുള്ള വാശി ആവശ്യമില്ലാത്തതാണ്. അതുപോലെ വിശ്വാസികളെല്ലാം ഒരു സുപ്രഭാതത്തിൽ അതെല്ലാം ഉപേക്ഷിച്ച് യുക്തിവാദി ആയിക്കൊള്ളണമെന്നും ആഗ്രഹിയ്ക്കരുത്. ഒരു വിശ്വാസത്തെ അല്ലെങ്കിൽ അവിശ്വാസത്തെ മറ്റൊന്ന് കീഴ്പെടുത്തി ഇല്ലാതാക്കും എന്ന പേടിയിൽ നിന്നാണ് പ്രകോപനങ്ങൾ ഉണ്ടാകുന്നത്. അത്തരം പ്രകോപനങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്.
അതിജീവിയ്ക്കാൻ കഴിയുന്ന ഏതു തത്വ ശാസ്ത്രവും നിലനിൽക്കും; മനുഷ്യനു എന്തെങ്കിലും പ്രയോജനം ചെയ്യുന്നവയാണെങ്കിൽ. ഗുണങ്ങളും ദോഷങ്ങളും ഏതൊരു തത്വശാസ്ത്രത്തിനും -അതു മതമായാലും, മറ്റെന്താണെങ്കിലും- ഉണ്ടാകും. അതിന്റെ ഗുണവശങ്ങൾ കണക്കിലെടുക്കുകയും ദോഷവശങ്ങളെ അവഗണിയ്ക്കുകയും ചെയ്തുകൊണ്ട് സൌകര്യ പൂർവ്വം ഏതെങ്കിലും ഒരു വിശ്വാസത്തെ പിൻപറ്റുകയാകും നല്ല്ലൊരു പങ്ക് ആളുകളും ചെയ്യുക. മതവിശ്വാസികൾ ആ വിശ്വാസം നില നിൽക്കെ തന്നെ അതിന്റെ വിമർശകരാവുകയും, യുക്തിവാദികളും നിരീശ്വരവാദികളും ആയിട്ടുള്ളവർ അവരുടെ വിശ്വാസങ്ങൾക്കുള്ളിൽനിന്നുകൊണ്ട് അവയുടെതന്നെ വിമർശകരാവുകയും ചെയ്യുന്നതും അതുകൊണ്ടാണ്.
ഇവിടെ നമുക്കു കാണാൻ കഴിയുന്നത്, ഏതെങ്കിലും മതവിശ്വാസത്തെയോ ദൈവവിശ്വാസത്തെയോ പിൻപറ്റാതിരിയ്ക്കുന്നത് എന്തോ അപകടമാണെന്ന മട്ടാണു മിക്കവാറും വിശ്വാസികൾക്ക്. എന്നാൽ യുക്തിവാദികൾ ആകട്ടെ മതവിശ്വാസത്തെയും ദൈവവിശ്വാസത്തെയും ഒരു കുറ്റമായിട്ടല്ല അതിന്റെ നിരർത്ഥകത ശാസ്ത്രത്തിന്റെയും, തങ്ങളുടെ അറിവിന്റെയും ചിന്തയുടെയും പിൻബലത്തിൽ ചൂണ്ടിക്കാണിയ്ക്കുകയാണ് ചെയ്യുക.മറിച്ച് മതം ഇല്ലാതാകണമെന്ന് അവർ ആഗ്രഹിയ്ക്കുന്നത്, മതം സമൂഹത്തെ തെറ്റായി സ്വാധീനിയ്ക്കുകയും, മനുഷ്യനെ വേർതിരിയ്ക്കുകയും, പലപ്പോഴും സംഘർഷങ്ങൾക്ക് അത് നിദാനമാവുകയും ചെയ്യുന്നു എന്നതു കൊണ്ടാണ്.
മനുഷ്യന്റെ എല്ലാവിധ സ്വാതന്ത്ര്യത്തിനും, ജീവിയ്ക്കാനുള്ള അവകാശത്തിനും സമാധാനത്തിനും സ്വൈരജീവിതത്തിനും തടസമില്ലാത്ത ഒന്നിനെയും തുടച്ചു നീക്കണമെന്ന് ആരും ആഗ്രഹിക്കുകയില്ല. അതിപ്പോൾ ദൈവശാസ്ത്രമായാലും, മതവിശ്വാസമായാലും, യുക്തിവാദമായാലും, കമ്മ്യൂണിസം ആയാലും. മനുഷ്യജീവിതത്തിനും, പുരോഗതിയ്ക്കും ഭീഷണി സൃഷ്ടിച്ചാൽ അത് എതിർക്കപ്പെടുന്നതു സ്വാഭാവികമാണ്. ഇവിടെ മതങ്ങൾ എതിർക്കപ്പെടുന്നതിനു കാരണം അവ മതങ്ങൾ ആയതുകൊണ്ടല്ല, മൊത്തം മനുഷ്യ സമൂഹത്തിന് അത് ചരിത്രത്തിൽ പലപ്പോഴും പ്രയാസങ്ങൾ ഉണ്ടാക്കിട്ടുണ്ട് എന്നതിന്റെ അനുഭവ സാക്ഷ്യങ്ങളും ഇന്നും മതത്തിന്റെ പേരിൽ നടക്കുന്ന അന്യായങ്ങളും അക്രമങ്ങളുമാണ് മതങ്ങൾ ചോദ്യം ചെയ്യപ്പെടുവാൻ കാരണം. മതങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു എന്നതുകൊണ്ട് മതത്തിനെതിരായ സിദ്ധാന്തങ്ങളൊന്നും ചോദ്യം ചെയ്യപ്പെട്ടു കൂടാത്തവയാണ് എന്നും അർത്ഥമില്ല.
മതങ്ങൾ മാത്രം തെറ്റും അതിനു വിപരീതമായിട്ടുള്ളതെല്ലാം ശരിയുമാണ് എന്നു കരുതുന്നതും ശരിയല്ല. മതങ്ങൾക്കുള്ളിലും കുറെ ശരികളുണ്ട്. എന്നാൽ മതങ്ങളിൽ കുറ്റങ്ങൾ ഉണ്ടെങ്കിൽ അത് ആ മതത്തിന്റെ സാരാംശത്തിന്റെ കുഴപ്പമല്ല. അവ ഉണ്ടായതും പരിണമിച്ചതുമായ സ്ഥലകാലങ്ങളും, ഓരോ കാലത്തും അവ കൈകാര്യം ചെയ്ത മനുഷ്യരും ഒക്കെ മതങ്ങളുടെ മേന്മകളേയും കോട്ടങ്ങളെയും സ്വാധീനിച്ചിരിയ്ക്കും. മതങ്ങൾ എല്ലാം ദൈവവുമായി കൂട്ടിച്ചേർക്കപ്പെട്ടു വായിക്കുകയാൽ അവ കുറ്റങ്ങൾക്കും വിമർശനങ്ങൾക്കുമതീതമാണെന്നും കരുതിക്കൂട. ഓരോ മതത്തിനുള്ളിലും വിശ്വാസങ്ങളേയും ആചാരങ്ങളെയും സംബന്ധിച്ച് വ്യത്യസ്ഥ ധാരകൾ നില നിൽക്കുന്നു എന്നതു തന്നെ മതങ്ങളും മത തത്വങ്ങളും മത ശാസനകളും ചോദ്യം ചെയ്യപ്പെട്ടുകൂടാത്തവയും തിരുത്തിക്കൂടാത്തവയുമാണെന്ന ധാരണയെ പൊളിയ്ക്കുന്നുണ്ട്.
ഒരു കാര്യം കൂടി പറഞ്ഞ് ഞാൻ തൽകാലം ഈ പോസ്റ്റു ചുരുക്കാം. ഇവിടെ വിശ്വാസങ്ങൾ തലമുറകളിൽനിന്നും തലമുറകളിലേയ്ക്ക് അടിച്ചേല്പിയ്ക്കപ്പെടുന്ന ഒന്നാണ്. ജനിയ്ക്കുന്ന കുടുംബത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും കൊച്ചിലേ പിൻപറ്റി ശീലിയ്ക്കുന്നതാണ്. അതുമായി കാലക്രമേണ പൊരുത്തപ്പെടുന്നു. മറിച്ചുള്ള ചിന്തകൾ സൌകര്യപൂർവ്വം ഒഴിവാക്കുന്നു. പഠനങ്ങളിലൂടെയും, താരതമ്യങ്ങളിലൂടെയും അവയിൽനിന്നും ഉരുത്തുരിയുന്ന ചിന്തകളിലൂടെയും ഒരോരുത്തരിലും സ്വയം പാകപ്പെട്ടു വരേണ്ടതാണ് സ്വന്തം വിശ്വാസങ്ങൾ.
ഇവിടെ ഹിന്ദു കുടുംബത്തിൽ ജനിയ്ക്കുന്നവർ ആ ഒരു കാരണം കൊണ്ടു ഹിന്ദുവായും, മുസ്ലീം കുടുംബത്തിൽ ജനിയ്ക്കുന്നവർ ആ ഒരു കാര്യം കൊണ്ടു മുസ്ലീമായും, ക്രിസ്ത്യൻ കുടുംബത്തിൽ ജനിയ്ക്കുന്നവർ ആ ഒരു കാര്യം കൊണ്ട് ക്രിസ്ത്യാനിയായും, യുക്തിവാദികുടുംബത്തിൽ ജനിയ്ക്കുന്നവർ ആ ഒരു കാര്യം കൊണ്ട് യുക്തിവാദിയായും മാറാൻ നിർബന്ധിതരാകുന്നു. പഠനങ്ങളിലൂടെയും സ്വതന്ത്രമായ ചിന്തകളിലൂടെയും ആർജ്ജിയ്ക്കുന്ന വിശ്വാസങ്ങൾക്ക് അനുസൃതമായ സ്വജീവിതക്രമീകരണങ്ങൾക്ക് ഇവിടെ അവസരമില്ല. ഇത് ജനാധിപത്യ ആശയങ്ങൾക്കു നിരക്കുന്നതുമല്ല. ഒരു വീട്ടിൽ തന്നെ വ്യത്യസ്ഥ രാഷ്ട്രീയ- മത വിശ്വാസങ്ങൾ ഉള്ളവർ ഒരുമിച്ചു ജീവിയ്ക്കുന്ന ഒരു സാഹചര്യം സംജാതമാകണം.
പക്ഷെ ഇവിടെ ലോകം മുഴുവൻ ക്രിസ്തു മത വിശ്വാസം മാത്രം ഉള്ള അവസ്ഥ കൊണ്ടുവരുവാൻ കൃസ്ത്യാനികളും, ലോകം മുഴുവൻ ഇസ്ലാം മതവിശ്വാസം മാത്രം കൊണ്ടുവരുവാൻ മുസ്ലീങ്ങളും, ഇന്ത്യയിലും പിന്നെ ലോകമാകെയും ഹിന്ദുമതം മാത്രം കൊണ്ടു വരാൻ ഹിന്ദുക്കളും, ലോകം മുഴുവൻ കമ്മ്യൂണിസം മാത്രം കൊണ്ടുവരുവാൻ കമ്മ്യൂണിസ്റ്റുകളും, ലോകം മുഴുവൻ യുക്തിവാദികളെ കൊണ്ടു നിറയ്ക്കാൻ യുക്തിവാദികളും ആഗ്രഹിച്ച് അരയും തലയും മുറുക്കി രംഗത്തിറങ്ങിയാൽ പിന്നെ സ്വൈരജീവിതം എവിടെ? ഇവയിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെടാത്ത ആരുമില്ലല്ലോ ലോകത്ത്!
5 comments:
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് നൂറ് ശതമനവും യോജിക്കാന്‍ എനിക്ക് സമ്മതമാണു. ഞാന്‍ അല്പ്സ്വല്പം യുക്തിവാദം പ്രസംഗിച്ചു നടന്നിട്ടുണ്ട്. ഇപ്പോഴും എന്നെ യുക്തിവാദി എന്ന് വിളിച്ചാല്‍ എനിക്ക് പരാതിയുമില്ല. എന്നാല്‍ ദൈവം ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കം നിരര്‍ഥകമാണെന്ന് ഞാനും മനസ്സിലാക്കുന്നു. അങ്ങനെയൊരു വാദപ്രതിവാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ ഒരു മന:സമാധാനം ഉണ്ടെങ്കില്‍ ആ സമാധാനം എന്തിന് യുക്തിവാദികള്‍ തര്‍ക്കിച്ച് ഇല്ലാതാക്കണം? പകരം എന്ത് മന:സമാധാനം യുക്തിവാദികള്‍ നല്‍കും? ദൈവവിശ്വാസം തികച്ചും വ്യക്തിപരവും മറ്റുള്ളവര്‍ക്ക് നിരുപദ്രവവുമാണു. മാത്രമല്ല പ്രപഞ്ചത്തെ കുറിച്ചുള്ള കേവലസത്യം യുക്തിവാദികള്‍ക്കുമറിയില്ലല്ലൊ. ഒരു വിശ്വാസം തെറ്റോ ശരിയോ എന്ന് യുക്തിവാദികള്‍ തലനാരിഴ കീറി പരിശോധിക്കേണ്ടതില്ല. തീര്‍ച്ചയായും പല വിശ്വാസങ്ങളിലും തെറ്റ് കണ്ടേക്കാം. എന്നാല്‍ ഒരേയൊരു വിശ്വാസത്തില്‍ ലോകജനതയെയാകെ കോര്‍ത്തിണക്കുക സാധ്യമല്ല. അപ്പോള്‍ പ്രശ്നം എല്ലാവരും സമാധാനത്തോടെ സഹവര്‍ത്തിക്കുക എന്നതാണു. അത്കൊണ്ടാണ് ഈ പോസ്റ്റിലെ ചിന്താധാരയോട് ഞാന്‍ യോജിക്കുന്നത്. യുക്തിവാദികള്‍ക്ക് വേണമെങ്കില്‍ സമൂഹത്തിലെ ആചാരങ്ങളിലും ചടങ്ങുകളിലും മറ്റുമുള്ള ജനങ്ങളെ വിഷമിപ്പിക്കുന്ന സമ്പ്രദായങ്ങളെയും ചൂഷണങ്ങളെയും സാമൂഹ്യതിന്മകളെയും എതിര്‍ക്കാം. എന്നെപ്പോലെ എല്ലാവരും ചിന്തിക്കണം എന്ന വാശി ആര്‍ക്കും നല്ലതല്ല.
ആശംസകളോടെ,
താങ്കള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് യോജിപ്പുകളും വിയോജിപ്പുകളും ഉണ്ട്.
സഹിഷ്ണുതയുടേയും സഹകരണത്തിന്റേയും അന്തരീക്ഷത്തില്‍ മതവിശ്വാസികള്‍
ജീവിക്കുന്നുവെന്നത് മത ദൈവവിശ്വാസികളിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെ ഒരു സ്വഭാവവിശേഷമാണ്. നിഷ്കളങ്കമായ ഇവരുടെ ജീവിതം യാതൊരുവിധ ഹിംസയ്ക്കും പരമതാവഹേളനത്തിനും ചൂഷണത്തിനും ഒന്നും സാമാന്യരീതിയില്‍ കാരണമാകാറില്ല. എന്നാല്‍ സ്ഫോടനാത്മകമായ ഒരു മതസംഘര്‍ഷസാഹചര്യം
ഏതെങ്കിലും കാരണത്താല്‍ ഉണ്ടാകുമ്പോഴാണു ഈ നിഷകളങ്കതക്കും ഹൃദയനൈര്‍മല്യത്തിനും നേര്‍വിപരീതമായ ക്രൂരതയുടേയും ഹിംസയുടെയും വെറുപ്പിന്റേയും കഥാപാത്രങ്ങളായി ഇവര്‍ പരിവര്‍ത്തിക്കപ്പെടുന്നത്.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഇന്ത്യാവിഭജനത്തോട് അനുബന്ധിച്ചുണ്ടായ അതിക്രൂരങ്ങളായ ലക്ഷോപലക്ഷം കൊലപാതകങ്ങളും പീഢനങ്ങളും. ഒരേ പാത്രത്തില്‍
ഉണ്ണുകയും ഒരേ പായയില്‍ ഉറങ്ങുകയും ചെയ്ത അയല്‍ക്കാരുപോലും ഈ ക്രൂരതയില്‍ നിന്നും മാറിനിന്നില്ല എന്നത് മതവികാരം അത്യന്തം അപകടകാരിയായ ഒരു
വികാരമാണെന്നും അത് ഗുപ്താവസ്ഥയില്‍ ഓരോ വിശ്വാസിയിലും ഉറങ്ങിക്കിടക്കുന്നു
എന്നുമാണു മനസിലാക്കേണ്ടത്. ഇസ്ലാമതത്തിനും കൃസ്തുമതത്തിനും മതപ്രചരണം
അനിവാര്യമായ മതജീവിതത്തിന്റെ ഭാഗം തന്നെയാണ്. അപ്പോള്‍ മതങ്ങള്‍ തെറ്റാണെന്ന്, തങ്ങളുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രചരിപ്പിക്കാനുള്ള അവകാശം
യുക്തിവാദികള്‍ക്കുമില്ലേ ? അതോ യുക്തിവാദികായവര്‍ നിശബ്ദരായി തങ്ങളുടെ
യുക്തിവാദത്തിന്റെ അടിസ്ഥാനത്തില്‍ ജീവിച്ചാല്‍ മതിയോ ?അവരുടെ
യുക്തിവാദപ്രസ്ഥാനങ്ങളും പരിഷ്ക്കരണപ്രസ്ഥാനങ്ങളും പിരിച്ചുവിടണമോ ?മതങ്ങള്‍, പ്രത്യേകിച്ചു ഹിന്ദുമതമാണു ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണമായിട്ടുള്ളതും സാര്‍വത്രികപുരോഗതിക്ക് തടസം നില്‍ക്കുന്നതും. ഹിന്ദുമതത്തില്‍ ബഹുഭൂരിപക്ഷം ജനതയും ഒരു ന്യൂനപക്ഷത്തിന്റെ ചൂഷണത്തിനും പീഡനത്തിനും അവഹേളനത്തിനും
പാത്രമായിരിക്കുന്നു. ചാതുര്‍വര്‍ണ്യവും ജാതിവ്യവസ്ഥയും സൃഷ്ടിച്ച അന്ധകാരത്തില്‍ നിന്നും അവര്‍ മോചനം തേടേണ്ടതില്ലേ ? അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ ചരിത്രത്തില്‍ പ്രാധാന പങ്കു വഹിച്ചിട്ടുള്ളത് യുക്തിവാദികളാണ്. മതപരിഷ്ക്കരണപ്രസ്ഥാനങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. സാമൂഹിക നവോത്ഥാനം ഒരുപാടു മാറ്റിമറിച്ച കേരളീയസമൂഹത്തില്‍, വര്‍ത്തമാനകാലത്ത് മതങ്ങളുടെ മാനവവിരുദ്ധത പ്രകടമായി കാണാനില്ലാത്തതു കൊണ്ടാണു മതവിശ്വാസം നിര്‍ദോഷകരമായ ഒന്നായി താങ്കളും KPS നെപ്പോലുള്ളവരും കാണുന്നത്. എന്നാല്‍ മതങ്ങളും അവയുടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പല രൂപത്തിലും ഭാവത്തിലും അതിശക്തമായി തിരിച്ചുവരവു നടത്തുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയില്‍ ജാതിയും മതവും മനുഷ്യനെ അതിശക്തമായ വേലിക്കെട്ടുകള്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. രാഷ്ട്രീയത്തില്‍ അതിശക്തമായ ജാതിമതവത്ക്കരണം നടന്നിരിക്കുന്നു. ജാതിമതരാഷ്ട്രീയം ചൂഷണമായിത്തീരുകയും മതേതരസമൂഹസൃഷ്ടിക്ക് വെല്ലുവിളിയായി തീരുകയും ചെയ്തിരിക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം മനസിലായിട്ടും, ഒരു ജാതിമതരഹിത സമുദായത്തിനായി പ്രവര്‍ത്തിക്കുന്നത് മോശം കാര്യമാണെങ്കില്‍ യുക്തിവാദികള്‍ നിശ്ബ്ദരായിരി ജീവിക്കട്ടെ എന്നു തന്നെയാണ് എനിക്കും പറയാനുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ നവോത്ഥാനം നിന്നിടത്തു നില്‍ക്കട്ടെ, അതിനി തുടരേണ്ടതില്ല !!
പ്രിയ നിസ്സഹായൻ,
താങ്കളുടെ പോസ്റ്റു വായിച്ചു. അതിൽ വിയോജിപ്പുകളൊന്നും ഇല്ല. ഒപ്പം എന്റെ ബ്ലോഗ് പോസ്റ്റിൽ വന്ന് കമന്റിട്ടതിനു നന്ദി.
എന്നാൽ എന്റെ ആ പോസ്റ്റിലെ അഭിപ്രായങ്ങളോട് താങ്കൾക്കുള്ള വിയോജിപ്പുകൾ അംഗീകരിയ്ക്കുന്നു. എന്നാൽ അതുവച്ച് പോസ്റ്റ് എഴുതിയ എന്നെ അളക്കരുതെന്ന് അഭ്യർത്ഥിയ്ക്കുന്നു. എനിയ്ക്ക് യുക്തിവാദ ആശയങ്ങളും പ്രവർത്തനങ്ങളുമായാണ് ബന്ധം. അതിൽ തെല്ലും ചാഞ്ചല്യമില്ലെങ്കിലും അതൊന്നും ആരെയും ബോധ്യപ്പെടുത്താൻ ശ്രമിയ്ക്കാറില്ല. യുക്തിവാദികൾ മറ്റു മതവിശ്വാസം അടക്കം മറ്റു വിശ്വാസങ്ങളോട് സഹിഷ്ണുത പുലർത്താൻ കഴിയുന്നവരാണ് എന്നു സൂചിപ്പിയ്ക്കാനാണ് ആ പോസ്റ്റ് ഇട്ടത്. എന്നാൽ തീർച്ചയായും മത വക്താക്കളിൽ ഭൂരിപക്ഷത്തിനും ഈ സഹിഷ്ണുത ഇല്ലെന്ന് പറയേണ്ടി വരുന്നതിൽ ഖേദമാണുള്ളത്. മതത്തിന്റെ വക്താക്കളായി ചാടി വീഴുന്നവരെ പോലെയല്ല, സാധാരണ മതവിശ്വാസികളിൽ ഒരു ചെറു പക്ഷമെങ്കിലും. ആരെങ്കിലുമൊക്കെ യുക്തിവാദിയായി പോകുന്നത് ഒരു പാപമായി കരുതാത്തവരും വിശ്വാസികൾക്കിടയിൽ ഉണ്ട്. പക്ഷെ എണ്ണത്തിൽ കുറവെന്നു മാത്രം.സ്വന്തം അഭിപ്രായങ്ങൾ മാത്രം ബ്ലോഗിലൂടെ പ്രകടിപ്പിയ്ക്കാതെ കുറച്ചു മയത്തിൽ പോസ്റ്റ് എഴുതിയെന്നേ ഉള്ളു. അതും ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ.പിന്നെ എഴുതി തുടങ്ങുമ്പോൾ അത് എവിടെ ചെന്നു നിൽക്കുമെന്നൊന്നും സൂക്ഷ്മമായി പലപ്പോഴും നോക്കാറില്ല.
ബ്ലോഗുകളിൽ ഞാൻ എഴുതുന്നതൊന്നും എന്റെ സ്ഥിരമായ അഭിപ്രായങ്ങൾ ആയിരിയ്ക്കണമെന്നില്ലെന്നു കൂടി സൂചിപ്പിയ്ക്കട്ടെ.ചർച്ചകൾക്കു വേണ്ടി എഴുതുന്നുവെന്നു മാത്രം (ആരും ചർച്ചയ്ക്കു വരാറ് പതിവൊന്നുമില്ലെന്നതു വേറെ കാര്യം. അത്ര വലിയ ബ്ലോഗറൊന്നുമല്ല, ഈ വിനീതൻ) ഇനിയും കാണാം.
പ്രേമാനന്ദിനെക്കുറിച്ച് എഴുതിയ പോസ്റ്റ് ശ്രദ്ധിച്ചിരുന്നോ?
Post a Comment