തട്ടത്തുമല നാട്ടുവർത്തമാനം

Sunday, January 17, 2010

വലയ സൂര്യഗ്രഹണം

വലയ സൂര്യഗ്രഹണം

ജനുവരി 15: ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദൈർഘ്യമേറിയ ഒരു ആകാശവിസ്മയത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിച്ചു; വലയ സൂര്യഗ്രഹണം; ആകാശത്തൊരു വജ്രത്തിളക്കം! ലക്ഷക്കണക്കിനാളുകൾ വിജ്ഞാന കുതൂഹലത്തോടും അത്യുത്സാഹത്തോടും ഈ അപൂർവ്വക്കാഴ്ചയെ വരവേറ്റു; കണ്ടറിഞ്ഞു. ഇനി 1033 വർഷം കഴിഞ്ഞേ മറ്റൊരു ദൈർഘ്യമേറിയ ഒരു വലയസൂര്യഗ്രഹണം ദൃശ്യമാവുകയുള്ളു.

ഇന്ത്യയിൽ തമിഴ്നാട്ടിലെ ധനുഷ്കോടിയിലാണ് ഏറ്റവും നന്നായി ഈ വലയ സൂര്യഗ്രഹണം ദൃശ്യമായത്. തമിഴ്നാട്ടിലെ കന്യാകുമാരിയിലും, കേരളത്തിൽ തിരുവനന്തപുരം,വർക്കല തുടങ്ങിയ തെക്കൻ പ്രദേശങ്ങളിലും ഇത് വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു. തിരുവനന്തപുരത്തും വിപുലമായ സൌകര്യങ്ങളാണ് പൊതുജനങ്ങൾക്ക് ഈ സൂര്യഗ്രഹണം ദർശിക്കാൻ ഒരുക്കിയിരുന്നത്.കേരളത്തിന്റെ വടക്കൻ മേഖലകളിൽനിന്നു പോലും സ്കൂൾ കുട്ടികളടക്കം വ്യക്തമായി ദൃശ്യം കാണുവാൻ വേണ്ടി ധാരാളംപേർ തിരുവനന്തപുരത്ത് എത്തിയിരുന്നു.

ഈ സൂര്യഗ്രഹണ ദിവസത്തിന് മറ്റ് ചില പ്രത്യേകതകളും ഉണ്ടായിരുന്നു. ഗ്രഹണമാ‍ണെന്ന് കരുതി പേടിച്ച് ആരും പുറത്തിറങ്ങാതിരുന്നില്ല. ആരും ഭക്ഷണം കഴിക്കാതിരുന്നില്ല. (അറിവില്പെടാതെ ആരെങ്കിലും കതകടച്ചിരുന്നോ എന്ന് അറിയില്ല.) എന്തായാലും ഗ്രഹണം കാണാൻ സൌകര്യം ഒരുക്കുന്നതിനോടൊപ്പംതന്നെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം കൂടി പലയിടത്തും നടത്തിയിരുന്നു. ബന്ധപ്പെട്ട ചില സർക്കാർ സ്ഥാപനങ്ങളും ശാസ്ത്ര സംഘടനകളും ശാസ്ത്ര പ്രചാരകരും ഇക്കാര്യത്തിലും അഭിനന്ദനം അർഹിക്കുന്നു.

ഗ്രഹണദിവസം ഭഷണം പാകം ചെയ്യാനോ കഴിക്കാനോ പാടില്ലെന്ന അന്ധവിശ്വാസം ഇല്ലാതാക്കാൻ പലയിടത്തും ഈ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. കൊച്ചു കുട്ടികൾ പോലും നിർഭയം ചായയും ഭക്ഷണവും മറ്റും കഴിക്കുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും കാണിച്ചു. നമ്മുടെ മിക്ക ദൃശ്യമാധ്യമങ്ങളും സൂര്യഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന തരത്തിൽ വാർത്തകൾ നൽകിയെന്നതും അഭിനന്ദനാർഹമാണ്.

ഗ്രഹണം പകർത്തുന്നതിനും തത്സമയം അത് പ്രേക്ഷകരെ കാണിക്കുന്നതിനും ദൃശ്യമാധ്യമങ്ങൾ വളെരെ നേരത്തെതന്നെ വേണ്ട സംവിധാനങ്ങൾ ഒരുക്കി കാത്തിരുന്നു. വ്യക്തമായി വലയഗ്രഹണം കാണാൻ കഴിയുന്ന വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ റ്റി.വി ചാനലുകൾ യഥാസമയം കാണിച്ചുകൊണ്ടിരുന്നു. രാവിലെ പതിനൊന്നു മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ദൃശ്യമാധ്യമങ്ങൾ സൂര്യഗ്രഹണദൃശ്യത്തിൽ നിന്നും കണ്ണെടുത്തില്ല.

തിരുവനന്തപുരം ഭാഗത്ത് പൂർണ്ണ വലയം ദൃശ്യമായത് ഉച്ചയ്ക്ക് ഒരു മണിയ്ക്കും ഒന്ന് ഇരുപതിനും ഇടയ്ക്കായിരുന്നു. ചന്ദ്രൻ സൂര്യന്റെ ഉള്ളിൽ അകപ്പെടുന്നതുപോലെയും അതിനു ചുറ്റും സൂര്യന്റെ ഒരു വലയം മാത്രം വജ്രം പോലെ തിളങ്ങി നിൽക്കുന്നതായുമാണ് കണ്ടത്. മനോഹരമായ ദൃശ്യം തന്നെയായിരുന്നു അത്! ഈ വലയഗ്രഹണത്തിന്റെ സമയം പോലും വളരെ കൃത്യതയോടെ പ്രവചിക്കുവാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞു.

ഇന്നത്തെ ഗ്രഹണത്തിന്റെ സമയത്തില്പോലും അല്പം വ്യതിയാനം വന്നില്ല. ശാസ്ത്രജ്ഞർ മുൻപേ പറഞ്ഞതുപോലെ തന്നെ വളരെ സമയ കൃത്യത പാലിച്ചു കൊണ്ട് നട്ടുച്ചയ്ക്ക് ഒരു അസ്തമയം പോലെ, ചെറിയൊരു വെയിൽ മങ്ങലോടെ ആ വലയഗ്രഹണം കടന്നു പോവുകയയിരുന്നു!

ശാസ്ത്രത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടുതൽ ദൃഢമാകുന്നുവെന്ന സൂചന ഈ ഗ്രഹണം നൽകുന്നുണ്ട്. കാരണം ഇത് കാണാനുള്ള ആളുകളുടെ താല്പര്യത്തിനു പിന്നിൽ ഒരു ശാസ്ത്ര കുതൂഹലം ഉണ്ടായിരുന്നു. ഈ ഗ്രഹണം പട്ടാപ്പകൽ സംഭവിച്ചു എന്നതു കൊണ്ട്കൂടി എല്ലാവർക്കും ഇത് കാണാൻ അവസരം ഉണ്ടായി. നട്ടുച്ച്യ്ക്ക് ഒരു സൂര്യാസ്തമയം എന്ന് ഏതോ റ്റി.വി ചാനൽ വിശേഷിപ്പിച്ചിരുന്നു, ഈ ഗ്രഹണത്തെ!

ശാസ്ത്രത്തിനു മുന്നിൽ അന്ധവിശ്വാസങ്ങൾ വഴിമാറുന്നത് ആശ്വാസമാണ്. മുൻപ് സാക്ഷര കേരളക്കാരത്രയും ഒരു ഗ്രഹണത്തിന് കതകടച്ച് വീട്ടിലിരുന്നപ്പോൾ നിരക്ഷരൻ കൂടുതലുള്ള ബീഹാറുകാർ നിർഭയം ഗ്രഹണം കണ്ടുവെന്നൊരു പരിഹാസത്തിന് സാക്ഷരകേരളീയരെക്കുറിച്ച് ഉണ്ടായിരുന്നത് ഇപ്പോൾ മാറിക്കിട്ടിയെന്നു പറയാം.

ഈയുള്ളവൻ രണ്ടുമൂന്നു ദിവസമായി ഒരു ജലദോഷപ്പനി മൂലം വീട്ടിൽ വിശ്രമത്തിലാണ്. കിടന്നും ഇടയ്ക്കിടെ കമ്പ്യൂട്ടറിനും, റ്റി.വി യ്ക്കും മുന്നിൽ ഇരുന്നും ചെലവഴിക്കുകയായിരുന്നു. തിരുവനന്തപുരത്ത് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. സുഖമില്ലാത്തതിനാൽ പോകാൻ കഴിഞ്ഞില്ല.

ഇന്നത്തെ ഗ്രഹണം ഈയുള്ളവൻ കണ്ടത് റ്റി.വി ചാനലുകളിലൂടെത്തന്നെ. കൂടാതെ ഇടയ്ക്ക് ഓലഷെഡിനുള്ളിൽ മുകളിലെ സുഷിരങ്ങളിലൂടേ കോഴിമുട്ടയുടെ ആകൃതിയിൽ തറയിൽ പതിക്കുന്ന വെയിൽ (വെയിൽമുട്ട എന്നാണ് നമ്മൾ ഇതിനെ വിളിയ്ക്കുന്നത്)വെട്ടം നോക്കിയും ഗ്രഹണം നിരീക്ഷിയ്ക്കുകയുണ്ടായി.

കുട്ടിക്കാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നോക്കരുതെന്നു മുന്നറിയിപ്പുണ്ടായിരുന്ന ഒരു ഗ്രഹണം കണ്ടത് ഇന്നും മറന്നിട്ടില്ല. പടമെടുക്കാത്ത ഫിലിം കണ്ണുകളിൽ വച്ചും പാത്രത്തിൽ നീലം കലക്കിയും ഒക്കെയായിരുന്നു അന്നത്തെ ഗ്രഹണം കാണൽ. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വെയിലും നിഴലുമൊക്കെ നോക്കി സമയം നിർണ്ണയിക്കുന്ന ഉമ്മ ഓലകെട്ടിയ നമ്മുടെ വീടിന്റെ അടുക്കളയിലേയ്ക്കു ക്ഷണിച്ചത്. “ഫിലിമും, നീലം കലക്കിയ വെള്ളവുമൊന്നും വേണ്ട, ഗ്രഹണം കാണാൻ എല്ലരും ഇങ്ങോട്ടു വരീൻ” എന്ന്!

ചെല്ലുമ്പോൾ ഓലപ്പുരയിലെ വട്ടസുഷിരങ്ങളിലൂടെ പൂർണ്ണവൃത്തത്തിലും ദീർഘവൃത്തത്തിലുമൊക്കെ തറയിലും ഭിത്തിയിലും ഒക്കെ പതിയ്ക്കുന്ന വെയിൽമുട്ടകളിൽ സൂര്യഗ്രഹണം ദർശിക്കാൻ കഴിയുന്നത് കാണിച്ചു തന്നു. വീടിനോട് ചേർന്ന് ഷെഡ് കെട്ടിയിരിക്കുന്നതു കൊണ്ട് ഇന്ന് ആ പഴയ ഓർമ്മകളിലേയ്ക്ക് പോകാനും കഴിഞ്ഞു.

No comments: