തട്ടത്തുമല നാട്ടുവർത്തമാനം

Sunday, January 31, 2010

ദളിത് സ്ത്രീ ചികിത്സ കിട്ടാതെ മരണപ്പെട്ടു

ദളിത് സ്ത്രീ ചികിത്സ കിട്ടാതെ മരണപ്പെട്ടു

കിളിമാനൂർ, ജനുവരി 30: കിളിമാനൂർ പാപ്പാല കടമ്പ്രവാരത്ത് വീട്ടിൽ ഉഷ (30) മരണപ്പെട്ടു.ഭർത്താവ് ഉപേക്ഷിച്ച ഇവർക്ക് പതിനേഴു വയസ്സുള്ള ഒരു മകളും പതിനാലു വയസ്സുള്ള ഒരു മകനും ഉണ്ട്. കടുത്ത പനി ബാധിച്ച് ഉഷ കേശവപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.

ഈ നിർദ്ധനയായ ദളിത് സ്ത്രീ യഥാസമയം ചികിത്സ കിട്ടാതെയാണ് മരണപ്പെട്ടതെന്ന് പരാതിയുണ്ട്. കിളിമാനൂരിനടുത്ത് പാപ്പാല കടമ്പ്രവാരം കോളനിക്കു സമീപം താമസിയ്ക്കുന്ന പാവപ്പെട്ട ഈ സ്ത്രീയെ കടുത്ത പനിയെ തുടർന്ന് ജനുവരി 29-ന് രാത്രിയും പിറ്റേന്നു രാവിലെയുമായി പലവട്ടം കേശവപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയത്ത് ഡോകടർമാർ ഇല്ലാതിരുന്നതിനാൽ ചികിത്സ ലഭിച്ചില്ലെന്ന് പറയപ്പെടുന്നു.

കിളിമാനൂർ മേഖലയിലെ പാവപ്പെട്ട രോഗികൾക്ക് എളുപ്പം എത്തിച്ചേരാൻ സൌകര്യമുള്ള ഏക സർക്കാർ ആശുപത്രിയുടെ സ്ഥിതി ഏറെക്കാലമായി ശോചനീയമാണ്. ആവശ്യത്തിനു ഡോക്ടർമാരും മറ്റു സ്റ്റാഫുകളും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ഈ ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെ നിരവധി തവണ ജനങ്ങൾ പരാതിപ്പെടുകയും പല സംഘടനകളും സമരം നടത്തുകയും മറ്റും ചെയ്തിട്ടുണ്ട്. എന്നാൽ അധികൃതരുടെ ശ്രദ്ധ വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന പരാതിക്ക് ഇനിയും പരിഹാരമായില്ല.

അടുത്തിടെ ഇവിടെ ഒന്നോ രണ്ടോ പുതിയഡോക്ടർമാർ നിയമിക്കപ്പെട്ടെന്നു പറയുന്നു.എന്നിട്ടും യഥാസമയം രോഗികൾക്ക് ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

മരണം

സത്യപ്രകാശിന്റെ അമ്മ

തട്ടത്തുമല, ജനുവരി 31: പറണ്ടക്കുഴി തെങ്ങുവിള വീട്ടിൽ വീഡിയോഗ്രാഫർ സത്യപ്രകാശിന്റെ അമ്മ രാത്രി പുലർച്ചെ മരണപ്പെട്ടു. കുറച്ചുനാളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. സംസ്കാരചടങ്ങുകൾ ഇന്ന് രാവിലെ പതിനൊന്നു മണിക്ക് വീട്ടുവളപ്പിൽ നടന്നു.

വിവാഹം

നിഷാറാണിയും പ്രകാശും

തട്ടത്തുമല ജനുവരി 31: തട്ടത്തുമല മണലേത്തുപച്ച നിഷാഭവനിൽ ശ്രീ.ചന്ദ്രന്റെയും ശ്രീമതി.ഗീതയുടെയും മകൾ സി.ജി.നിഷാറാണിയും ചാത്തന്നൂർ ശീമാട്ടിമുക്ക് അടുതല മരക്കുളം പ്ലാവിളവീട്ടിൽ ശ്രീ. രാമചന്ദ്രന്റെയും ശ്രീമതി.നളിനിയുടെയും മകൻ പ്രകാശും തമ്മിലുള്ള വിവാഹം 2010 ജനുവരി 31 ഞായറാഴ്ച നിലമേൽ എസ്.എച്ച്. ആഡിറ്റോറിയത്തിൽ നടന്നു. നിഷാറാ‍ണി തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ പോലീസ് കോൺസ്റ്റബിളായി കഴക്കൂട്ടം സ്റ്റേഷനിൽ സേവനമനുഷ്ടിക്കുന്നു.

No comments: