തട്ടത്തുമല നാട്ടുവർത്തമാനം

Sunday, January 17, 2010

ജ്യോതി ബസു അന്തരിച്ചു


ജ്യോതി ബസു അന്തരിച്ചു

കൊല്‍ക്കത്ത, ജനുവരി 17 : വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം.

മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദീര്‍ഘനാളായി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പുതുവര്‍ഷദിനത്തില്‍ ന്യുമോണിയ ബാധിച്ച് സാള്‍ട്ട് ലേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


രണ്ടര പതിറ്റാണ്ടോളം മുഖ്യമന്ത്രി; പ്രധാനമന്ത്രിയാകാനും ക്ഷണം


കൊല്‍ക്കത്ത: സാമ്രാജ്യത്വത്തിനെതിരെ കനല്‍ക്കാറ്റ് വീശിയ വംഗനാടിന്റെ മണ്ണില്‍ ഉദിച്ച് ഇന്ത്യയാകെ പ്രകാശിച്ച ജ്യോതിബസു രണ്ടര പതിറ്റാണ്ടോളം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി. സിപിഐ എം പോളിറ്റ് ബ്യൂറോയിലെ സ്ഥിരം ക്ഷണിതാവായിരുന്നു. 1914 ല്‍ ജുലൈ 8 ന് ഡോ. നിഷികാന്ത് ബസു ഹേമലത ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞായി കല്‍ക്കത്തയിലാണ് ബസുവിന്റെ ജനനം.

സെന്റ് സേവ്യേഴ്സ് സ്കൂളില്‍ വിദ്യാഭ്യാസം. 1935 ല്‍ കല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം നേടി. പഠനകാലത്താണ് പൊതുപ്രവര്‍ത്തനത്തിലേക്ക് തരിയുന്നത്. ലണ്ടനിലെ നിയമ പഠനത്തിനിടെ മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ടി നേതാക്കളായ ഹാരി പോളിറ്റ്, രജനി പാംദത്ത്, ബെന്‍ ബ്രാഡ്ലി തുടങ്ങിവരുമായി അടുത്ത് ഇടപഴകി. ലണ്ടനിലെ ഇന്ത്യന്‍ ലീഗ്, ഇന്ത്യന്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ എന്നിവയുടെ പ്രവര്‍ത്തകനും ലണ്ടന്‍ മജ്ലിസിന്റെ സെക്രട്ടറിയുമായി.

1940 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായി. തുടക്കം ട്രേഡ് യൂണിയന്‍ രംഗത്തായിരുന്നു. ബി എന്‍ റെയില്‍ റോഡ് വര്‍ക്കേഴ്സ് യൂണിയന്റെയും ആള്‍ ഇന്ത്യ റെയില്‍വെമെന്‍സ് ഫെഡറേഷന്റെയും ഉള്‍പടെ നിരവധി ട്രേഡ്യൂണിയനുകളുടെ നേതൃത്വം വഹിച്ചു. 1946 ല്‍ ബംഗാള്‍ നിയമസഭാംഗമായി.

1952 മുതല്‍ 57 വരെ കമ്മ്യൂണിസ്റ്റ് പാര്‍ടി പശ്ചിമ ബംഗാള്‍ പ്രൊവിഷണല്‍ കമ്മറ്റിയുടെ സെക്രട്ടറിയായ ജ്യോതിബസു 1964 മുതല്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായി. 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 67 വരെ പ്രതിപക്ഷനേതാവ്. 1967 ലും 69 ലും അധികാരമേറ്റ ഐക്യമുന്നണി ഗവര്‍മെണ്ടുകളില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും വഹിച്ചു.

1977 ജു 21 നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായി ചരിത്രത്തില്‍ ഇടം നേടി. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി. 2000 നവംബര്‍ ആറിന് ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞു.

1996 ല്‍ ഐക്യമുന്നണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജ്യോതിബസുവിന്റെ പേര് നിര്‍ദേശിച്ചു. ആ ഘട്ടത്തില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ടതില്ലെന്ന് പാര്‍ടി തീരുമാനിച്ചു. 2008 ലെ കോയമ്പത്തൂര്‍ പാര്‍ടി കോഗ്രസില്‍ പൊളിറ്റ്ബ്യൂറോയില്‍ നിന്ന് ഒഴിഞ്ഞെങ്കിലും സ്ഥിരം ക്ഷണിതാവായി തുടര്‍ന്നു.

1 comment:

ഹരീഷ് തൊടുപുഴ said...

ധീരയോദ്ധാക്കൾ മരിക്കുന്നില്ല..
ഞങ്ങളിലൂടെ ജീവിക്കുന്നു..
ലാൽ സലാം സഖാവേ..ലാൽ സലാം

ധീരസഖാവിനു ആദരാഞ്ജലികൾ..