തട്ടത്തുമല നാട്ടുവർത്തമാനം

Sunday, October 31, 2010

അയ്യപ്പനെ അനുസ്മരിച്ചു.



എ.അയ്യപ്പനെ അനുസ്മരിച്ചു


കിളിമാനൂർ, ഒക്ടോബർ 30: ചെഗുവേരാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കവി .അയ്യപ്പൻ അനുസ്മരണം നടന്നു. വൈകുന്നേരം കിളിമാനൂർ ജംഗ്ഷനിൽ നടന്ന അനുസ്മരണ യോഗത്തിൽ ജി.എൽ.അജീഷ് അദ്ധ്യക്ഷത വഹിച്ചു. പി.ഹരീഷ് സ്വാഗതം പറഞ്ഞു. ..സജിം അനുശോചനപ്രമേയം വായിച്ചു. കല്ലറ അജയൻ, കൃഷ്ണൻ കുട്ടി മടവൂർ, എം.നാരായണൻ, ആർ.രാധാകൃഷ്ണൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഷിജിത്ത് കൃതജ്ഞ പറഞ്ഞു.
***************************************************************************
കവി . അയ്യപ്പൻ മരണപ്പെട്ടു. അദ്ദേഹത്തെക്കുറിച്ച് ദേശാഭിമാനി ദിനപത്രത്തിൽ വന്ന വാർത്തയും ചില ലേഖനങ്ങളും സ്കാൻ ചെയ്തിടുന്നു. ശരിക്ക് കണ്ട് വായിക്കുവാൻ ചിത്രങ്ങളിൽ ക്ലിക്കുചെയ്ത് വലുതാക്കാവുന്നതാണ് !


*************************************************************

കവി എ. അയ്യപ്പനെകുറിച്ച് ഇ.എ.സജിം എഴുതിയ അനുസ്മരണക്കുറിപ്പ് താഴെ കൊടുക്കുന്നു


കവി എ.അയ്യപ്പനെക്കുറിച്ച്

ഇ.എ.സജിം തട്ടത്തുമല

കവി എ. അയ്യപ്പന്റെ ശവസംസ്കാരം നടക്കുന്ന ദിവസമാണ് ഈ കുറിപ്പ് എഴുതുന്നത്. സംസ്കാരചടങ്ങുകൾ നീണ്ടു പോയത് വിവാദമായിക്കിടക്കുന്നുമുണ്ട്. അയ്യപ്പന്റെ ജീവിതം താളം തെറ്റിയതായിരുന്നെങ്കിലും മരണപ്പെട്ട അദ്ദേഹത്തിന് സാംസ്കാരിക കേരളം താളം തെറ്റാത്ത ഒരു അന്ത്യ യാത്ര നൽകേണ്ടതുതന്നെ. മരിച്ചുകിടക്കുന്ന കവിയ്ക്ക് താളം പിഴക്കില്ലല്ലോ. പക്ഷെ സാംസ്കാരിക കേരളത്തിന് അല്പം താളം പിഴച്ചോ എന്ന് പലർക്കും സംശയം തോന്നിയതിൽ കുറ്റം പറയുന്നില്ല. എന്തായാലും സാംസ്കാരിക വകുപ്പ് മന്ത്രി എം.എ. ബേബിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ ഈയുള്ളവൻ അവർകൾ ഇല്ല. കാരണം ബേബി കവിതയെയും സാഹിത്യത്തെയും സംഗീതത്തെയുമൊക്കെ സ്നേഹിക്കുന്ന ആളാണ്. ബോധപൂർവ്വം അയ്യപ്പനെയെന്നല്ല ഒരാളെയും അപമാനിക്കുവാൻ എം.എ. ബേബി ശ്രമിക്കില്ല.അതവിടെ നിൽക്കട്ടെ; മനപ്പൂർവ്വം അല്ലാതെ സംസ്കാരം അല്പം വൈകിയാലും കവിയോടുള്ള ആദരവിൽ കുറവുവരാതിരുന്നാൽ മതി.

കവിതയിലും ജീവിതത്തിലും താളവും താളമില്ലായ്മയുമായി നടന്ന അയ്യപ്പൻ സ്വയം അയ്യപ്പനെ നിഷേധിച്ചു നടന്നെങ്കിലും അയ്യപ്പൻ എന്ന കവിയെ സാംസ്കാരിക കേരളത്തിന് നിഷേധിക്കുവാനാകില്ല. അയ്യപ്പൻ എന്ന കവി ഒരു മഹാസംഭവമായി നമുക്കിടയിൽ ജീവിച്ചു മരിച്ചു. സമൂഹത്തിലെ അനീതികളോടും ജീർണ്ണതകളോടും സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം പരിഹാസം ചൊരിഞ്ഞു. കവിത വിൽക്കുന്ന ഈ യാചകൻ ഇനി ആരുടെയും മുന്നിൽ അനുവാദമില്ലതെ ചെന്ന് കവിത ചൊല്ലില്ല. തെരുവോരത്ത് നിന്ന് ആരോടെന്നില്ലാതെ കലഹിക്കില്ല. അലഞ്ഞുതിരിഞ്ഞു നടന്ന് ഒടുവിൽ അപരിചിതന്റെ ആട്ടോയും വിളിച്ച് ബഹുദൂരം താണ്ടി പരിചിതരുടെ മുന്നിൽ ചെന്നിറങ്ങി ആട്ടോക്കൂലിയും കൊടുപ്പിച്ച് തനിക്ക് അന്നത്തെ അന്നവും കിടപ്പും തരപ്പെടുത്താൻ ഇനി ഈ കൂട്ടുകാരുടെ ശല്യക്കാരൻ ഉണ്ടാകില്ല. പത്രമാഫീസുകളിൽ അക്ഷരം കോറിയ കടലാസു തുണ്ടുമായി ചെന്ന് വില പറയാൻ ഇനി അയ്യപ്പനില്ല. വഴിനീളെ പിറുപിറുത്ത് കവിതചൊല്ലി കാഴ്ചക്കാരന് കൌതുകമായി നടന്നു നീങ്ങുന്ന അയ്യപ്പൻ ഇനി ഓർമ്മകളിൽ മാത്രം. കലാലയങ്ങളിലെ സാഹിത്യകുതുകികൾക്കിടയിൽ ചെന്ന് കൂട്ടുകൂടി കതിതചൊല്ലി പണം പിരിക്കാനും ചിലപ്പോൾ വെറും കയ്യോടെ മടങ്ങാനും ഇനി ഈ തെരുവോരകവി ഇല്ല. വീടും കുടുംബവും അനാവശ്യ വസ്തുക്കളായിക്കണ്ട്, ഇരിക്കാൻ തോന്നുന്നിടം ഇരിപ്പിടമായും, കിടക്കാൻ തോന്നുന്നിടം കിടപ്പാടമായും കണ്ട് നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്ത യാചകനെ പോലെ അയ്യപ്പൻ നമുക്കിടയിൽ നിർഭയനായി ജീവിച്ചു. ഒന്നും നഷ്ടപ്പെടുവാനില്ലാത്തവർക്ക് ഭയം വേണ്ടല്ലോ! ഒടുവിൽ തനിക്ക് പ്രിയപ്പെട്ട തെരുവോരത്തൊരിടത്ത്തന്നെ അദ്ദേഹം ഇനിയുണരാത്ത ഉറക്കവും ഉറങ്ങി.

അയ്യപ്പന്റെ നഷ്ടം അയ്യപ്പനു നിസാരമായിരിക്കാം. പക്ഷെ മലയള സാഹിത്യത്തിനും സാംസ്കാരിക കേരളത്തിനും അയ്യപ്പന്റെ വേർപാട് തീരാദു:ഖമാണ്. അയ്യപ്പനെ കാണുമ്പോൾ ഒഴിഞ്ഞു മാറിപോകുന്നവരും ഒളിഞ്ഞുനിന്ന് അയ്യപ്പന്റെ ചലനങ്ങളെ നോക്കിക്കാണുമായിരുന്നു. അതെ, അയ്യപ്പൻ ഒരു കവി എന്നതിലുപരി ഒരു കൌതുക മനുഷ്യനും ആയിരുന്നു. അയ്യപ്പനിലെ വിപ്ലവകാരി തന്റേതുമാത്രമായ വൈചിത്ര്യങ്ങളെ സമരായുധങ്ങളാക്കിക്കൊണ്ടാണ് വ്യവസ്ഥിതിയോടുള്ള പരിഹാസവും പ്രതിഷേധവും ചൊരിഞ്ഞത്;പൊരുതിയത്. ജീവിതവും കവിതയും അയ്യപ്പന് തന്റേതായ പോരാട്ടമായിരുന്നു. ഇവിടെ ഏക്കറുകളും ഹെക്ടറുകളും വെട്ടിപ്പിടിക്കാൻ വെമ്പുന്ന സമൂഹത്തിനു മുന്നിൽ അളന്നു തിട്ടപ്പെടുത്താനാകാത്തത്ര വിശാലമായ ഭൂമിയിൽ അയ്യപ്പൻ വിരാജിച്ചു. താൻ ചെല്ലുന്നുടമെല്ലാം തനിക്കുള്ളതായിരുന്നു അയ്യപ്പന്. താൻ കണ്ടുമുട്ടുന്നവരെല്ലാം ചിര പരിചിതരെ പോലെയായിരുന്ന അയ്യപ്പൻ ആർക്കും അന്യനായിരുന്നില്ല.

തിരുവനന്തപുരം നഗരത്തിൽ കറങ്ങി നടക്കുന്ന ഏതൊരാളും നഗരത്തിന്റെ ഏതെങ്കിലും ഭാഗത്തുവച്ച് അയ്യപ്പനെ കണ്ടുമുട്ടുക പതിവാണ്. തിരുവനന്തപുരത്തിന്റെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു കവി അയ്യപ്പൻ. എവിടെയെങ്കിലും നാലാൾ കൂടുന്നിടത്ത് പ്രത്യേകിച്ചും സാംസ്കാരിക പരിപാടികളിൽ വലിഞ്ഞുകയറിചെല്ലുവാനുള്ള തന്റെ അവകാശം അയ്യപ്പൻ അരക്കിട്ടുറപ്പിച്ചിരുന്നു. അയ്യപ്പനോടൊത്തുള്ള നിമിഷങ്ങൾ ആസ്വദിക്കുവാൻ അവിടങ്ങളിലൊക്കെ പുതിയപുതിയ കൂട്ടുകാരും! ഇനി അയ്യപ്പനില്ലാത്ത അനന്തപുരിയുമായും നാം പൊരുത്തപ്പെടേണ്ടിയിരിക്കുന്നു. നഗരത്തിൽ പലപല കാഴ്ചകളുണ്ട്. അയ്യപ്പനും ഒരു നഗരക്കാഴ്ചയായിരുന്നു. കവിതയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരുടെയും മനസിൽ വിപ്ലവത്തിന്റെ തിരയിളകുന്നവരുടേയും നഗരക്കാഴ്ച. അങ്ങനെയുള്ളവർ എല്ലാം അയ്യപ്പന്റെ ശല്യങ്ങളെ സ്നേഹംകൊണ്ട് സഹിച്ചു. അയ്യപ്പനെ പ്രസാദിപ്പിക്കാൻ വേണ്ടതൊക്കെ കൊടുത്തു. അയ്യപ്പന് പ്രായമായി തലനരച്ചിട്ടും, തലമുറകൾ മാറിമാറി വന്നിട്ടും, ഓരോകാലത്തെയും ഇളം തലമുറയുടെ കൂട്ടുകാരനായിനടന്ന അയ്യപ്പൻ അങ്ങനെ നിത്യയൌവ്വനവുമായി കഴിഞ്ഞുകൂടി.

ഒരു സംഭവം ഇത്തരുണത്തിൽ ഈയുള്ളവനവർകൾ ഓർത്തെഴുതുന്നു. ഒരിക്കൽ ഞങ്ങൾ ഡി.സി ബുക്സിൽ നാട്ടിലെ വായനശാലയ്ക്ക് പുസ്തകമെടുക്കാൻ ചെല്ലുമ്പോൾ അയ്യപ്പൻ അവിടെ ഉണ്ടായിരുന്നു. അവിടെ അപ്പോൾ മാനേജർ ഇല്ല. സെയിത്സിനു നിൽക്കുന്ന പയ്യൻ മാരുമായി ചങ്ങാത്തം കൂടി ഒരു സ്മാളിനുള്ള കാശൊപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു അയ്യപ്പൻ. ഇടയ്ക്ക് ഞങ്ങളോടും കുശലം പറയുന്നുണ്ട്. ആ രവി തന്നെ കുഴയ്ക്കുന്നതായി അയ്യപ്പൻ പരാതിപ്പെട്ടു. രവിയെന്നാൽ രവി ഡി.സി. ഞങ്ങൾ കാര്യം ചോദിച്ചു. അപ്പോൾ അയ്യപ്പൻ പറഞ്ഞത് ആയിരം രൂപയൊക്കെ തനിക്കെടുത്ത് തന്നാൽ താൻ കുഴയത്തില്ലയോ എന്നാണ്. അത്രയും വലിയ തുകയൊന്നും താങ്ങാനുള്ള ശക്തി തനിക്കില്ലെന്നാണ് അയ്യപ്പൻ ഉദ്ദേശിച്ചത്. കാരണം ആയിരം രൂപയ്ക്കൊക്കെ കുടിയ്ക്കുകയെന്നുവച്ചാൽ..! കൂടെക്കൂടെ അദ്ദേഹം ആയിരം രൂപാ തന്ന് കുഴയ്ക്കുന്നുണ്ടത്രേ! എന്നിട്ട് വീണ്ടും പറയുകയാണ്; അല്ല തന്നാലെന്താ? തന്റെ കവിതയൊക്കെ പ്രസിദ്ധീകരിക്കുന്നതല്ലേ? എന്താ രവിക്കു തന്നാൽ? വീണ്ടും സെയിത്സ് ബോയികൾക്കടുത്ത് ചെന്ന് വഴക്കിടുന്നു. ഇടയ്ക്ക് ഈയുള്ളവനവർകളുടെ കൂടെ വന്ന സുഹൃത്തിന്റെ നോട്ടം കണ്ടിട്ട് താങ്കളെന്താ ഇല്ല പോലീസുകാർ നോക്കുന്നതുപോലെ നോക്കുന്നത് എന്നൊരു ചോദ്യം! കാഴ്ചയിൽ ഏതാണ്ട് പോലീസുകാരന്റെ ഗാംഭീര്യമുള്ള സുഹൃത്ത് താൻ പോലീസുതന്നെന്നും അതുകൊണ്ടാണ് പോലീസുകാരനെ പോലെ നോക്കുന്നതെന്നും വെറുതേ പറഞ്ഞു! തനിക്കതു കണ്ടപ്പോഴേ മനസിലായെന്ന് അയ്യപ്പനും!

കടയ്ക്കു പുറത്ത് റോഡിൽ യഥാർത്ഥ പോലീസുകാർ പലരും പലഭാഗത്തായി നില്പുണ്ടായിരുന്നു. കടയ്ക്കുമുന്നിൽതന്നെ റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരനെ ചീത്തപറഞ്ഞുകൊണ്ട് അയാൾക്കരികിലേയ്ക്ക് നീങ്ങുന്ന അയ്യപ്പനെയാണ് പിന്നെ കാണുന്നത്. ഞങ്ങൾ കരുതി പോലീസുകാരുമായി ഇപ്പോൾ പ്രശ്നമാകുമെന്ന്. പുറകെ ചെന്നു ഞങ്ങൾ നോക്കുമ്പോൾ , ഇവിടെ നിങ്ങൾ പോലീസുകാർ വന്നു നിൽക്കാൻ മാത്രം വിഷയമെന്തെന്നു മാന്യമായി ചോദിച്ചു നിൽക്കുകയാണ് അയ്യപ്പൻ. പിന്നെ പെരുമ്പാവൂർ പോകാനുള്ള ബസ്ഫെയറും അറിയണം. അത് പോലീസുകാരൻ പറഞ്ഞുകൊടുക്കാൻ ബാധ്യസ്ഥനാണത്രേ! പരസ്പരബന്ധമില്ലാത്ത രണ്ടു കാര്യങ്ങളുമായാണ് അയ്യപ്പൻ പോലീസുകാരനെ സമീപിച്ചിരിക്കുന്നത്. ആളെ മനസിലാക്കിയ പോലീസുകാരൻ ഞങ്ങളെ നോക്കി കണ്ണീറുക്കിയിട്ട് അയ്യപ്പന്റെ സംശയങ്ങൾക്ക് മറുപടികൾ നൽകുന്നുണ്ടായിരുന്നു. പിന്നെ പോലീസിനെ വിട്ട് ഞങ്ങളുടെ അരികിൽ തിരിച്ചു വന്നിട്ട് ഒരിക്കൽ പറഞ്ഞു സുഗത കുമാരിയുടെ വീട്ടിൽ പോകുന്നുവെന്ന്. ചോദിച്ചിട്ടൊന്നുമല്ല, ചുമ്മാ പറയുകയാണ്.

അല്പം കഴിഞ്ഞ് കറങ്ങി തിരിഞ്ഞ് വന്നിട്ട് പറഞ്ഞു ഹിന്ദുവിൽ (ദിനപത്രം) പോകുന്നുവെന്ന്. അവിടെ പോയാൽ പൈസ കിട്ടുമത്രേ. പിന്നെ പെരുമ്പാവൂരും പോകണം.അതിടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. അവിടെ എന്തോ കാര്യമുണ്ടെന്ന് മനസിലായി. ബുക്സ് ക്സ് സ്റ്റാളിൽ വരുന്നവരോടും പോകുന്നവരോടുമൊക്കെ പെരുമ്പാവൂരിലേയ്ക്കുള്ള ബസ്ഫെയർ തിരക്കുകയാണ് അയ്യപ്പൻ. ആരും വ്യക്തമായ ഉത്തരം നല്കുന്നില്ലെന്ന പരാതിയുമായി കുറച്ചു നേരം അവിടെ കറങ്ങിനിന്നിട്ട് പുറത്തുനിന്ന പോലീസുകാരനോട് ചെന്നു പറഞ്ഞു ഒരു ആട്ടോ വിളിച്ചു കൊടുക്കാൻ. സ്വന്തമായി വിളിച്ചു പോയാൽ മതിയെന്നായി പോലീസുകാരൻ. ഉടനെ നമ്മുടെ അടുത്ത് വന്നു പറഞ്ഞു ആ പോലീസുകാരന്റെ സർവീസ് ശരിയല്ല, റാസ്കൽ എന്ന്! പിന്നെ വീണ്ടും ചെന്ന് അതേ പോലീസുകാരനോട് സ്നേഹ സല്ലാപം നടത്തിയിട്ട് ഒരു ആട്ടോയിൽ കയറി എങ്ങോട്ടെന്നില്ലാതെ യാത്രയായി. എന്തായാലും ആ ആട്ടോയുടെ കൂലി കൊടുക്കാൻ വിധിക്കപ്പെട്ട് നഗരത്തിൽ എവിടെയോ ഇരിക്കുന്ന അയ്യപ്പന്റെ ഏതോ ഒരു സുഹൃത്തിനെക്കുറിച്ചായി പിന്നെ നമ്മുടെ പറച്ചിലും ചിരിയും. ഒരു പക്ഷെ അത് നഗരത്തിനു പുറത്തുമാകാം! പാവം സുഹൃത്ത്! എത്ര ദൂരത്തെ ആട്ടോക്കൂലി ആ ഹതഭാഗ്യൻ കൊടുക്കേണ്ടിവരുമോ എന്തോ!

അങ്ങനെ അയ്യപ്പൻ കഥകൾ പറഞ്ഞാൽ ഒരുപാടുണ്ട്. നഗരത്തിലെ പല സമ്മേളനങ്ങളിലും കയറി വേദി പിടിച്ചെടുക്കുന്ന അയ്യപ്പനെ പിടിച്ചിറക്കാൻ പെടുന്ന പാട് പലരും അനുഭവിച്ചിട്ടുണ്ട്. ചില വേദികളിൽ അയ്യപ്പനെ ക്ഷണിച്ചിരുത്തുകയും സംസാരിപ്പിക്കുകയും ചെയ്യും. പിന്നെ എത്രയൊക്കെ ശല്യമാണെങ്കിലും അയ്യപ്പനെ സ്നേഹിക്കാതിരിക്കാൻ ആർക്കുമാകില്ല. സ്നേഹത്തിന്റെ ഒരു അഭൌമസ്പർശം അയ്യപ്പനിൽ എപ്പോഴുമുണ്ടായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. അയ്യപ്പനാകട്ടെ ആരോടും സ്നേഹം യാചിച്ചു ചെല്ലുകയല്ല പതിവ്; ഒരു പിടി “കടുത്ത” സ്നേഹവുമായി കടന്നുചെന്ന് പിടിമുറുക്കുകയാണ് പതിവ്. ഒഴിവാക്കി വിടുന്നവരെയും ഒഴിഞ്ഞുതിരിഞ്ഞ് രക്ഷപ്പെടുന്നവരെയും തെല്ലും പരിഭവമില്ലാതെ അയ്യപ്പൻ വീണ്ടും വീണ്ടും തിരക്കി ചെല്ലുമായിരുന്നു. അല്ലെങ്കിൽതന്നെ പരിഭവിച്ച് സമയം കളയാൻ അയ്യപ്പനു സമയമെവിടെ? അവർക്ക് സമയമുള്ളപ്പോൾ അയ്യപ്പനെ കിട്ടില്ല. അയ്യപ്പനു സമയമുള്ളപ്പോൾ അവരെ ചെന്നു കാണുകയേ നിവൃത്തിയുള്ളൂ!

അയ്യപ്പൻ എന്ന വ്യക്തിയും അയ്യപ്പൻ എന്ന കവിയും എങ്ങനെ പൊരുത്തപ്പെട്ടു പോകുന്നുവെന്നത് പലപ്പോഴും ഈയുള്ളനവർകളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ താളം തെറ്റി നടക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്ര നല്ല കവിതകൾ എഴുതാൻ കഴിയുന്നത് എന്നത് അദ്ഭുതകരം തന്നെ! കരുതലില്ലാത്ത ശരീരവും മനസുമായി നടക്കുന്ന ഈ കവി വെറും കവിയല്ല; ഒരു വിസ്മയകവിതന്നെ! അയ്യപ്പൻ എന്ന ആ ദുർബല ശരീരവും താളം തെറ്റിയ ആ അയ്യപ്പമനസിൽ നിന്ന് ഉയിരെടുത്ത കവിതകളും എക്കാലത്തും സാഹിത്യ ലോകത്ത് ചർച്ചചെയ്യപ്പെട്ട് നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും!

കവി എ. അയ്യപ്പന് ആദരാഞ്ജലികൾ!

1 comment:

jayanEvoor said...

ആദരാഞ്ജലികൾ അയ്യപ്പൻ ഇഷ്ടപ്പെട്ടേക്കില്ല.

എങ്കിലും അനുസ്മരണം ഉചിതമായി.