ഡോ. കെ.എസ്. മനോജിന്റെ സി.പി.എമ്മിൽ നിന്നുള്ള രാജിയെപ്പറ്റി
അങ്ങനെ ഡോ. കെ.എസ്. മനോജും താരമായി. ഈ ചാനലുകളായ ചാനലുകളൊക്കെ വന്നതിനു ശേഷം ഒരിക്കലെങ്കിലും, ഏതാനും നിമിഷത്തേയ്ക്കെങ്കിലും ന്യൂസ് മേയ്ക്കർ ആവുക എന്നത് ഇന്ന് പലർക്കും ഒരു ഹരമാണ്. അതിന് എന്ത് നെറികേടും ചിലർ കാണിയ്ക്കും. ആരെങ്കിലും ചുമന്നുകൊണ്ട് നടക്കുകയാണെങ്കിൽ പെട്ടെന്ന് ഒരു നിമിഷം ചാടിയിറങ്ങിയിട്ട് ചുമന്നു കൊണ്ടു നടന്നവന്റെ തന്നെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പി നന്ദി കാണിയ്ക്കും. ചിലരാക്കട്ടെ ചെളിയും കല്ലും മണ്ണുമൊക്കെ വാരിയെറിയും. മറ്റൊരു ചുമട്ടുകാരനെ കിട്ടിയാലോ പിന്നെ അവന്റെ ചുമലിൽ കയറിയിരുന്നുകൊണ്ടാവും ഉപദ്രവിയ്ക്കുക.
ഇപ്പോൾ ഡോ.കെ.എസ്. മനോജിന് വെളിപാടുണ്ടായിരിയ്ക്കുന്നു. പാർട്ടി നേതാക്കൾ മത ചടങ്ങുകളിൽ നിന്നു വിട്ടുനിൽക്കണമെന്ന പാർട്ടി നിർദ്ദേശമാണത്രേ പാർട്ടിയിൽ നിന്നും രാജിവയ്ക്കാൻ കാരണം. സി.പി.എമ്മിൽ രാജി എന്നൊരു സമ്പ്രദായം ഇല്ല എന്ന മിനിമം അറിവെങ്കിലും പാർട്ടിയെക്കുറിച്ച് അദ്ദേഹത്തിന് ഉണ്ടോ എന്നറിയില്ല. ആരെങ്കിലും രാജി നൽകിയാൽ രാജി തള്ളിക്കളഞ്ഞിട്ട് പാർട്ടിയിൽ നിന്നും പുറത്താക്കുക എന്ന രീതിയാണ് സി.പി.ഐ (എം) സാധാരണ സ്വീകരിയ്ക്കുക.
എന്തായാലും ഇന്ത്യയുടെ പരമോന്നതമായ നിയമനിർമ്മാണ സഭവരെ ചെന്ന് ആ കസേരയിൽ ഒന്നിരിയ്ക്കാൻ അവസരം തന്ന ഒരു പ്രസ്ഥാനത്തെ ബുദ്ധിമുട്ടിയ്ക്കുവാൻ തെരഞ്ഞെടുത്ത സമയം കൂടി കണക്കിലെടുക്കുമ്പോൾ ഈ കടുത്ത മതവിശ്വാസി എന്തായാലും ദൈവഭയം തീരെയെല്ലെന്നല്ല, ഒരു കടുത്ത നിരീശ്വരവാദി തന്നെയോ എന്നു സംശയിക്കേണ്ടിയിരിയ്ക്കുന്നു. ഒരു ദൈവവിശ്വാസിയ്ക്ക് ഇത്ര ക്രൂരമായ ഒരു മനസുണ്ടാവില്ല.
ഈ പാർട്ടിയിൽ പ്രവർത്തിയ്ക്കാൻ താല്പര്യമില്ലെങ്കിൽ ഒരു പരുവത്തിന് ക്രമേണ ക്രമേണ പാർട്ടി ബന്ധം ഉപേക്ഷിച്ച് തന്റെവഴിയ്ക്കു പോകുന്ന തരത്തിൽ തന്ത്രപരമായ ഒരു പിന്മാറ്റം ആകാമായിരുന്നു. പക്ഷെ അതു വാർത്തയാകില്ലല്ലോ. പെട്ടെന്നു പിന്നെ ഒരു ചുമട്ടുകാരനെ കിട്ടിയെന്നുമിരിയ്ക്കില്ല. ഇതിപ്പോൾ സി.പി.എമ്മിന്റെ എതിരാളികൾ ഇനി പൊക്കിയെടുത്തുകൊള്ളുമല്ലോ. അപ്പോൾ വിഷയം പാർട്ടിയുടെ തെറ്റുതിരുത്തൽ രേഖയിലെ മതകാര്യങ്ങൾ സംബന്ധിച്ച ആ പരാമർശമൊന്നുമാകാനിടയില്ല. അതിനപ്പുറം എന്തൊക്കെയോ ഉണ്ടാകാം മനോജിന്റെ മനസിൽ. ആയിക്കോട്ടെ!
ഒരാൾക്ക് എപ്പോൾ വേണമെങ്കിലും തന്റെ ആശയങ്ങളിലും നിലപാടുകളിലും ഒക്കെ മാറ്റം വരുത്താൻ ജനാധിപത്യം അനുവദിക്കുന്നുണ്ട്. വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രവും പാർട്ടിയുമൊക്കെ ഇങ്ങനെ മാറാം. അതു കാലുമാറ്റമെന്നോ അവസരവാദമെന്നോ ഒക്കെയുള്ള ആക്ഷേപങ്ങൾ ഉണ്ടാകുമെങ്കിലും അതൊന്നും കണക്കിലെടുക്കേണ്ട കാര്യമില്ല. ആ നിലയിൽ ഡോ.കെ.എസ്. മനോജിനും പാർട്ടിവിടാം. മറ്റൊരു പാർട്ടിയിൽ ചേരുകയും ചെയ്യാം. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. പ്രത്യേകിച്ചും ആലപ്പുഴ പോലൊരു പാർളമെന്റ് മണ്ഡലത്തിൽ നുന്നും പാർട്ടിയ്ക്ക് ഒരു വിജയം ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സഹായിച്ചിട്ടുണ്ട് എന്നതു കൂടി കണക്കിലെടുക്കുമ്പോൾ.
പക്ഷെ ഒന്നു ചോദിയ്ക്കുവാനുള്ളത് മതവിശ്വാസങ്ങളോട് സി.പി.എം പാർട്ടിയുടെ സമീപനവും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സമീപനവും തമ്മിലുള്ള വ്യത്യാസം എം.പി ആയി മത്സരിയ്ക്കാൻ സമയത്തൊന്നും ശ്രീ. മനോജിന് അറിയില്ലായിരുന്നോ? സി.പി.എം ഒരു മതവിരുദ്ധ പ്രസ്ഥാനം എന്ന നിലയിലല്ല പ്രവർത്തിയ്ക്കുന്നത്. ഈ ബഹുമത സമൂഹത്തിൽ അത് പ്രയാസവുമാണ്. മതേതര പ്രസ്ഥാനങ്ങൾ എന്നു പറഞ്ഞാൽ മതരഹിത പ്രസ്ഥാനങ്ങൾ എന്നല്ല അർത്ഥമാക്കുന്നത്. അത് കോൺഗ്രസ്സ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും.
സി.പി.എമ്മിലും കോൺഗ്രസ്സിലുമൊക്കെ പ്രവർത്തിയ്ക്കുന്നവർ ബഹുഭൂരിപക്ഷവും ഏതെങ്കിലും മതങ്ങളിൽ വിശ്വസിയ്ക്കുന്നവരും കൂടിയാണ്. മതവിശ്വാസം ഇല്ലാത്തവരും ഈ രണ്ട് പ്രസ്ഥാനങ്ങളിലും ഉണ്ട്. എനിയ്ക്കറിയാവുന്ന യുക്തിവാദി സംഘത്തിന്റെ ഒരു ജില്ലാ സെക്രട്ടറി കെ.പി.സി.സി മെമ്പറാണ്. ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാകാത്ത കോൺഗ്രസ്സ് നേതാക്കൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസ്സിൽ നിന്നും ആരും വിട്ടു പോയിട്ടില്ല.
സി.പി.എമ്മിൽ ഉള്ളവരിൽ നല്ലൊരുപങ്കും പണ്ടും ഇപ്പോഴും ഏതെങ്കിലും മതത്തിന്റെ ആരാധനാ രീതിയും മറ്റും പിന്തുടരുന്നവരാണ്. എം.പി ആയതിനുശേഷം സ്വന്തം മതാചാരങ്ങൾ പിന്തുടരുന്നതിൽ പാർട്ടി ഡോ. മനോജിനെ മാത്രമായി വിലക്കിയതായി കേട്ടിട്ടില്ല. പാർട്ടി തിരുത്തൽ രേഖയിൽ അങ്ങനെ ഒരു പരാമർശം വന്നത് ചില അനഭിലഷണീയ പ്രവണതകൾ കണ്ടെത്തിയതുകൊണ്ടാണ്. വർഗ്ഗീയതയും തീവ്രവാദവും മറ്റും വളർന്നു വരുന്ന ഒരു സാഹചര്യത്തിൽ മതപരമായ കാര്യങ്ങളിൽ അല്പം ചില സൂക്ഷ്മതകൾ പാർട്ടിയുടെ നേതാക്കന്മാർ പുലർത്തണം എന്നു പറഞ്ഞിട്ടുണ്ടാകും.
കാരണം പലരും മതം ഒരു വിശാസം എന്നതിനേക്കാൾ വികാരമായും, അലങ്കാരമായും ഒക്കെ കൊണ്ട് നടക്കുന്നത് മറ്റുള്ളവരുടെ ദൃഷ്ടിയിൽ ചില തെറ്റിദ്ധാരണകൾക്കിടയാക്കും എന്നതാണ്. എന്നുവച്ച് തിരുത്തൽ രേഖ വന്നതിനുശേഷം പാർട്ടി പ്രവർത്തകർ അമ്പലങ്ങളിലോ, പള്ളികളിലോ ചർച്ചുകളിലോ പോകാതിരിയ്ക്കുന്നില്ല. അങ്ങനെ പോയതിന്റെ പേരിൽ ആരുടെ പേരിലും നടപടിയെടുത്തിട്ടില്ല.
എന്നാൽ മതത്തിനുപരി മറ്റൊന്നുമില്ലെന്നും, മതവിശ്വാസത്തെക്കാൾ മഹത്തരമായ മറ്റൊരു വിശ്വാസവും ഇല്ലെന്നും ഉള്ള തരത്തിൽ ഒരു നിലപാട് കമ്മ്യൂണിസ്റ്റ്കാർക്കു സ്വീകരിയ്ക്കാൻ കഴിയില്ല. ഏതെങ്കിലും ഒരു വിശ്വാസം മനുഷ്യന് എന്തെങ്കിലും ആശ്വാസം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ അതിനെ എതിർക്കേണ്ടതില്ലെന്ന നിർദ്ദോഷവും ജനാധിപത്യപരവുമായ ഒരു നിലപാടെടുക്കുവാനേ കമ്മ്യൂണിസ്റ്റുകാർക്ക് പറ്റു. മതത്തെ പ്രകോപിപ്പിയ്ക്കുവാൻ പോകില്ല്ലെന്നല്ലാതെ മതങ്ങളെ വളർത്താനോ നിലനിർത്താനോ ഉള്ള ബാദ്ധ്യത കമ്മ്യൂണിസ്റ്റുകാർക്കില്ല. ഏതു വിശ്വാസമായാലും മനുഷ്യനെ ചൂഷണം ചെയ്യരുതെന്നും സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ഉള്ളതാണ് കമ്മ്യൂണിസ്റ്റുകൾക്ക് താല്പര്യപ്പെടാവുന്ന കാര്യം.
ഇതൊന്നും അറിയാതെയാണ് ഡോ.കെ.എസ്. മനോജ് സി.പി.എമ്മിൽ ചേർന്നതെന്നോ എം.പി ആയതെന്നോ കരുതാൻ ആകില്ല. അത്രയ്ക്ക് അറിവില്ലാത്ത ശിശുവൊന്നുമായിരുന്നില്ലല്ലോ അദ്ദേഹം. അല്പം പാണ്ഡിത്യമൊക്കെ ഉള്ള ആളുതന്നെ ആയിരുന്നില്ലേ? സി.പി.എം അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് അദ്ദേഹം ഒരു മത വിശ്വാസിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആയിരുന്നു. അദ്ദേഹം എം.പിയും പാർട്ടി മെമ്പറും ഒക്കെ ആയിക്കഴിയുമ്പോൾ മതം ഉപേക്ഷിയ്ക്കുമെന്ന് പാർട്ടി പ്രതീക്ഷിയ്ക്കുകയോ അങ്ങനെ ആഗ്രഹിയ്ക്കുകയോ ചെയ്തിട്ടില്ല.
അദ്ദേഹത്തെ ഒരു സ്ഥാനാർത്ഥിയാക്കുമ്പോഴുള്ള വിജയസാദ്ധ്യത അന്നൊരു മുഖ്യ പരിഗണനാവിഷയം തന്നെ ആയിരുന്നു. എന്നാൽ അതുമാത്രമല്ലല്ലോ. മതരംഗത്തുൾപ്പെടെ അദ്ദേഹം നടത്തിയിട്ടുള്ള മനുഷ്യ സേവാപരമായ പ്രവർത്തനങ്ങൾ കൂടി കണ്ടിട്ടാണ് സി.പി.എം അദ്ദേഹത്തെ ഈ പാർട്ടിയുടെ ഭാഗമാക്കി നിർത്താൻ ആഗ്രഹിച്ചിട്ടൂള്ളത്. ഒരു പാർളമെന്റു മണ്ഡലം പിടിയ്ക്കുക എന്നതിലുപരി ഡോ.കെ.എസ്.മനോജിന് നൽകിയ ഒരു അംഗീകാരവും അവസരവും കൂടിയായി കരുതിയെങ്കിലും പാർട്ടിയെ നിന്ദിയ്ക്കാതിരിയ്ക്കാമായിരുന്നു അദ്ദേഹത്തിന്!
എന്തായാലും എല്ലാ രാഷ്ട്രീയപാർട്ടിക്കാരും, കോൺഗ്രസ്സ് ആകട്ടെ കമ്മ്യൂണിസ്റ്റ് ആകട്ടെ ഓർക്കേണ്ട ഒരു കാര്യമുണ്ട്. പാർട്ടിക്കുവേണ്ടിയും പാർട്ടിയ്ക്കുള്ളിൽ നിന്ന് ജനങ്ങൾക്കു വേണ്ടിയും അഹോരാത്രം പ്രയത്നിക്കുന്ന പലർക്കും പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാതിരുന്നാലും സ്വന്തം പാർട്ടിയെ മരണം വരെ നെഞ്ചോട് ചേർത്തു പിട്യ്ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടിൽ. കോൺഗ്രസ്സിലും സി.പി എമ്മിലും ഒക്കെ. അതുകൊണ്ട് സർവ്വതന്ത്ര സ്വതന്ത്രരെയും ബുദ്ധി മുഴുവൻ ആവാഹിച്ചുകയറ്റി ബുദ്ധിജീവിപ്പട്ടം നേടിയവരെയുമൊക്കെ പൊക്കിയെടുത്ത് വലിയ വലിയ സിംഹാസനങ്ങളിലൊക്കെ ഇരുത്തുമ്പൊൽ ഇനിയെങ്കിലും ചില കരുതലുകൾ വേണം.
സി.പി.എമ്മിനു ഇത്തരക്കാരിൽ നിന്നും പണികിട്ടുന്നത് അടുത്ത കാലത്ത് കൂടിവരികയാണ്. ബിദ്ധിജീവിയും സർവതന്ത്ര സ്വതന്ത്രന്മാനുമൊന്നും അല്ലാത്ത പാർട്ടി പ്രവർത്തകരെത്തന്നെ പലവട്ടം എം.പിയും , എം.എൽ.എയുമൊക്കെ ആക്കുമ്പൊൾ അവർപിന്നെ പുഴ വിൽക്കണമെന്നും ചിലപ്പോൾ പാർട്ടിയെ തന്നെ വിറ്റും രാജ്യം വികസിപ്പിയ്ക്കണമെന്നുമൊക്കെ തോന്നുന്ന പ്രവണത ഏറുന്നുണ്ട്. എന്തായാലുമിത്തരക്കാരുടെ എണ്ണ പ്പെരുക്കം ഇനി ഉണ്ടാകാതെ സൂക്ഷിച്ചാൽ നന്ന്!
എന്തായാലും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും അർഹിക്കുന്ന ആദരവ് വച്ചുപുലർത്തുന്ന ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ഡോ. കെ.എസ്. മനോജിന്റെ അനവസരത്തിലെ അനുചിതമായ ഈ പാർട്ടിവിടലിൽ ഒരു പ്രതിഷേധം ഉള്ളിലുണ്ടായത് വിനയപൂർവ്വം പ്രകടിപ്പിയ്ക്കാൻ ഈ പോസ്റ്റ് സമർപ്പിയ്ക്കുന്നു.